ആശുപത്രിയില്‍നിന്ന് ഫിറോസ് മുങ്ങി
text_fieldsതിരുവനന്തപുരം: സോളാ൪ തട്ടിപ്പു കേസിലെ മുഖ്യപ്രതികൾക്കൊപ്പം മറ്റൊരുകേസിൽ കൂട്ടുപ്രതിയായ ഇൻഫ൪മേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് മുൻ ഡയറക്ട൪ എ.ഫിറോസ് ഒളിവിലെന്ന് പൊലീസ്.
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഫിറോസ് നൽകിയ മുൻകൂ൪ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുട൪ന്ന് മുങ്ങുകയായിരുന്നുവത്രെ. അറസ്റ്റ് ചെയ്യാൻ ആശുപത്രിയിലെത്തിയ പൊലീസ് വെറുംകൈയോടെ മടങ്ങി. പൊലീസിൻെറ ഒത്താശയോടെയാണ് മുങ്ങിയതെന്ന ആക്ഷേപവും ശക്തമാണ്.
ഫിറോസ് സമ൪പ്പിച്ച മുൻകൂ൪ ജാമ്യപേക്ഷ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ബി.സുധീന്ദ്രകുമാ൪ ചൊവ്വാഴ്ച തള്ളി. കുറ്റകൃത്യത്തിൽ ഫിറോസിന് വ്യക്തമായ പങ്കുണ്ടെന്നാണ് കേസ് ഡയറി വ്യക്തമാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് പ്രതികളായ ബിജുരാധാകൃഷ്ണനും സരിത നായരുമൊത്ത് ഫിറോസും കുറ്റകൃത്യത്തിൽ പങ്കാളിയായി. ഫിറോസിൻെറ പങ്കാളിത്തം ചൂണ്ടിക്കാട്ടി സ൪ക്കാറിന് സമ൪പ്പിച്ച റിപ്പോ൪ട്ട് ചുവപ്പുനാടയിൽ കുരുങ്ങിയതാണ് അറസ്റ്റിന് വിലങ്ങുതടിയായത്. ഫിറോസിനെ മൂന്നാം പ്രതിയാക്കി 2010 നവംബറിൽ അഡീഷനൽ സി.ജെ.എം കോടതിയിൽ അന്വേഷണസംഘം റിപ്പോ൪ട്ട് സമ൪പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫിറോസിനെ അറസ്റ്റ് ചെയ്യാത്തതിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയില്ലെ്ളന്നും കോടതി വ്യക്തമാക്കി. സലീം കബീ൪ എന്ന ബിൽഡറെ 25 കോടി എ.ഡി.ബി വായ്പ വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെന്ന കേസിലാണ് മെഡിക്കൽ കോളജ് പൊലീസ് ബിജു, സരിത, ഫിറോസ് എന്നിവരെ പ്രതിചേ൪ത്ത് കേസ് രജിസ്റ്റ൪ ചെയ്തത്. ഈ കേസിൽ ഫിറോസിനെ അറസ്റ്റ് ചെയ്യുകയോ അദ്ദേഹം ജാമ്യമെടുക്കുകയോ ചെയ്തിരുന്നില്ല. സോളാ൪ തട്ടിപ്പ് വിവാദമായ പശ്ചാത്തലത്തിലാണ് ഫിറോസ് മുൻകൂ൪ ജാമ്യം തേടിയത്.
തനിക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായത് മുതൽ ഫിറോസ് തലസ്ഥാനത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മുൻകൂ൪ ജാമ്യാപേക്ഷ സമ൪പ്പിച്ചതും. ചികിത്സയിൽ കഴിയുന്ന വ്യക്തിയെ ആശുപത്രിയിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള അവസരമുണ്ടായിരുന്നെങ്കിലും പൊലീസ് ചെയ്തില്ല. ഫിറോസിന് മുൻകൂ൪ ജാമ്യം ലഭിക്കട്ടെയെന്ന നിലപാടിലായിരുന്നു പൊലീസെന്നും ആക്ഷേപമുണ്ട്.
ആശുപത്രിയിൽ കഴിയുന്ന ഒരാളെ അറസ്റ്റ് ചെയ്താൽ മനുഷ്യാവകാശ ലംഘനമായി ചിത്രീകരിക്കപ്പെടുമെന്നാണ് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനും പ്രതികരിച്ചത്.
ഹൈകോടതിയിൽനിന്ന് മുൻകൂ൪ ജാമ്യം നേടാനുള്ള അവസരം ഒരുക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
