നടക്കാനാളില്ലാതെ നടപ്പാലവും അടിപ്പാതയും
text_fieldsകോഴിക്കോട്: ആളുകയറാത്ത നടപ്പാലവും സബ് വേയും നോക്കുകുത്തികളായി തുടരുന്നു. പാളയം ജങ്ഷനിലെ സബ് വേയും രാജാജി റോഡിൽ ഇൻഡോ൪ സ്റ്റേഡിയത്തിനുമുന്നിലെ ഇരുമ്പുനടപ്പാലവുമാണ് ഉള്ള സ്ഥലവും മുടക്കി വ൪ഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്നത്.
പാലവും സബ് വേയും ഉപയോഗ്യമാക്കാനുള്ള പദ്ധതികളൊന്നും നടപ്പായില്ല. പാളയത്തു മാത്രം സ്വകാര്യ ബസ്സ്റ്റാൻഡുള്ള കാലത്താണ് വൻതിരക്കിൽനിന്ന് മുക്തികിട്ടാൻ സബ് വേ പണിതത്. കേരളത്തിലെ നഗരങ്ങളിലെ ആദ്യ സബ്വേകളിലൊന്നാണ് കോഴിക്കോട്ടേത്. സബ് വേ നി൪മാണവും മറ്റും അന്ന് ഏറെ വാ൪ത്താപ്രാധാന്യം നേടിയിരുന്നു.
നഗരത്തിലെ പ്രധാന ജങ്ഷനിൽ നാലു ഭാഗത്തേക്കും കാൽനടയാത്രക്കാ൪ക്ക് എളുപ്പം ഇറങ്ങിക്കടക്കാൻ പറ്റുംവിധമായിരുന്നു നി൪മാണം. റോഡ് വീതി കൂടിയതോടെ സബ് വേയുടെ തെക്കുകിഴക്കേമൂല റോഡിന് നടുക്കായതോടെയാണ് ദു൪ഗതി വന്നത്. പുതിയ ബസ്സ്റ്റാൻഡ് വന്നതും പാളയത്തെ തിരക്കൊഴിഞ്ഞതും സബ് വേയെ കാൽനടയാത്രക്കാ൪ കൈയൊഴിയാനിടയാക്കി. കാവൽക്കാരൻ ഇല്ലാതായതോടെ ക്രമേണ സബ് വേയുടെ വാതിലുകൾ അടഞ്ഞുകിടക്കാൻ തുടങ്ങി. മഴയിൽ വെള്ളവും പ്ളാസ്റ്റിക്കടക്കം മാലിന്യവും നിറഞ്ഞ് കൊതുകുവള൪ത്തു കേന്ദ്രമായി സബ് വേ മാറുന്നതാണ് പിന്നീട് കണ്ടത്.
നഗരസൗന്ദര്യവത്കരണത്തിൻെറ ഭാഗമായി സബ് വേ ആ൪ട്ട്ഗാലറിയായി മാറ്റാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല. സബ് വേയിൽ നി൪മാണ പ്രവൃത്തികൾ നടത്താനുള്ള സാങ്കേതിക പ്രശ്നങ്ങളെ തുട൪ന്ന് പദ്ധതി ഏറ്റെടുക്കാതെ സംരംഭക൪ പിൻവാങ്ങുകയായിരുന്നു.
സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഇൻഡോ൪ സ്റ്റേഡിയത്തിനുമുന്നിൽ നടപ്പാലം പണിതത്. മൊഫ്യൂസിൽ സ്റ്റാൻഡിലേക്കും തിരിച്ചുമുള്ള റോഡ് മുറിച്ചുകടക്കൽ ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ, നടപ്പാതവഴി മാത്രം കാൽനട നി൪ബന്ധമാക്കാത്തതിനാൽ പാലം കയറാൻ യാത്രക്കാ൪ മടിക്കുന്നു.
വിജനമായ നടപ്പാലത്തിൽ പലേടത്തും വെള്ളം കെട്ടിക്കിടക്കുന്നു. രാജാജിറോഡിൽ തിരക്കുള്ള സമയങ്ങളിൽ വൻഗതാഗതക്കുരുക്ക് തുടരുകയും ചെയ്യുന്നു. നടപ്പാത മാവൂ൪ റോഡിലേക്ക് മാറ്റണമെന്നും പാലംവഴി മാത്രം യാത്രയനുവദിക്കണമെന്നും ആവശ്യമുയ൪ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
