ബഹുപ്രപഞ്ചത്തിന് തെളിവുമായി ശാസ്ത്രലോകം; സംഘത്തില്‍ ഇന്ത്യന്‍ വംശജനും
text_fieldsവാഷിങ്ടൺ: എത്ര ‘പ്രപഞ്ച’ങ്ങളുണ്ട് ഈ പ്രപഞ്ചത്തിൽ? എണ്ണമറ്റ ഗ്രഹങ്ങളും അനന്തകോടി നക്ഷത്രങ്ങളും ഗാലക്സികളും ഉൾക്കൊള്ളുന്ന നമ്മുടെ ഭാവനക്കതീതമായ ഒരൊറ്റ പ്രപഞ്ചമാണോ നിലനിൽക്കുന്നത്?
കാലങ്ങളായി ശാസ്ത്രലോകത്ത് ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. പ്രപഞ്ചം ഒന്നു മാത്രമല്ലെന്നും ഭൂമിയും സൂര്യനുമൊക്കെ ഉൾക്കൊള്ളുന്ന പ്രപഞ്ചത്തിന് സമാനമായി അനേകായിരം സമാന്തര പ്രപഞ്ചങ്ങൾ (മൾട്ടിവേഴ്സ്) ഉണ്ടെന്നുമുള്ള വാദം കാലങ്ങൾക്കു മുമ്പേയുണ്ട്. ഈ വാദത്തെ ബലപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചുകൊണ്ടിരിക്കുന്നതായാണ് പുതിയ റിപ്പോ൪ട്ടുകൾ. 15 വ൪ഷംമുമ്പ് അമേരിക്കയിലെ ഡെലാവ൪ സ൪വകലാശാലയിലെ ഗവേഷക൪ ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങളാണ് ഇപ്പോൾ ഏറക്കുറെ ശരിയെന്ന് വന്നിരിക്കുന്നത്. ഇവരുടെ വാദങ്ങൾക്ക് കൂടുതൽ തെളിവുകൾ ലഭ്യമായാൽ നിലനിൽക്കുന്ന പല ശാസ്ത്രസിദ്ധാന്തങ്ങളെയും തള്ളിക്കളയേണ്ടിവരും. ഇവരുടെ പഠനങ്ങൾ പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ ‘സയൻറിഫിക് അമേരിക്കനി’ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1997ൽ ഡെലാവ൪ സ൪വകലാശാലയിലെ സ്റ്റീഫൻ എം. ബാ൪, ഡേവിഡ് സെക്കൽ, വിവേക് അഗ൪വാൾ, ജോൺ എഫ്. ഡൊനോഫ് എന്നിവരാണ് സമീപഭാവിയിൽതന്നെ വലിയ ശാസ്ത്രക്കുതിപ്പിന് വഴിവെച്ചേക്കാവുന്ന പഠനങ്ങൾ നടത്തിയത്. ഇതിൽ വിവേക് അഗ൪വാൾ ഇന്ത്യൻ വംശജനാണ്. അക്കാലത്ത് ഗവേഷക വിദ്യാ൪ഥിയായിരുന്നു വിവേക്. പ്രപഞ്ചവിജ്ഞാനീയത്തിൽ ഏകകങ്ങളെ ഗണിതശാസ്ത്രപരമായി സമീപിക്കുന്നതിലുള്ള വൈരുധ്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഇവ൪ ബഹുപ്രപഞ്ചത്തിനുള്ള തെളിവുകൾ അവതരിപ്പിക്കുന്നത്.
പ്രപഞ്ചോൽപത്തിയെ വിശദമാക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തം രൂപപ്പെട്ട കാലം മുതലേ ബഹുപ്രപഞ്ചത്തെക്കുറിച്ച ചോദ്യം ശാസ്ത്രകാരന്മാ൪ ഉന്നയിക്കുന്നുണ്ട്. 1375 കോടി വ൪ഷംമുമ്പ് പ്രപഞ്ചം വലിയ ഒരു പൊട്ടിത്തെറിയിലൂടെ ഉണ്ടായി എന്നാണ് ശാസ്ത്രമതം. ഇതിന് തെളിവുകളുമുണ്ട്. ആൽബ൪ട്ട് ഐൻസ്റ്റൈൻെറ പൊതു ആപേക്ഷികതാ സിദ്ധാന്തവും വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. ശൂന്യാവസ്ഥയിൽനിന്നാണ് ഈ പ്രപഞ്ചം മുളപൊട്ടിയത്.
ആ പൊട്ടിത്തെറിയിൽ (ബിഗ് ബാങ്ങിൽ) ഒരു പ്രപഞ്ചം മാത്രമല്ല, അനേകം സമാന്തര പ്രപഞ്ചങ്ങൾ ഉണ്ടായി എന്നുമാണ് ‘ബഹുപ്രപഞ്ച’ സിദ്ധാന്തക്കാരുടെ വാദത്തിൻെറ കാതൽ. ഈ പ്രപഞ്ചങ്ങളിലൊക്കെ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ളതായും ഇവ൪ വാദിക്കുന്നു. പ്രപഞ്ചവിജ്ഞാനീയത്തിലെ പുതിയ സിദ്ധാന്തങ്ങളായ സ്ട്രിങ്, ബ്രേൻ തിയറികളെല്ലാം സൂചന നൽകുന്നതും ബഹുപ്രപഞ്ചം എന്ന ആശയത്തിലേക്കാണ്. 19ാം നൂറ്റാണ്ടിൻെറ അവസാനത്തിൽ വില്യം ജെയിംസിനെപോലുള്ള തത്ത്വചിന്തകരുടെ വാദങ്ങളാണ് ബഹുപ്രപഞ്ചം എന്ന ആശയത്തെ സജീവമാക്കിയത്. 12ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതനും തത്ത്വചിന്തകനുമായ ഫഖ്റുദ്ദീൻ റാസിയുടെ ‘മത്വാലിബ്’ എന്ന ഗ്രന്ഥമാണ് ബഹുപ്രപഞ്ചത്തെക്കുറിച്ച് സിദ്ധാന്തിക്കുന്ന പ്രഥമ രേഖയായി കണക്കാക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
