ജി-8 ഉച്ചകോടിക്കെതിരെ റാലി; ബ്രിട്ടനില്‍ 57 പേര്‍ അറസ്റ്റില്‍
text_fieldsലണ്ടൻ: സമ്പന്ന രാജ്യങ്ങളുടെ ഗ്രൂപ്പായ ജി-8 അടുത്തയാഴ്ച നടത്താനിരിക്കുന്ന ഉച്ചകോടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയവ൪ക്കെതിരെ ബ്രിട്ടീഷ് പൊലീസ് നടപടികൾ ആരംഭിച്ചു.
57 പ്രകടനക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് കൂടുതൽ കനത്ത സുരക്ഷാസന്നാഹങ്ങളുമായി ഉച്ചകോടി സ്തംഭിപ്പിക്കാനുള്ള നീക്കത്തിനെതിരിൽ ജാഗ്രത തുടരുകയാണെന്ന് വാ൪ത്താ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്തു. ‘സ്റ്റോപ് ജി-8’ എന്ന പേരിൽ സംഘടിച്ച പ്രക്ഷോഭക൪ മുതലാളിത്തത്തിനെതിരെ ഒരാഴ്ച നീളുന്ന പ്രക്ഷോഭോത്സവം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബ്രിട്ടീഷ് പൊലീസിനെ സഹായിക്കാൻ സ്കോട്ട്ലൻഡ്യാ൪ഡും രംഗത്തുണ്ട്. യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ നിക്ഷേപമിറക്കി ലാഭം കൊയ്യുന്ന കുത്തക കമ്പനികളെ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച പ്രക്ഷോഭകരെ ബീക്സ്ട്രീറ്റിൽനിന്ന് ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു.
ലണ്ടന് കിഴക്കുഭാഗത്തെ നോ൪ട്ടൺ ഫോൾഗേറ്റിലെ കെട്ടിടത്തിൽ റെയ്ഡ് നടത്തി ഒരു സംഘം പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തുനീക്കിയതായി പൊലീസ് പറഞ്ഞു. ആയുധം കൈവശം വെക്കൽ, കെട്ടിടത്തിന് കോട്ടംവരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ചിലരെ പിടികൂടിയത്.
ഓക്സ്ഫഡ് തെരുവ്, പിക്കാഡലി, സെൻട്രൽ ലണ്ടൻ എന്നിവിടങ്ങളിൽ പൊലീസും പ്രക്ഷോഭകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
വടക്കൻ അയ൪ലൻഡിലെ ലോഫ് ഏൺ ഉല്ലാസകേന്ദ്രത്തിലാണ് രണ്ടു ദിവസത്തെ ജി-8 ഉച്ചകോടി ചേരുക. യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധി മുതൽ സിറിയൻ ആഭ്യന്തര സംഘ൪ഷംവരെ ഉച്ചകോടിയുടെ അജണ്ടയിൽ സ്ഥാനം പിടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
