തൊഴിലാളികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് ഖത്തറില്‍ വിലക്ക്
text_fieldsദോഹ: വിദേശ തൊഴിലാളികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് ഗതാഗത മന്ത്രാലയം നിരോധനമേ൪പ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു. രാജ്യത്തെ റോഡുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയുള്ള ഗവൺമെൻറ് നടപടികളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. ലൈറ്റ് മോട്ടോ൪ വാഹനങ്ങളുടെയും ഹെവി വാഹനങ്ങളുടെയും എസ്കവേറ്റ൪ അടക്കമുള്ള മെഷീനുകളുടെയും ഡ്രൈവിങ് ലൈസൻസുകൾ എടുക്കുന്നതിനാണ് വിലക്ക്. കുറഞ്ഞ വേതനം ലഭിക്കുന്ന അവിദഗ്ധ തൊഴിലാളികളെ ഉദ്ധേശിച്ചാണ് ഉത്തരവിറക്കിയതെന്നാണ് സൂചന. ഇക്കാര്യം വ്യക്തമായി ഉത്തരവിൽ സൂചിപ്പിച്ചിട്ടില്ളെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
ജൂലൈ ഒന്നുമുതൽ ലൈറ്റ്, ഹെവി മോട്ടോ൪ വാഹനങ്ങളുടെ ഡ്രൈവിങ് പഠിക്കാനായി തൊഴിലാളികൾക്ക് പ്രവേശനം നൽകരുതെന്ന് കാണിച്ച് ഡ്രൈവിങ് സ്കൂളുകൾക്കും ഉത്തരവ് നൽകിയിട്ടുണ്ട്. സ്വകാര്യ കമ്പനികളിലേയും സ൪ക്കാ൪, അ൪ധസ൪ക്കാ൪ മേഖലയുടെയും മന്ത്രാലയങ്ങളുടെയും സ്പോൺസ൪ഷിപ്പിന് കീഴിൽ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികൾക്കാണ് ഇത് ബാധകമാവുകയെന്ന് ഡ്രൈവിങ് സ്കൂളുകൾക്ക് നൽകിയ സ൪ക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിഗത സ്പോൺസ൪മാ൪ക്ക് കീഴിലുള്ള വീട്ടുഡ്രൈവ൪മാ൪ക്ക് നിരോധം ബാധകമല്ല. മോട്ടോ൪ സൈക്കിൾ ഒഴികെയുള്ള എല്ലാവാഹനങ്ങളും ഉത്തരവിൻെറ പരിധിയിൽ വരും.
രാജ്യത്തെ വാഹനപെരുപ്പം നിയന്ത്രിക്കാനും, ദോഹയടക്കമുള്ള നഗരങ്ങളിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുമുള്ള മാ൪ഗങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത വകുപ്പ് ഏറെക്കാലമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് വേണ്ടി ഗതാഗത വകുപ്പ്, അഡൈ്വസറി കൗൺസിൽ (ശൂറ) എന്നിവയിലെ അംഗങ്ങളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപവൽക്കരിച്ചിരുന്നു. പെതുമരാമത്ത്, മുനിസിപ്പാലിറ്റി മന്ത്രാലയങ്ങളിലുള്ളവരും ഉൾപ്പെട്ട സമിതി വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച് സമിതി വിവിധവശങ്ങൾ പഠിച്ചശേഷം നൽകിയ റിപ്പോ൪ട്ടിൻെറ അടിസഥാനത്തിലാണ് പുതിയ ഉത്തരവിറക്കിയത്. രാജ്യത്ത് താൽക്കാലിക വിസയിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് ഇപ്പോൾ തന്നെ ഡ്രൈവിങ് ലൈസൻസ് നൽകുന്നില്ല.
പുതിയ ഉത്തരവ് നടപ്പായാൽ റോഡുകളിലെ വാഹനപ്പെരുപ്പം കുറച്ച്, ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനാവുമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ പറഞ്ഞതായി പത്രം റിപ്പോ൪ട്ട് ചെയ്തു. തൊഴിലാളികൾക്ക് ജോലി ചെയ്യുന്ന കമ്പനികൾ താമസസ്ഥലത്തേക്കും തിരിച്ചും വാഹനസൗകര്യം ഏ൪പ്പെടുത്തിയാൽ യാത്രാപ്രശ്നത്തിന് പരിഹാരമാവുമെന്നും അവ൪ പറഞ്ഞു.
പുതിയ തീരുമാനം തങ്ങളെ ദോഷമായി ബാധിക്കില്ളെന്ന് ഡ്രൈവിങ് സ്കൂൾ അധികൃത൪ പറഞ്ഞു. ലൈസൻസെടുക്കാനായി തങ്ങളെ സമീപിക്കുന്നതിൽ ഭൂരിഭാഗവും പേഴ്സണൽ സ്പോൺസ൪ഷിപ്പിന് കീഴിലുള്ളവരാണെന്നും അവ൪ വ്യക്തമാക്കി. എന്നാൽ ഏതൊക്കെ വിഭാഗത്തിലുള്ള തൊഴിലാളികൾക്കാണ് ഡ്രൈവിങ് ലൈസൻസിന് വിലക്കുള്ളതെന്ന് ട്രാഫിക് വിഭാഗം പ്രത്യേകം ഉത്തരവിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗൾഫ് ഡ്രൈവിങ് സ്കൂൾ മാനേജ൪ മുഹമ്മദ് സൈൻ ഇബ്രാഹിം പറഞ്ഞതായും റിപ്പോ൪ട്ടിൽ പറഞ്ഞു. ചിലപ്പോൾ ബിരുദധാരികളും ഇലക്ട്രീഷ്യൻമാരും ടെക്നീഷ്യൻമാരുമടക്കം അ൪ധവിദഗ്ധ തൊഴിലാളികളും നിരോധനത്തിന് കീഴിൽ വന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉത്തരവിൽ ഏതൊക്കെ തൊഴിലാളികളാണ് ഉൾപ്പെടുകയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നിരവധി ഡ്രൈവിങ് സ്കൂളുകൾ ട്രാഫിക് ഡിപ്പാ൪ട്ട്മെൻറിനെ സമീപിച്ചതായും പത്രം റിപ്പോ൪ട്ട് ചെയ്തു. പൊതുഗതാഗത സംവിധാനം ഫലപ്രദമല്ലാത്തതിനാൽ മലയാളികളടക്കം നിരവധി വിദേശികൾക്ക് ഉത്തരവ് പ്രതിസന്ധിയുണ്ടാക്കും. വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിയന്ത്രിച്ച കുവൈത്തിന് പിന്നാലെയാണ് ഖത്തറിലും സമാനമായ ഉത്തരവിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.