ജിദ്ദ: ഹജ്ജ് വേളയിൽ മക്കയിലേക്കുള്ള നുഴഞ്ഞുകയറ്റവും അനധികൃത താമസക്കാരുടെ കടത്തും തടയാൻ ഗവൺമെൻറ് പദ്ധതി ആവിഷ്കരിക്കുന്നു. പൊലീസ്, ട്രാഫിക്, ഗതാഗതം, ഹജ്ജ് സേന, റോഡ് സുരക്ഷാ വിഭാഗം തുടങ്ങി ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ സഹകരിച്ചാണ് ഇതിന് സംവിധാനമൊരുക്കുന്നത്. റോഡുകൾക്കിരുവശവും കമ്പിവേലികൾ സ്ഥാപിക്കുക, പിടിയിലാകുന്നവരുടെ വിരലടയാളം രേഖപ്പെടുത്തുക, മക്ക പ്രവേശ കവാടങ്ങൾക്കടുത്ത് ചെക്ക്പോസ്റ്റിൽ വലിയ നിരീക്ഷണ ടവ൪ നി൪മിക്കുക എന്നിവ പദ്ധതിയിലുൾപ്പെടും. ഒന്നാം ഘട്ടത്തിൽ ത്വാഇഫിലെ മ൪കസ് സൈലിലാണ് പദ്ധതി നടപ്പിലാക്കുക. മീഖാത്തിൽ നിന്ന് തെക്ക് വടക്ക് റോഡിൽ അഞ്ച് കിലോമീറ്റ൪ ദൂരത്തിൽ കമ്പിവേലി നി൪മിക്കാനാണ് പരിപാടി.
അനുമതി ലഭിച്ചാൽ മറ്റ് പ്രവേശകവാടങ്ങൾക്കടുത്തും പദ്ധതി നടപ്പിലാക്കും. മക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഹജ്ജ് അനുമതി പത്രമില്ലാത്തവരേയും അനധികൃത താമസക്കാരേയും വിരലടയാള പരിശോധനക്ക് വിധേയമാക്കും.
ഹജ്ജ് കഴിഞ്ഞ ശേഷമായിരിക്കും ഇവ൪ക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുക. വിദേശിയാണെങ്കിൽ ഇഖാമ പുതുക്കാതിരിക്കുക, നാട് കടത്തുക തുടങ്ങിയ നടപടിയുണ്ടാകും. സ്വദേശിയാണെങ്കിൽ പിഴയുണ്ടാകും. ചെക്ക് പോസ്റ്റുകൾക്കടുത്ത് നി൪മിക്കുന്ന നിരീക്ഷണ ടവ൪ രാത്രി നിരീക്ഷണത്തിനുള്ള സംവിധാനങ്ങളോടു കൂടിയതായിരിക്കും. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് പുണ്യഭൂമിയിലെത്തുന്നവ൪ക്ക് ആശ്വാസത്തോടെ ഹജ്ജ് നി൪വഹിക്കാൻ സൗകര്യമൊരുക്കുന്നതിൻെറ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് ഹജ്ജ് മന്ത്രാലയ അണ്ട൪ സെക്രട്ടറി ഹാതിം ഖാദി പറഞ്ഞു. ഹജ്ജിനെത്തുന്നവ൪ക്ക് അനുമതി പത്രം വേണമെന്ന് മക്ക ഗവ൪ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീ൪ ഖാലിദ് ഫൈസൽ ആവ൪ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘക൪ മക്കയിലേക്ക് കടക്കുന്നത് തടയാനും പുണ്യസ്ഥലങ്ങളിലെ പരസ്യമായ കിടത്തവും തിരക്കും ഇല്ലാതാക്കുന്നതിനും കൂടുതൽ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2013 10:50 AM GMT Updated On
date_range 2013-06-10T16:20:13+05:30മക്കയിലേക്കുള്ള നുഴഞ്ഞുകയറ്റം തടയാന്‍ പുതിയ പദ്ധതികള്‍
text_fieldsNext Story