തിരുവനന്തപുരം: സോളാ൪ തട്ടിപ്പു കേസിലെ പ്രതികളുമായുള്ള ബന്ധത്തിൻെറ പേരിൽ മുഖ്യമന്ത്രിക്ക് പിന്നാലെ കുടുങ്ങിയ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനെതിരെ കോൺഗ്രസിൽ പടയൊരുക്കം. കെ.പി.സി.സി ഭാരവാഹിത്വത്തിലുള്ള ചില പ്രമുഖ എ ഗ്രൂപ്പ് നേതാക്കളാണ് തിരുവഞ്ചൂരിനെതിരായ നീക്കത്തിന് ചരടുവലിക്കുന്നത്.
സരിത, ശാലുമേനോൻ ബന്ധങ്ങളിൽ കുടുങ്ങിയ തിരുവഞ്ചൂരിനെ മന്ത്രിസ്ഥാനത്തുനിന്നോ കുറഞ്ഞപക്ഷം ആഭ്യന്തരവകുപ്പിൻെറ ചുമതലയിൽനിന്നോ പുകച്ചുചാടിക്കാൻ കിട്ടിയ മികച്ച അവസരമായാണ് ഇതിനെ അവ൪ കാണുന്നത്. മുഖ്യമന്ത്രിയിൽനിന്ന് ആഭ്യന്തരവകുപ്പ് ഏറ്റെടുത്തതുമുതൽ തിരുവഞ്ചൂരുമായി സ്വരച്ചേ൪ച്ചയിലല്ലാത്ത ഇവ൪ വകുപ്പിൽ അദ്ദേഹം തുടരുന്നതിനോട് യോജിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മുൻ പേഴ്സനൽസ്റ്റാഫംഗം ടെന്നി ജോപ്പൻെറ അറസ്റ്റിനെ പോലും സംശയത്തോടെയാണ് ഇവ൪ കാണുന്നത്. ഇതിനെച്ചൊല്ലി എ ഗ്രൂപ്പിൽ ത൪ക്കവും രൂക്ഷമായി.
സരിതയുമായി മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ടെലിഫോണിൽ സംസാരിച്ചിരുന്നതിൻെറ തെളിവ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തട്ടിപ്പിന് സരിതക്ക് ഒത്താശ ചെയ്തെന്ന് ആരോപണമുള്ള നടി ശാലുവിൻെറ അറസ്റ്റ് വൈകുന്നത് ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ മൂലമാണെന്ന ആരോപണം നിഷേധിക്കാൻ നടത്തിയ വാ൪ത്താസമ്മേളനത്തിൽ, തനിക്ക് നടിയെ അറിയില്ലെന്നും ക്ഷണം ഇല്ലാതിരുന്നിട്ടും ഗൃഹപ്രവേശചടങ്ങിൽ അവിചാരിതമായി പങ്കെടുക്കുകയായിരുന്നെന്നുമായിരുന്നു തിരുവഞ്ചൂരിൻെറ വിശദീകരണം.
അദ്ദേഹത്തിൻെറ വാദങ്ങൾ തെറ്റാണെന്ന് നടിയുടെ അമ്മയുടെ പ്രതികരണത്തോടെ വ്യക്തമായി. ഇന്നലെ നടി ശാലുവുമൊത്തുള്ള തിരുവഞ്ചൂരിൻെറ ഫോട്ടോകളും പുറത്തുവന്നു. തിരുവഞ്ചൂരിനെ മുൻകൂട്ടി ക്ഷണിച്ചിരുന്നെന്നും ചടങ്ങിനെത്തിയ മന്ത്രി ദീ൪ഘനേരം വീട്ടിൽ ചെലവഴിച്ചെന്നും നടിയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. ശാലുവുമായി തനിക്ക് ഒരു അടുപ്പവുമില്ലെന്ന് സ്ഥാപിക്കാൻ നടത്തിയ ശ്രമമാണ് ഇതോടെ പൊളിഞ്ഞത്.
കഴിഞ്ഞദിവസം ചേ൪ന്ന ഉന്നത എ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിൽ തിരുവഞ്ചൂരിനെതിരെ കടുത്ത വിമ൪ശമുണ്ടായി. ഐക്യരാഷ്ട്രസഭയുടെ അവാ൪ഡ് വാങ്ങി മുഖ്യമന്ത്രി മടങ്ങിയെത്തുമ്പോൾതന്നെ ജോപ്പനെ അറസ്റ്റ് ചെയ്ത ആഭ്യന്തരവകുപ്പിൻെറ നടപടിയാണ് സ്വന്തം ഗ്രൂപ്പിലെ നേതാക്കൾ മന്ത്രിക്കെതിരെ തിരിയാൻ കാരണം.
മാപ്പുസാക്ഷിയാക്കി പ്രശ്നം ഒതുക്കാമായിരുന്നിട്ടും ഒരു തെളിവും ഇല്ലാതെ ജോപ്പനെ അറസ്റ്റു ചെയ്തത് ന്യായീകരിക്കാൻ കഴിയില്ലെന്നും അവ൪ പറയുന്നു. നിയമസഭാ സമ്മേളനം നി൪ത്തിവെച്ചതോടെ ഇരുളടഞ്ഞ സോളാ൪ വിവാദത്തിന് ജോപ്പൻെറ അറസ്റ്റോടെയാണ് വീണ്ടും ജീവൻവെച്ചത്.
പ്രതിപക്ഷനേതാവിനെതിരെ അനാവശ്യവിമ൪ശം നടത്തി മുഖ്യമന്ത്രിയുടെ കുടുംബത്തെപോലും വിവാദത്തിലേക്ക് വലിച്ചിഴക്കുംവിധം തിരുവഞ്ചൂ൪ വഷളാക്കിയെന്നും അവ൪ കുറ്റപ്പെടുത്തുന്നു. അതേസമയം, സോളാ൪ തട്ടിപ്പ് പുറത്തുവന്നശേഷം എ ഗ്രൂപ്പിലെ മറ്റു മന്ത്രിമാ൪ നിശബ്ദരായിരുന്നപ്പോൾ തിരുവഞ്ചൂരാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ രംഗത്തുവന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവ൪ ചൂണ്ടിക്കാട്ടുന്നത്.
തിരുവഞ്ചൂ൪ ആഭ്യന്തരവകുപ്പ് ഏറ്റെടുത്തുമുതൽ അദ്ദേഹത്തിൻെറ പൊലീസ് ഭരണത്തിനെതിരെ എ ഗ്രൂപ്പിൽ ശക്തമായ വികാരമുണ്ട്. പാ൪ട്ടിക്കാരെയും നേതാക്കളെയും അവഗണിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പ്രവ൪ത്തനമെന്നാണ് പ്രധാനപരാതി. അതിലുള്ള അതൃപ്തിയാണ് ഗ്രൂപ്പ് യോഗത്തിലും പ്രതിഫലിച്ചത്.
അതിനിടെയാണ് ശാലുവുമായുള്ള ബന്ധം ഒളിക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞതുവഴി മന്ത്രി ഇപ്പോൾ പ്രതിരോധത്തിലായത്. തിരുവഞ്ചൂരിനെച്ചൊല്ലി എ ഗ്രൂപ്പിനുള്ളിലെ ത൪ക്കത്തിൽ നിശബ്ദത പാലിക്കാനാണ് ഐ ഗ്രൂപ്പിൻെറ തീരുമാനം. എ ഗ്രൂപ്പിനുള്ളിലെ ത൪ക്കം അവ൪തന്നെ തീ൪ക്കട്ടെയെന്നാണ് അവരുടെ കാഴ്ചപ്പാട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2013 8:47 AM GMT Updated On
date_range 2013-07-04T14:17:05+05:30തിരുവഞ്ചൂരിനെതിരെയും കോണ്‍ഗ്രസില്‍ പടയൊരുക്കം
text_fieldsNext Story