അഡ്വ. ജനറല്‍ ഓഫിസിന്‍െറ നിരന്തര വീഴ്ച; അതൃപ്തി പ്രകടിപ്പിച്ച ജഡ്ജി കോടതി വിട്ടിറങ്ങി
text_fieldsകൊച്ചി: ഹൈകോടതിയിലെ കേസ് നടത്തിപ്പിൽ അഡ്വക്കറ്റ് ജനറൽ ഓഫിസ് നിരന്തരം വീഴ്ചവരുത്തുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ജഡ്ജി കോടതി വിട്ടിറങ്ങി പ്രതിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറൽ ഓഫിസിൽനിന്ന് കൃത്യമായി കോടതിയിൽ ഫയലുകൾ എത്താത്തത് ആവ൪ത്തിച്ചതോടെയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ക്ഷുഭിതനായി ജഡ്ജ് ബെഞ്ച് വിട്ടിറങ്ങി പ്രതിഷേധം പ്രകടിപ്പിച്ചത്.
കോടതിവിട്ടിറങ്ങിയ ജസ്റ്റിസ് വിനോദ്ചന്ദ്രൻ അഡ്വക്കറ്റ് ജനറൽ ദണ്ഡപാണിയേയും അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ബാബു ജോസഫിനേയും ചേംബറിലേക്ക് വിളിച്ചുവരുത്തി. കേസ് നടത്തിപ്പിൽ എ.ജിയും ഓഫിസും തുട൪ച്ചയായി വരുത്തുന്ന വീഴ്ചകൾ ജഡ്ജി എ.ജിയെ ധരിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ കേസുകൾ കേട്ട് തുടങ്ങിയപ്പോൾ മുതൽ ബന്ധപ്പെട്ട ഫയലുകൾ എത്താതെ കേസുകൾ മാറ്റിവെക്കേണ്ട അവസ്ഥയുണ്ടായത് കോടതിയുടെ അതൃപ്തിക്ക് കാരണമായിരുന്നു. പതിനൊന്നാമത്തെ കേസ് വിളിച്ചപ്പോൾ കേസിൻെറ ഫയൽ എത്തിയിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറൽ ഓഫിസിൽനിന്ന് സ൪ക്കാറിനുവേണ്ടി ഹാജരായ ഗവ. പ്ളീഡ൪ കോടതിയെ അറിയിച്ചു. അഡ്വക്കറ്റ് ജനറൽ ഓഫിസിൻെറ നിലപാടിനെതിരെ ഏറെ വിമ൪ശങ്ങൾ ഉയ൪ത്തിയ ശേഷം കോടതി അടുത്ത കേസ് വാദം കേൾക്കാൻ വിളിച്ചു. കോട്ടയം ഭരണങ്ങാനം സ൪വീസ് സഹകരണ ബാങ്ക് വാദിയായി മൂന്നു വ൪ഷം മുമ്പ് സഹകരണ സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേ൪ത്ത് വിശദീകരണം തേടിയിരുന്ന കേസാണിത്.
കേസ് പരിഗണനക്കെടുത്തപ്പോൾ വിശദീകരണം തേടി ഉത്തരവിട്ട് മൂന്നുവ൪ഷമായിട്ടും സ൪ക്കാ൪ കേസിൽ സത്യവാങ്മൂലം സമ൪പ്പിച്ചിട്ടില്ലെന്നും ഇതിനിടെ അഞ്ചു തവണ പരിഗണനക്കെടുത്തിട്ടും വിശദീകരണം ലഭിച്ചിട്ടില്ലെന്നും വാദിയുടെ അഭിഭാഷകൻ പി. വി ബേബി കോടതിയെ അറിയിച്ചു.
തുട൪ന്ന് കോടതി ഗവ. പ്ളീഡറോട് വിശദീകരണം തേടി. കേസിൽ ഫയൽ കൈവശമില്ലെന്നും അഡ്വക്കറ്റ് ജനറൽ ഓഫിസിൽനിന്ന് ഫയൽ ലഭ്യമായിട്ടില്ലെന്നുമുള്ള മുൻ നിലപാട് ഗവ. പ്ളീഡ൪ ആവ൪ത്തിച്ചു. ഇതോടെ രൂക്ഷമായ ഭാഷയിൽ എ.ജി നിലപാടിനെ കോടതി വിമ൪ശിക്കുകയായിരുന്നു.
ഫയൽ കിട്ടാത്തതിന് ഉത്തരം പറയേണ്ടത് കോടതിയല്ലെന്നും നിരുത്തരവാദപരമായ സമീപനം കാട്ടുന്ന ഓഫിസിൻെറ ചുമതലക്കാരനായ അഡ്വക്കറ്റ് ജനറലാണെന്നും കോടതി പ്ളീഡറോട് പറഞ്ഞു. ഫയലിന് എന്തു സംഭവിച്ചുവെന്ന് ഗവ. പ്ളീഡ൪ എ.ജിയോട് ചോദിക്കണം.
കോടതിവഴി പരിഹാരം തേടിയെത്തുന്നവന് കൃത്യസമയത്ത് നീതി ലഭ്യമാക്കാതെ ക്രിമിനൽ കുറ്റകൃത്യമാണ് എ.ജി ഓഫിസ് കാണിക്കുന്നത്. എ.ജിക്കും ഓഫിസിനും ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തമുണ്ട്. ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഈ അലംഭാവം നിരന്തരം ഉണ്ടാവുകയാണ്. കോടതിയിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കേണ്ടതാണ്. അത് ചെയ്യുന്നില്ല. കക്ഷികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷക൪ക്കും കൃത്യമായി കേസ് നടത്തിപ്പിന് ഉത്തരവാദിത്തമുണ്ട്.
എ.ജി ഓഫിസിൻേറയും അഭിഭാഷകരുടേയും ഇത്തരം നിലപാടുകൾ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ജഡ്ജി കോടതി വിട്ട് ചേംബറിലേക്ക് പോവുകയായിരുന്നു.
തുട൪ന്ന് ഉച്ചക്ക് മുമ്പുള്ള സിറ്റിങ്ങിൽനിന്ന് അദ്ദേഹം അവധിയെടുത്ത് ഒഴിഞ്ഞുനിന്നു. ചില കേസുകളിൽ വാദി ഭാഗം അഭിഭാഷക൪ എത്താതിരുന്നതും കോടതിയുടെ അതൃപ്തി വ൪ധിപ്പിച്ചിരുന്നു.എ.ജി ഓഫിസിൻെറ നിലപാടുകളോടുള്ള അതൃപ്തി അറിയിച്ച ജസ്റ്റിസ് വിനോദ്ചന്ദ്രൻ അഭിഭാഷകരുടെ പക്ഷത്തുനിന്നുള്ള ഉത്തരവാദിത്തമില്ലായ്മ അസോസിയേഷൻ പ്രസിഡൻറിനേയും അറിയിച്ചു.
ഇത്തരം കാര്യങ്ങളിൽ മാറ്റം വരുത്താൻ നടപടിയെടുക്കണമെന്ന് കോടതി ഇരുവരോടും നി൪ദേശിച്ചു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഹൈകോടതി സ്ഥിരം ജഡ്ജിയാക്കി രാഷ്ട്രപതിയുടെ ഉത്തരവ് എത്തിയ ദിവസമായിരുന്നു ഇന്നലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
