അടി തെറ്റിയാല്‍
text_fieldsവഴിതെറ്റാതെ നടക്കുക എന്നത് രാഷ്ട്രീയത്തിൽ വലിയ പാടുള്ള കാര്യമാണ് എന്ന് തെറ്റയിലിന് അറിയാതിരിക്കില്ല. തെറ്റിയ വഴി പെണ്ണായും പണമായും മുന്നിൽ വരും. വഴി തെറ്റിപ്പോവുക എന്നത് വലിയ ഒരു തെറ്റാണെന്ന് തെറ്റയിലിന് ഇപ്പോൾ ബോധ്യപ്പെട്ടുകാണും. അടി തെറ്റിയാൽ ആനയും വീഴുമല്ലോ. ജോസ് തെറ്റയിലിന് രാഷ്ട്രീയ ജീവിതത്തിൻെറ താളമാണിപ്പോൾ തെറ്റിയിരിക്കുന്നത്. ഗണേഷ്കുമാ൪, സരിത നായ൪ കഥകൾ കാരണം ജനങ്ങൾ സീരിയലുകളും മലയാളി ഹൗസുമൊഴിവാക്കി വാ൪ത്തകൾ കണ്ടുതുടങ്ങുന്ന കാലത്താണ് ചൂടൻദൃശ്യങ്ങളിലെ നായകപ്പട്ടം കിട്ടിയത്. അതുകൊണ്ട് പൊതുബോധത്തിൽനിന്ന് എളുപ്പം മറഞ്ഞുപോവില്ല ഈ അങ്കമാലിക്കാരൻ. പൊതുജീവിതത്തിൻെറ ധാ൪മികത, വ്യക്തിജീവിതത്തിലെ സദാചാരം എന്നീ വിഷയങ്ങളെക്കുറിച്ച് ആളുകൾ സംസാരിക്കുമ്പോൾ വിഷയീഭവിക്കുന്ന രാഷ്ട്രീയക്കാരനിലൊരുവനുമായി മാറിയിരിക്കുന്നു ഈ 63ാം വയസ്സിൽ.
രാഷ്ട്രീയജീവിതം ഏതാണ്ട് പണ്ടാരമടങ്ങിയ മട്ടാണ്. വ്യക്തിജീവിതത്തിൻെറ കാര്യം കുടുംബക്കാരുടെ വേദനയായി നിൽക്കുകയും ചെയ്യും. പുരോഗമനപരമായ കാഴ്ചപ്പാടിൽ കാര്യങ്ങൾ കാണുന്നവ൪ തെറ്റയിലിൽ തെറ്റുകാണില്ല. ഉഭയകക്ഷി സമ്മതത്തോടെയുള്ള ശാരീരികവേഴ്ച ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമല്ല. യുവതി കരുതിക്കൂട്ടി കെണിയിൽ പെടുത്താൻ വേണ്ടിയാണ് വേഴ്ചയുടെ ദൃശ്യങ്ങൾ കാമറയിലാക്കിയത്. അത് പീഡനമോ ബലാത്സംഗമോ അല്ല. ഇന്ത്യൻ പീനൽ കോഡിലെ 375ാം വകുപ്പുപ്രകാരമുള്ള ബലാത്സംഗക്കുറ്റം കോടതിയിൽ തള്ളിപ്പോവാനേ ഇടയുള്ളൂ. എങ്കിലും സാങ്കേതികസൗകര്യങ്ങൾ വികസിച്ച കാലത്ത്, ദൃശ്യമാധ്യമങ്ങൾക്ക് നേരും നെറിയും കെട്ട കാലത്ത് ബ്ളാക്മെയിൽ ചെയ്യപ്പെടുന്ന ഒരു ഇരയായി ചരിത്രത്തിൽ സ്ഥാനപ്പെടും.
മകനെ വിവാഹം കഴിക്കാൻ അച്ഛനുമായി വേഴ്ചയിലേ൪പ്പെട്ട യുവതിയുടെ കരളലിയിക്കുന്ന കദനകഥ ഒരു ന്യൂജനറേഷൻ സിനിമക്കുള്ള വിഷയമാണ്. അവിഹിതത്തിൽ പുതിയ മാനങ്ങൾ തേടുന്ന പുത്തൻകൂറ്റുകാരുടെ അത്തരമൊരു ചിത്രത്തിൽ നായകവേഷത്തിന് സ്കോപ്പുണ്ട്. രാഷ്ട്രീയത്തിൽ ഇനി വലിയ ഭാവിയില്ല. പിന്നെ അറിയാവുന്ന മേഖല സിനിമയാണ്. അതിൽ അഗാധമായ പാണ്ഡിത്യമുണ്ട്. പണ്ട് ലോ കോളജിൽ പഠിക്കുന്ന കാലത്ത് മമ്മൂട്ടിയോടൊപ്പം ബ൪ഗ്മാൻെറ പടം കാണാൻ പോയ ആളാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 1978ൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് പാസായിട്ടുമുണ്ട്. വീട്ടിൽ ക്ളാസിക്കുകളുടെ വലിയ ഒരു ശേഖരമുണ്ട്. സത്യജിത്ത് റായ് പ്രസിഡൻറും മൃണാൾസെൻ വൈസ് പ്രസിഡൻറുമായിരുന്ന ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ സംസ്ഥാനതല ഓ൪ഗനൈസറായിരുന്നു. അടൂരും അരവിന്ദനും ഷാജിയും കെ.ആ൪. മോഹനനുമെല്ലാം അന്നു കിട്ടിയ സൗഹൃദങ്ങൾ. കുട്ടിസ്രാങ്കിൽ അഭിനയിച്ചുകൂടേ എന്ന് ഷാജി എൻ. കരുൺ പല തവണ ചോദിച്ചിട്ടുണ്ട്. അത് സ്നേഹപൂ൪വം നിരസിച്ചെങ്കിലും ‘നഖരം’ എന്ന കൊച്ചുസിനിമയിൽ വേഷമിട്ടു. കെ.ബി. ഗണേഷ്കുമാ൪ നായകവേഷത്തിൽ വന്ന സിനിമയിൽ ന്യായാധിപൻെറ വേഷമായിരുന്നു. ഏറെക്കാലം ഹൈകോടതിയിൽ അഭിഭാഷകനായിരുന്നതുകൊണ്ട് ന്യായാധിപവേഷം അവതരിപ്പിക്കാൻ അപരിചിതത്വമൊന്നും തോന്നിയില്ല. തിരക്കഥയും സംവിധാനവുമൊക്കെ മനസ്സിലെ ലക്ഷ്യങ്ങളായിരുന്നു. എളവൂ൪തൂക്കത്തെപ്പറ്റിയുള്ള ‘ഓൾ ഫോ൪ ഗോഡ്സ് സേക്ക്’ എന്ന ഡോക്യുമെൻററി സ്വന്തമായി സംവിധാനം ചെയ്യുകയും ചെയ്തു. എസ്. കുമാ൪ എന്ന മുൻനിര കാമറാമാൻ തന്നെ ദൃശ്യങ്ങളൊരുക്കി. ‘രാഷ്ട്രീയവും സിനിമയും’ എന്ന ഒരു പുസ്തകം തന്നെ എഴുതിവെച്ചിട്ടുണ്ട്. 1987 മുതൽ കേരള ചലച്ചിത്ര വികസന കോ൪പറേഷൻ ഡയറക്ട൪ ബോ൪ഡ് അംഗമായിരുന്നു. വിവിധ മാധ്യമങ്ങൾക്കായി ചലച്ചിത്രോത്സവങ്ങൾ റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. സകലകലാവല്ലഭനായതുകൊണ്ട് സംഗീതത്തിലുമുണ്ട് കമ്പം. ബാംഗ് ബീറ്റ്സ് എന്ന സംഗീത ട്രൂപ്പിൽ ഗായകനായിരുന്നു.
സെക്കുല൪ ജനതാദളിൻെറ കാര്യമാണ് കഷ്ടം. പിളരാൻ മാത്രം നേതാക്കളില്ലാതിരുന്നിട്ടും പിള൪ന്ന പാ൪ട്ടി. അഞ്ച് എം.എൽ.എമാരുമായി ഒരിക്കൽ നിയമസഭയിലെത്തിയ പാ൪ട്ടിയിൽ രണ്ടുപേരുടെ പ്രതിനിധിയായി മന്ത്രിയായ ആളാണ്. വീരേന്ദ്രകുമാ൪ പക്ഷം വിട്ടുപോയിട്ടും ഇടതുപക്ഷത്തെ വിടാതെ നിന്നതാണ്. ഇനി പാ൪ട്ടി, നേതാക്കളുടെ ക്ഷാമം നേരിടും. പിള൪പ്പിൽ സങ്കടപ്പെട്ടിട്ടുണ്ട്. മുന്നണി വിട്ടത് ഒരു പോളിസിയുടെ പേരിലായിരുന്നില്ല.
ടി.യു. തോമസ് തെറ്റയിലിൻെറയും ഫിലോമിനയുടെയും 12 മക്കളിൽ മൂന്നാമനായി 1950 ആഗസ്റ്റ് 17ന് ജനനം. തോമസ് അന്ന് കോൺഗ്രസിൻെറ പഞ്ചായത്ത് മെംബ൪. അങ്കമാലിക്കല്ലറയിൽ ഞങ്ങടെ സോദരരുണ്ടെങ്കിൽ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ കേട്ടുവള൪ന്ന ബാല്യം. ഏഴു പട്ടിണിപ്പാവങ്ങളുടെ മരണത്തിൽ കലാശിച്ച പൊലീസ് വെടിയൊച്ചയുടെ മുഴക്കം ഇപ്പോഴുമുണ്ടാവും കാതിൽ. വിമോചനസമരക്കാ൪ക്കെതിരെ പൊലീസ് വെടിവെക്കുമ്പോൾ അങ്കമാലി സെൻറ് ജോസഫ് സ്കൂൾ വിദ്യാ൪ഥി. പത്താംക്ളാസിൽ ഒന്നാമനായി പാസായശേഷം കാലടി ശ്രീശങ്കര കോളജിൽനിന്ന് സുവോളജിയിൽ ബിരുദം നേടി. എവിടെയും പഠിക്കാൻ മിടുക്കനായിരുന്നു. എഴുതിയ പരീക്ഷകളിലെല്ലാം ഉയ൪ന്ന മാ൪ക്ക്. ഫെഡറൽ ബാങ്കിൽ ജോലി കിട്ടിയെങ്കിലും പോവാൻ തോന്നിയില്ല. അക്കാലത്ത് കിട്ടാവുന്ന നല്ലൊരു ജോലി വേണ്ടെന്നുവെച്ച മകനെ അച്ഛൻ വീട്ടിൽ കയറ്റിയതുമില്ല. പിന്നീട് നിയമം പഠിക്കാൻ എറണാകുളം ലോ കോളജിൽ. കേരള സ്റ്റുഡൻറ്സ് യൂനിയനിലൂടെ രാഷ്ട്രീയപ്രവേശം. ലോ കോളജിലെ കെ.എസ്.യു യൂനിറ്റ് പ്രസിഡൻറു വരെയായി. അച്ഛൻ വീട്ടിൽ കയറ്റാത്ത കുട്ടിരാഷ്ട്രീയനേതാവിന് അമ്മ പിൻവാതിൽ തുറന്ന് ഭക്ഷണം കൊടുക്കുമായിരുന്നു. ആ അമ്മയാണ് ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയത്. 1975ൽ അഭിഭാഷകനായി എൻറോൾ ചെയ്ത് ഹൈകോടതിയിൽ പ്രാക്ടിസ് തുടങ്ങി. എറണാകുളം അഡീ. ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സ്പെഷൽ പ്രോസിക്യൂട്ടറും പിന്നീട് കേരള ഹൈകോടതിയിൽ സംസ്ഥാന സ൪ക്കാറിൻെറ പബ്ളിക് പ്രോസിക്യൂട്ടറുമായി.
1973ൽ അങ്കമാലി മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് കൺവീനറായിരുന്നു. ബാങ്കുകൾ ദേശസാത്കരിച്ചപ്പോൾ ആവേശത്തോടെ ഇന്ദിര ഗാന്ധിക്കു പിന്നിൽ അണിചേ൪ന്നുവെങ്കിലും പിന്നീട് അവരുടെ നയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അടിയന്തരാവസ്ഥയോടനുബന്ധിച്ച് കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ടു. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ജയപ്രകാശ് നാരായണിൻെറ നേതൃത്വത്തിനു പിന്നിൽ ഉറച്ചുനിന്നു. 1977ൽ ജനതാ പാ൪ട്ടിയിൽ ചേ൪ന്നു. താമസിയാതെ സംസ്ഥാന കമ്മിറ്റി അംഗമായി. 1980ൽ നാഷനൽ കൗൺസിൽ മെംബറായി. 1981ൽ ജില്ലാ വൈസ് പ്രസിഡൻറ്. 1988ൽ പാ൪ട്ടി ജനതാദളിൽ ലയിച്ചപ്പോൾ സംസ്ഥാന നി൪വാഹകസമിതിയംഗവും ദേശീയ കൗൺസിൽ അംഗവുമായി തുട൪ന്നു. 1989ൽ അങ്കമാലി നഗരസഭാ ചെയ൪മാനായി. അങ്കമാലി ചുമട്ടുതൊഴിലാളി യൂനിയൻ, പീടികത്തൊഴിലാളി യൂനിയൻ, കരിങ്കൽ ക്വാറി വ൪ക്കേഴ്സ് യൂനിയൻ തുടങ്ങിയ വിവിധ ട്രേഡ് യൂനിയനുകളിൽ പ്രവ൪ത്തിച്ചു. എ.പി. കുര്യനുശേഷം അങ്കമാലിയിൽനിന്ന് വിജയിച്ച് നിയമസഭയിലെത്തുന്ന ഇടതുപക്ഷ സ്ഥാനാ൪ഥിയെന്ന ബഹുമതി കിട്ടി. യു.ഡി.എഫിൻെറ പരമ്പരാഗത ഉരുക്കുകോട്ടയായ അങ്കമാലിയിൽ കോൺഗ്രസിൻെറ പി.ജെ. ജോയിയെ തോൽപിച്ചത് 6000 വോട്ടിന്. 2011ൽ കേരള കോൺഗ്രസിലെ ജോണി നെല്ലൂരിനെയാണ് പരാജയപ്പെടുത്തിയത്. തൃശൂ൪ അരണാട്ടുകര തേറാട്ടി കുരിയൻ വീട്ടിൽ മാത്യുവിൻെറ മകൾ ഡെയ്സിയാണ് ഭാര്യ. മക്കൾ ആദ൪ശും ആസാദും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
