അമ്മാവനൊപ്പം അരങ്ങേറാന്‍ അര്‍മാന്‍
text_fieldsമുംബൈ: അ൪മാൻ എന്നാൽ ആഗ്രഹം എന്ന൪ഥം. അമ്മാവനൊപ്പം മുംബൈയുടെ രഞ്ജി ക്രിക്കറ്റ് ടീമിൽ കളിക്കുകയെന്ന വലിയ ആഗ്രഹം സാക്ഷാത്കരിക്കുന്നതിൻെറ വക്കിലാണ് അ൪മാൻ ജാഫ൪ എന്ന 15കാരൻ. അടുത്ത സീസണിലേക്കുള്ള മുംബൈയുടെ രഞ്ജി ടീമിൽ സാധ്യതാപട്ടികയിലുൾപ്പെട്ട അ൪മാനൊപ്പം അമ്മാവൻ വസീം ജാഫറുമുണ്ട്. വസീമിനേക്കാൾ അ൪മാൻ ആരാധിക്കുന്ന സാക്ഷാൽ സചിൻ ടെണ്ടുൽകറും 30 അംഗ സാധ്യതാ ടീമിലുണ്ട്.
ആഭ്യന്തര ക്രിക്കറ്റിൽ റെക്കോഡുകളുടെ പെരുമഴ പെയ്യിച്ച അമ്മാവന് പിന്നാലെ അ൪മാനും ബാറ്റിങ്ങിൽ കരുത്തുകാട്ടിയാണ് രഞ്ജി ടീമിൻെറ വക്കിലെത്തുന്നത്. രഞ്ജിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയും (32) റൺസും (9155) വസീം ജാഫറിൻെറ പേരിലാണ്. സ്കൂൾ ക്രിക്കറ്റിൽ സൂപ്പ൪താരമാണ് വസീമിൻെറ അനന്തരവൻ അ൪മാൻ. കഴിഞ്ഞ ഫെബ്രുവരിയിൽ ഹാരിസ് ഷീൽഡ് അണ്ട൪ 16 സ്കൂൾ ക്രിക്കറ്റ് ഫൈനലിൽ 473 റൺസാണ് അ൪മാൻ അടിച്ചു കൂട്ടിയത്. റിസ്വി സ്പ്രിങ്ഫീൽഡിൻെറ താരമായ ഈ വലംകൈയൻ ബാറ്റ്സ്മാൻ ഐ.ഇ.എസ് വി.എൻ സുലെക്കെതിരെയായിരുന്നു ഈ ഹിമാലയൻ ഇന്നിങ്സ് കെട്ടിപ്പടുത്തത്. 395 പന്തുകൾ നേരിട്ട പയ്യൻ അന്ന് 16 സിക്സും 65 ഫോറുമടക്കമാണ് 473ലെത്തിയത്. ഹാരിസ് ഷീൽഡിൽ 403 റൺസെടുത്ത ചരിത്രം അമ്മാവൻ ജാഫറിനുണ്ട്. 2010ൽ അണ്ട൪ 14 മത്സരത്തിൽ 498 റൺസ് നേടി ഇൻറ൪ സ്കൂളിൽ റെക്കോഡിട്ടിട്ടുണ്ട്. അണ്ട൪ 19 ഇന്ത്യൻ ടീമിലും ഇപ്പോൾ മുംബൈ സാധ്യതാ ടീമിലുമുൾപ്പെട്ട കൂട്ടുകാരൻ സ൪ഫ്രാസ് ഖാൻെറ റെക്കോഡാണ് അന്ന് അ൪മാൻ തക൪ത്തത്. കഴിഞ്ഞ സീസണിൽ അണ്ട൪ 16 വിജയ് മ൪ച്ചൻറ് ട്രോഫി മുംബൈക്ക് നേടിക്കൊടുത്തതിൽ പ്രധാനി അ൪മാനാണ്. ആറു മത്സരങ്ങളിൽ നാല് സെഞ്ച്വറിയും ആറ് അ൪ധശതകവുമടക്കം 1046 റൺസാണ് പയ്യൻ അടിച്ചെടുത്തത്. ആദ്യമായാണ് ടൂ൪ണമെൻറിൽ ഒരു ബാറ്റ്സ്മാൻ ആയിരത്തിലധികം റൺസ് സ്വന്തമാക്കുന്നത്.
നിലവിലെ രഞ്ജി ജേതാക്കളായ മുംബൈയുടെ സാധ്യതാ ടീമിൽ ജാഫറിനും സചിനും പുറമെ സഹീ൪ ഖാനും അജിത് അഗാ൪ക്കറും ധവാൽ കുൽക്ക൪ണിയുമുണ്ട്. നെറ്റ്സിൽ സഹീറിൻെറ പന്ത് നേരിടാനുള്ള ഭാഗ്യവും ഈ സ്കൂൾ കുട്ടിക്ക് കൈവരുകയാണ്.
അവിശ്വസനീയമെന്നാണ് അ൪മാൻ ഈ നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. ‘എന്തു പറയണമെന്ന് എനിക്കറിയില്ല. വിശ്വസിക്കാൻ പറ്റുന്നില്ല. ഞാനും വസീംഭായിയും ഒരുമിച്ച് കളിക്കണമെന്നത് വാപ്പയുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു. സ്വപ്നം പുല൪ന്നതിൽ സന്തോഷമുണ്ട്’- അ൪മാൻ പറഞ്ഞു. സചിൻ സാറിനും അജിത് സാറിനും വസീം ഭായിക്കുമൊപ്പം പ്രാക്ടിസ് ചെയ്യാമെന്നതിൻെറ ത്രില്ലിലാണ് ഞാൻ. ഇക്കൊല്ലം ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. വാ൪ത്ത അദ്ഭുതപ്പെടുത്തിയെന്നും അവസാന ടീമിലിടം നേടാൻ കഠിനമായി ശ്രമിക്കുമെന്നും അ൪മാൻ കൂട്ടിച്ചേ൪ത്തു.
സ്വപ്നസാക്ഷാത്കാരമാണെന്നാണ് പിതാവും പരിശീലകനുമായ കലീം ജാഫ൪ പറയുന്നത്. ‘അമ്മാവനായ വസീമിനൊപ്പം അ൪മാൻ ബാറ്റ് ചെയ്യണമെന്നാണ് ആഗ്രഹം. ടീം സമ്മ൪ദത്തിലാവുമ്പോൾ എങ്ങനെ ഇന്നിങ്സ് കെട്ടിപ്പടുക്കാമെന്ന് വസീമിൽനിന്ന് അവൻ പഠിച്ചെടുക്കണമെന്നും എനിക്ക് മോഹമുണ്ട്.’-കലീം പറഞ്ഞു. സെലക്ട൪മാരുടെ നല്ല നീക്കമാണിതെന്നും ചെറുപ്പക്കാരിൽ അവ൪ വിശ്വാസമ൪പ്പിച്ചെന്നും ഇപ്പോൾ ഇംഗ്ളണ്ടിൽ കളിക്കുന്ന വസീം ജാഫ൪ അഭിപ്രായപ്പെട്ടു. പ്ളേയിങ് ഇലവനിൽ ഇടംതേടുമെന്ന് ഉറപ്പില്ലെങ്കിലും ഭാവിയിൽ മുംബൈയുടെയും ഇന്ത്യയുടെയും ആണിക്കല്ലാവും ഈ ബാറ്റ്സ്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
