ടി.പി വധം: പ്രതികള്‍ ചൊക്ളിയില്‍ ഒത്തുകൂടിയത് കണ്ടതായി മൊഴി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വധിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് എട്ടാംപ്രതി സി.പി.എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രൻ കൊടി സുനിയും മറ്റു നാല് പ്രതികൾക്കുമൊപ്പം ഒത്തുകൂടിയത് കണ്ടെന്ന് സാക്ഷിമൊഴി.
നേരത്തെ പ്രോസിക്യൂഷൻ ഒഴിവാക്കി കോടതിയനുമതിയോടെ വീണ്ടും വിളിപ്പിച്ച 162ാം സാക്ഷി പള്ളൂ൪ സജീന്ദ്രൻ മീത്തലാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടി മുമ്പാകെ മൊഴിനൽകിയത്.
2012 ഏപ്രിൽ 10ന് വൈകുന്നേരം അഞ്ചിന് ചൊക്ളി സമീറാ ക്വാ൪ട്ടേഴ്സിൽ ഒന്നാംപ്രതി അനൂപ്, മൂന്നാംപ്രതി കൊടിസുനി, 11ാം പ്രതി മനോജൻ, 12ാം പ്രതി ജ്യോതിബാബു എന്നിവ൪ വെള്ള ഷ൪ട്ടും മുണ്ടും ധരിച്ച അൽപം കഷണ്ടിയുള്ളയാളുമായി സംസാരിക്കുന്നത് കണ്ടതായി സജീന്ദ്രൻ സ്പെഷൽ പ്രോസിക്യൂട്ട൪ സി.കെ. ശ്രീധരൻ, അഡ്വ. പി. കുമാരൻകുട്ടി എന്നിവരുടെ വിസ്താരത്തിൽ മൊഴിനൽകി.
കഷണ്ടിയുള്ളയാൾ കെ.സി. രാമചന്ദ്രനാണെന്ന് സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. നേരത്തെയറിയാവുന്ന മറ്റു നാല് പ്രതികളെയും ഇയാൾ കോടതിയിൽ തൊട്ടുകാണിച്ചു. മോട്ടോ൪ ബൈക്കും ജീപ്പും ക്വാ൪ട്ടേഴ്സിന് മുന്നിൽ കണ്ടെന്നും സജീന്ദ്രൻ മൊഴിനൽകി.
ചന്ദ്രശേഖരനെ വധിക്കാൻ പ്രതികൾ കൊടി സുനി താമസിക്കുന്ന ചൊക്ളി സമീറാ ക്വാ൪ട്ടേഴ്സിൽ ഗൂഢാലോചന നടത്തിയെന്നും കെ.സി. രാമചന്ദ്രൻ മോട്ടോ൪ ബൈക്കിലും ജ്യോതിബാബു ജീപ്പിലുമത്തെിയെന്നുമാണ് പ്രോസിക്യൂഷൻ വാദം. ചൊക്ളി താഹാ ഓഡിറ്റോറിയത്തിനു സമീപം സുഹൃത്തിൻെറ വീട്ടിൽ പോയി തിരിച്ചുവരവെ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കൊടി സുനിക്കൊപ്പം മറ്റുള്ളവരെ കണ്ടതിനാലാണ് ശ്രദ്ധിച്ചത്. ടി.പി വധവുമായി ബന്ധപ്പെട്ട് ചൊക്ളിയിൽ ഗൂഢാലോചന നടന്നതായി പിന്നീടറിഞ്ഞതിനാലാണ് തീയതി ഓ൪മവെച്ചത് -സജീന്ദ്രൻ മൊഴിനൽകി.
ആ൪.എസ്.എസ് നേതാവും 86ാം സാക്ഷിയുമായ കാട്ടിൽ പുഷ്പരാജ് സമീറ ക്വാ൪ട്ടേഴ്സിൽ പ്രതികളെ കണ്ടതായി നേരത്തെ മൊഴിനൽകിയിരുന്നു. കെ.സി. രാമചന്ദ്രനെതിരെ സാക്ഷികളില്ലാത്തതിനാൽ ആ൪.എസ്.എസ് പ്രവ൪ത്തകരായ പുഷ്പരാജിനെയും സജീന്ദ്രനെയും സാക്ഷികളാക്കി എന്നാണ് പ്രതിഭാഗം അഭിഭാഷകരായ അഡ്വ. ബി. രാമൻപിള്ള, അഡ്വ. പി. ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വ. കെ. വിശ്വൻ എന്നിവ൪ ക്രോസ് വിസ്താരം നടത്തിയത്.
മാതൃഭൂമി പത്രത്തിൻെറ ഏജൻറാണ്. ആ൪.എസ്.എസ് അനുഭാവിയുമാണ്. എങ്കിലും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് വാ൪ത്തയൊന്നും മാതൃഭൂമിയിൽ കണ്ടിട്ടില്ല. സി.പി.എം പ്രവ൪ത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സജീന്ദ്രൻ പ്രതിയാണെന്നും സി.പി.എം പ്രവ൪ത്തക൪ പ്രതിയായ കേസുകളിൽ സ്ഥിരം സാക്ഷിയും ആ൪.എസ്.എസ് പ്രവ൪ത്തക൪ പ്രതിയാകുമ്പോൾ സ്ഥിരം ജാമ്യക്കാരനുമാണെന്നും പ്രതിഭാഗം ആരോപിച്ചു.
തനിക്ക് മൊബൈൽ ഫോൺ ഇല്ളെന്ന് സജീന്ദ്രൻ കോടതിയിൽ പറഞ്ഞു. കൈയിലുള്ള ഫോൺ ബന്ധുവിൻേറതാണ്. ചൊക്ളിയിൽ പ്രതികളെ കണ്ടെന്ന് പറയുന്ന സമയം അവിടെ ഇല്ലായിരുന്നുവെന്ന് മൊബൈൽ ഫോൺ രേഖകൾ വഴി കണ്ടത്തെുമെന്ന് ഭയന്ന് ഫോണില്ളെന്ന് കളവ് പറയുകയാണെന്ന പ്രതിഭാഗം വാദവും സജീന്ദ്രൻ നിഷേധിച്ചു. മാഹിക്കാരനായ സജീന്ദ്രനോട് ചൊക്ളിയിലെ റോഡുകളെപ്പറ്റിയുള്ള പ്രതിഭാഗം ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി പറയാനായില്ല.
29ാം പ്രതി കെ.പി. ദിപിൻ എന്ന കുട്ടൻെറ രക്തവും വിവിധ ഭാഗങ്ങളിലുള്ള മുടിയും ഫോറൻസിക് പരിശോധനക്കായി ശേഖരിച്ചത് താനാണെന്ന് 160ാം സാക്ഷി മെഡിക്കൽ കോളജ് ഫോറൻസിക് മെഡിസിനിലെ ഡോ. അജേഷ് മൊഴിനൽകി.
ടി.പിയെ വധിക്കാൻ പ്രതികൾ എത്തിയതായി പറയുന്ന ഇന്നോവ കാ൪ നേരത്തെ വിസ്തരിച്ച സാക്ഷി കെ.പി. നവീൻദാസിൻേറത് തന്നെയാണെന്ന് തലശ്ശേരി ജോ. ആ൪.ടി.ഒ ആയിരുന്ന 161ാം സാക്ഷി എം. രാജനും മൊഴിനൽകി. പൊലീസ് നൽകിയ സാക്ഷിപ്പട്ടികയിലില്ലാതിരുന്ന ജോ. ആ൪.ടി.ഒയെ പ്രോസിക്യൂഷൻ പുതിയ സാക്ഷിയായി വിസ്തരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
