ജയിലില്‍ വെടിയേറ്റ സംഭവം: അബൂസലിമിന്‍െറ തന്ത്രമെന്ന് സംശയം
text_fieldsമുംബൈ: അധോലോക നേതാവും 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതിയുമായ അബൂസലിമിന് ന്യൂമുംബൈയിലെ തലോജ ജയിലിനകത്തുവെച്ച് വെടിയേറ്റ സംഭവത്തിൽ ദുരൂഹത. ഇന്ത്യയിൽ സുരക്ഷിതനല്ലെന്ന വാദത്തിന് കരുത്തു പകരാനും തനിക്ക് അനുകൂലമായ പോ൪ച്ചുഗീസ് ഭരണഘടനാ കോടതി വിധി ഉടൻ നടപ്പാക്കിക്കാനുമായി അബൂസലിം തന്നെ ആസൂത്രണം ചെയ്തതാകാം ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഭരത് നേപ്പാളി സംഘത്തിലെ ഷാ൪പ് ഷൂട്ടറായ ദേവേന്ദ്ര ജഗ്താപാണ് വ്യാഴാഴ്ച രാത്രി ജയിലിലെ മെസിന് അടുത്തുവെച്ച് അബൂസലിമിനുനേരെ വെടിയുതി൪ത്തത്. വലതു കൈവിരലിന് നിസ്സാര പരിക്കാണ് ആക്രമണത്തിലുണ്ടായത്. ചികിത്സക്കുശേഷം സലിമിനെ ജയിലിലേക്കുതന്നെ കൊണ്ടുവന്നു. ജയിലിനകത്ത് തോക്ക് കടത്തിയതും ആക്രമണ ലക്ഷ്യവും കണ്ടെത്താൻ മഹാരാഷ്ട്ര സ൪ക്കാ൪ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ജയിലറെയും മൂന്ന് പൊലീസ് കോൺസ്റ്റബിൾമാരെയും സസ്പെൻഡ് ചെയ്തു. ’93ലെ സ്ഫോടന പരമ്പരക്കുശേഷം പിടികിട്ടാപ്പുള്ളിയായിരുന്ന അബൂസലിമിനെ 2005 ൽ പോ൪ച്ചുഗീസ് അധികൃതരാണ് ഇന്ത്യക്ക് കൈമാറിയത്. സലിമിന് 25 വ൪ഷത്തിലേറെ തടവു ലഭിക്കുന്നതോ വധശിക്ഷ ലഭിക്കുന്നതോ ആയ വകുപ്പുകൾ പ്രകാരം വിചാരണക്ക് വിധേയമാക്കുകയോ ശിക്ഷിക്കപ്പെടുകയോ അരുതെന്ന കരാറിൻെറ അടിസ്ഥാനത്തിലാണ് കൈമാറ്റം.
എന്നാൽ, ഇന്ത്യയിൽ എത്തിയതോടെ സലിമിനെതിരെ കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് വിചാരണ നടക്കുന്നത്. വധശിക്ഷക്കോ, ജീവപര്യന്തം തടവിനോ സാധ്യതയുള്ള വകുപ്പുകളാണ് ഇവ. ഇതിനെതിരെ അബൂ സലിം പോ൪ച്ചുഗീസ് ഭരണഘടനാ കോടതിയെ സമീപിച്ചിരുന്നു. സലീമിൻെറ വാദം അംഗീകരിച്ച പോ൪ച്ചുഗീസ് കോടതി 2012 ൽ കൈമാറ്റ കരാ൪ റദ്ദാക്കുകയും സലിമിനെ ഉടൻ തിരിച്ചയക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കോടതി വിധി റദ്ദാക്കിക്കാൻ പോ൪ച്ചുഗീസ് അധികൃതരുമായി ഇന്ത്യ ശ്രമം നടത്തിവരുന്നതിനിടെയാണ് ജയിലിനകത്ത് വെച്ച് വെടിയേൽക്കുന്നത്. മുംബൈ ഭീകരാക്രമണ കേസിൽ കുറ്റമുക്തരാക്കപ്പെട്ട ഇന്ത്യക്കാരായ രണ്ട് പ്രതികളുടെ അഭിഭാഷകൻ ശാഹിദ് ആസ്മി കൊലക്കേസിൽ പ്രതിയാണ് വെടിയുതി൪ത്ത ദേവേന്ദ്ര ജഗ്താപ്. വ്യാഴാഴ്ച വിചാരണക്ക് ഇയാളെ കോടതിയിൽ കൊണ്ടുപോയിരുന്നു. മടങ്ങിവരും വഴി തോക്ക് ജയിലിലേക്ക് കടത്തിയതാകാമെന്നാണ് സംശയിക്കുന്നത്.
അബൂസലിമിനെതിരായ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ദാവൂദ് ഇബ്രാഹിമിൻെറ വലംകൈ ഛോട്ടാ ഷക്കീൽ അവകാശപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ‘ഡി ’കമ്പനിയുടെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന തന്ത്രത്തിൽ വിദഗ്ധനായിരുന്ന അബൂസലിം പിന്നീട് ദാവൂദുമായി വഴിപിരിയുകയായിരുന്നു.
2010 ൽ ആ൪ത൪ റോഡ് ജയിലിനകത്തുവെച്ച് ദാവൂദ് സംഘത്തിലെ മുസ്തഫാ ദോസയും അബൂസലിമിനെ ആക്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
