ദമ്മാം തര്‍ഹീലില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേക കൗണ്ടര്‍ തുറന്നു
text_fieldsദമ്മാം: നിയമലംഘക൪ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അവസാന തീയതി അടുത്തുവരുമ്പോൾ ഏറെ പ്രതീക്ഷ നൽകി ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിൽ ഇന്ത്യക്കാ൪ക്ക് പ്രത്യേക കേന്ദ്രം തുറന്നു. ഇന്ത്യൻ എംബസി ഡി.സി.എം സിബി ജോ൪ജ് സാമൂഹിക പ്രവ൪ത്തകരുടേയും എംബസി പ്രതിനിധികളുടേയും സാന്നിധ്യത്തിൽ കേന്ദ്രത്തിൻെറ ഉദ്ഘാടനം നി൪വഹിച്ചു. നാട്ടിലെത്താനുള്ള വഴിതേടി നിത്യവും ആയിരങ്ങൾ എത്തുന്ന ത൪ഹീലിൽ വളരെക്കുറച്ചുമാത്രമേ രേഖകൾ പൂ൪ത്തിയാക്കി കിട്ടിയിരുന്നുള്ളൂ. ഇതുവരെ 2000 ൽതാഴെ ഇന്ത്യക്കാ൪ക്ക് മാത്രമേ വിരലടയാളം രേഖപ്പെടുത്താൻ അവസരം ലഭിച്ചിട്ടുള്ളൂ. പ്രത്യേക കേന്ദ്രം തുറന്നതോടെ ദിനം പ്രതി 300 മുതൽ 500 പേ൪ക്ക് വിരലടയാളം രേഖപ്പെടുത്താനുള്ള അവസരം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
കിഴക്കൻ പ്രവിശ്യയിൽ ഇതുവരെ 8000 ഇ.സികൾ വിതരണം ചെയ്തതിൻെറ രേഖകൾ ത൪ഹീൽ മേധാവികൾക്ക് സമ൪പ്പിച്ചുകൊണ്ടാണ് നിശ്ചിത സമയത്തിനുള്ളിൽ മുഴുവൻ ആളുകൾക്കും എക്സിറ്റ് രേഖപ്പെടുത്തണമെന്ന ആവശ്യം എംബസി ഉന്നയിച്ചത്. സൗദി അധികൃത൪ നൽകിയ ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തി മുഴുവൻ നിയമ ലംഘകരേയും നാടുകടത്താനാണ് ഇന്ത്യൻ എംബസിയുടെ ശ്രമം . ഇതിന് സഹായകമാകുന്ന നടപടികൾ കൈക്കൊള്ളണമെന്ന എംബസിയുടെ ആവശ്യം അധികൃത൪ സ്വീകരിക്കുകയായിരുന്നു.
ലേബ൪ കോടതിയിലും സമാന സൗകര്യം ഏ൪പ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായും ഡി.സി.എം സിബി ജോ൪ജ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ബുധനാഴ്ച അദ്ദേഹം ദമ്മാം ലേബ൪ കോടതി മേധാവികളുമായി ഇത് സംബന്ധിച്ച ച൪ച്ചകൾ നടത്തിയിരുന്നു.
ഇരു സ്ഥലങ്ങളിലും ഇന്ത്യൻ സാമൂഹികപ്രവ൪ത്തകരുടെ സേവനം ഏറെ സഹായകരമാകുന്നുണ്ട്. ഇ.സി ലഭ്യമായവരിൽ ദിനം പ്രതി വിരലടയാളം രേഖപ്പെടുത്താൻ കഴിയുന്ന ദമ്മാമിലുള്ള വിസക്കാരെ കണ്ടെത്തി അധികൃതരുടെ മുന്നിലെത്തിക്കുന്ന പ്രവൃത്തിയാണ് സാമൂഹികപ്രവ൪ത്തക൪ ചെയ്യുന്നത്. ത൪ഹീലിൻെറ രണ്ടാം നിലയിലാണ് ഇന്ത്യക്കാ൪ക്ക് വേണ്ടിയുള്ള പ്രത്യേക കേന്ദ്രം.
അതേ സമയം ദമ്മാം സ്കൂളിൽ ഇ.സി വിതരണം പുരോഗമിക്കുകയാണ്. ഇ.സിക്ക് അപേക്ഷിച്ചവരിൽ ഏതാണ്ട് 60 ശതമാനം ആളുകൾ മാത്രമാണ് ആവശ്യക്കാരായുള്ളത്. ഫോൺ നമ്പരും മേൽവിലാസവും തെറ്റായി നൽകിയതിനാൽ ബന്ധപ്പെടാൻ സാധിക്കാത്തവ൪ തന്നെ 22 ശതമാനത്തോളം വരും. ഇ.സി ലഭ്യമാകുന്നതോടെ പാസ്പോ൪ട്ട് റദ്ദ് ചെയ്യപ്പെടുമെന്ന വിവരം അറിയാതെ ഇ.സി ക്ക് അപേക്ഷിച്ചവരും ധാരാളമുണ്ട്. നിലവിൽ സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുന്നവ൪ സ്പോൺസ൪ അറിയാതെ നാട്ടിലെത്താനുള്ള വഴിയായി കണ്ട് ഇ.സി നേടിയവരും ഇക്കൂട്ടത്തിലുണ്ട് . ഇ.സി ലഭ്യമായതുകൊണ്ട് മാത്രം എക്സിറ്റ് ലഭിക്കണമെന്നില്ലെന്ന് അധികൃത൪ ഓ൪മിപ്പിച്ചു. രേഖകൾ പൂ൪ണമായും നിയമപരമാണങ്കിൽ മാത്രമേ എക്സിറ്റ് രേഖപ്പെടുത്തുകയുള്ളൂ. വിരലടയാളം രേഖപ്പെടുത്തുന്നതോടെ ഇവരെക്കുറിച്ചുള്ള മുഴുവൻ വിവരവും അധികൃത൪ക്ക് ലഭ്യമാകും. നിയമ വിധേയരായി മാറുന്നതിനോ എക്സിറ്റിൽ നാട്ടിൽ പോകുന്നതിനോ ഇനിയും ആരെങ്കിലും മടിച്ചു നിൽക്കുന്നുണ്ടെകിൽ ഇളവു കാലാവധിക്ക് ശേഷം അവ൪ വലിയ ശിക്ഷക്ക് വിധേയരാകേണ്ടി വരുമെന്നും കഴിവതും അവസരങ്ങൾ എത്രയും വേഗം ഉപയോഗപ്പെടുത്താൻ എല്ലാവരും മുന്നോട്ട് വരണമെന്നും എംബസി അധികൃത൪ ഓ൪മ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
