തെറ്റയില്‍ പലതവണ ഫ്ളാറ്റില്‍ എത്തിയിരുന്നതായി സൂചന
text_fieldsആലുവ: തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നൽകിയ യുവതിയുടെ ആലുവയിലെ ഫ്ളാറ്റിൽ ജോസ് തെറ്റയിൽ എം.എൽ.എ പലവട്ടം വന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായതായി സൂചന. ഫ്ളാറ്റിലെ മറ്റ് താമസക്കാ൪, സമീപവാസികൾ തുടങ്ങിയവരിൽനിന്നാണ് ഈ വിവരം പൊലീസിന് ലഭിച്ചത്.
ഫ്ളാറ്റിൽ വെച്ച് രണ്ടുതവണ എം.എൽ.എ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ആരോപണങ്ങൾ തെറ്റാണെന്നും വീഡിയോ ദൃശ്യങ്ങൾ മോ൪ഫ് ചെയ്തതാണെന്നുമാണ് ജോസ് തെറ്റയിൽ പറഞ്ഞത്. എന്നാൽ, ഫ്ളാറ്റിലെ അദ്ദേഹത്തിൻെറ സന്ദ൪ശനം പൊലീസ് ഉറപ്പിച്ചതോടെ യുവതിയുടെ നിലപാടിന് കൂടുതൽ വിശ്വാസ്യത ലഭിച്ചിരിക്കുകയാണ്. പൊലീസ് തിങ്കളാഴ്ച ഫ്ളാറ്റിലെത്തി സന്ദ൪ശകരുടെ വിവരം രേഖപ്പെടുത്തുന്ന ലഡ്ജറും വെഹിക്കിൾ രജിസ്റ്ററും പരിശോധിച്ചു. രജിസ്റ്ററിൽ തെറ്റയിലിൻെറ വരവ് രേഖപ്പെടുത്തിയിട്ടില്ല. സെക്യൂരിറ്റിജീവനക്കാരനിൽനിന്ന് ഇതുസംബന്ധിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചില്ല. ഫ്ളാറ്റിൽ സ്ഥാപിച്ച കാമറയിൽ 10 ദിവസത്തെ ദൃശ്യങ്ങൾ മാത്രമാണുള്ളത്. സൈബ൪ സെല്ലിൻെറ സഹായത്തോടെ കാമറയിലെ കൂടുതൽ ദൃശ്യങ്ങൾ ലഭ്യമാക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞെങ്കിലും ഫയലുകൾ അന്വേഷണ ഉദ്യോഗസ്ഥ തിങ്കളാഴ്ച വൈകുന്നേരം വരെ ഏറ്റെടുത്തിട്ടില്ല.
തിങ്കളാഴ്ച യുവതിയുടെ മുറിയിലെത്തിയ പൊലീസ് പീഡനം സംബന്ധിച്ച കൂടുതൽ തെളിവെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൻെറ ഭാഗമായി മാത്രമെ അറസ്റ്റും മറ്റു നടപടികളും ഉണ്ടാകൂവെന്നാണ് സൂചന. എം.എൽ.എ ഹൈകോടതിയിൽ മുൻകൂ൪ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
