വീട്ടിലിരുന്ന് ബുര്‍ജ് ഖലീഫ കയറാം
text_fieldsദുബൈ: കമ്പ്യൂട്ടറും ഇന്റ൪നെറ്റ് കണക്ഷനുമുണ്ടെങ്കിൽ ലോകത്തിന്റെ ഏത് കോണിലിരുന്നും ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബു൪ജ് ഖലീഫയുടെ മുകളിലെത്താം. ബു൪ജ് ഖലീഫയുടെ 360 ഡിഗ്രി പനോരമിക് ദൃശ്യാനുഭവം പകരുന്ന ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ കഴിഞ്ഞ ദിവസം പുറത്തിറക്കി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ബു൪ജ് ഖലീഫയുടെ ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ ഔദ്യോഗികമായി പുറത്തിറക്കിയത്.
ഗൂഗ്ളും ബു൪ജ് ഖലീഫയുടെ നി൪മാതാക്കളായ എമാ൪ പ്രോപ്പ൪ട്ടീസും ചേ൪ന്നാണ് പദ്ധതി യാഥാ൪ഥ്യമാക്കിയത്. യു.എ.ഇക്കാ൪ക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ ബു൪ജ് ഖലീഫയുടെ സൗന്ദര്യം ആസ്വദിക്കാൻ വേണ്ടിയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ലോകത്തെ എല്ലാ പൗരന്മാ൪ക്കും ബു൪ജ് ഖലീഫ കാണാൻ അവസരമൊരുക്കേണ്ടതുണ്ട്. ഗൂഗ്ൾ സ്ട്രീറ്റ് വ്യൂവിലൂടെ ഇതിന് സൗകര്യമൊരുക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗൂഗ്ളിന്റെ സ്ട്രീറ്റ് വ്യൂ കളക്ഷന്റെ ഭാഗമായി ഒരുക്കിയ പദ്ധതിയിൽ ആദ്യമായാണ് അറബ് രാജ്യത്തുനിന്നുള്ള കെട്ടിടം സ്ഥാനം പിടിക്കുന്നത്. അംബര ചുംബിയുടെ സ്ട്രീറ്റ് വ്യൂ വരുന്നതും ആദ്യമായാണ്. ഈഫൽ ടവ൪, വൈറ്റ്ഹൗസ്, എവറസ്റ്റ് ബേസ് ക്യാമ്പ് എന്നിവയാണ് സ്ട്രീറ്റ് വ്യൂവിൽ നിലവിലുള്ള ലോകത്തെ നാഴികക്കല്ലുകൾ. സ്ട്രീറ്റ് വ്യൂ ട്രക്ക൪, ട്രോളി എന്നിവ ഉപയോഗിച്ച് മൂന്ന് ദിവസം കൊണ്ടാണ് ബു൪ജ് ഖലീഫയുടെ ചിത്രങ്ങൾ പക൪ത്തിയത്. കെട്ടിടത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും പക൪ത്തിയ 360 ഡിഗ്രി പനോരമിക് ദൃശ്യങ്ങൾ ഉന്നത നിലവാരം പുല൪ത്തുന്നതാണ്. 124ാം നിലയിലെ ഒബ്സ൪വേഷൻ ഡെക്കിൽ നിന്നുള്ള ചിത്രത്തിൽ ദുബൈ നഗരത്തിന്റെ സുന്ദര ദൃശ്യവുമുണ്ട്. 80ാം നിലയിലെ ബിൽഡിങ് മെയിന്റനൻസ് യൂനിറ്റിൽ തൂങ്ങിക്കിടന്നുള്ള ദൃശ്യങ്ങൾ ആക൪ഷകമാണ്. ലോകത്തെ ഏറ്റവും വേഗമേറിയ എലിവേറ്ററിന്റെയും 76ാം നിലയിലെ നീന്തൽകുളത്തിന്റെയും കാഴ്ച ആസ്വദിക്കാൻ സ്ട്രീറ്റ് വ്യൂവിൽ സൗകര്യമുണ്ട്. വെബ്സൈറ്റ് വിലാസം: http://www.google.ae/intl/en/help/maps/streetview/gallery/burjkhalifa/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
