Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമട്ടന്നൂര്‍...

മട്ടന്നൂര്‍ കൂട്ടക്കൊല: പ്രതി 10 വര്‍ഷത്തിനുശേഷം പിടിയില്‍

text_fields
bookmark_border
മട്ടന്നൂര്‍ കൂട്ടക്കൊല: പ്രതി 10 വര്‍ഷത്തിനുശേഷം  പിടിയില്‍
cancel

കോഴിക്കോട്: പ്രമാദമായ മട്ടന്നൂ൪ ഉരുവച്ചാൽ മണക്കായി കൂട്ടക്കൊല കേസ് പ്രതിയെ 10 വ൪ഷത്തിനുശേഷം കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം അറസ്റ്റ് ചെയ്തു. മണക്കായി പാറക്കോട്ട് റോഡിലെ താഴെ കുണ്ടത്തിൽ വീട്ടിൽ ചെമ്പിലാലി അസൈനാ൪ (75), ഭാര്യ കൊട്ടാരത്തിൽ നഫീസു (65), നഫീസുവിൻെറ ജ്യേഷ്ഠത്തി പാത്തൂട്ടി (68) എന്നിവ൪ 2003 ഏപ്രിൽ ഏഴിന് രാത്രി വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ട കേസിൽ നഫീസുവിൻെറ ബന്ധു മട്ടന്നൂ൪ ഉരുവച്ചാൽ കൈനി സ്വദേശി കൊട്ടാരത്തിൽ കെ. ഷെരീഫാണ് (33) ഗൾഫിലേക്ക് കടക്കാൻ കുടുംബത്തോടൊപ്പം കരിപ്പൂരിലേക്ക് പോകവെ വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട്ട് പിടിയിലായത്.
ക്രൈംബ്രാഞ്ച് സി.ഐ ഇ.പി. പൃഥ്വിരാജിൻെറ നേതൃത്വത്തിൽ പൊലീസ് ദീ൪ഘനാൾ മട്ടന്നൂരിൽ താമസിച്ച് നടത്തിയ അന്വേക്ഷണത്തിലാണ് പ്രതി കുടുങ്ങിയത്. സാമ്പത്തിക പ്രയാസം മൂലമാണ് കൊല നടത്തിയതെന്നും നഫീസുവിൻെറ ചെവിയറുത്ത് കമ്മലടക്കം നാലുപവൻ ആഭരണം കവ൪ന്നത് താനാണെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 2009 ഏപ്രിൽ 21ന് കൂത്തുപറമ്പിനടുത്ത് മമ്പറം സ്വദേശിയും പാചക തൊഴിലാളിയുമായ സുഹറയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ കൊല നടന്ന് മൂന്നു ദിവസത്തിനകം അറസ്റ്റിലായ ഷെരീഫ് കേസിൻെറ വിചാരണക്കിടെ ജാമ്യത്തിലിറങ്ങിയതാണെന്നും പൊലീസ് പറഞ്ഞു.
കഴുത്തിന് മാരകമായി വെട്ടേറ്റാണ് വൃദ്ധ ദമ്പതികളായ അസൈനാരും നഫീസയും സഹോദരി പാത്തുട്ടിയും കൊല്ലപ്പെട്ടത്. നി൪ധന കുടുംബമായ ഇവ൪ വാ൪ധക്യ പെൻഷൻ കൊണ്ടാണ് ജീവിച്ചിരുന്നത്. നഫീസുവിൻെറ സ്വത്ത് വിറ്റുകിട്ടിയ പണം മട്ടന്നൂരിലെ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. കൊല്ലപ്പെടുന്നതിനുമുമ്പ് ഈ പണം പിൻവലിച്ചതായി ബന്ധുക്കൾ മൊഴി നൽകിയെങ്കിലും ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ അത് ശരിയല്ളെന്ന് തെളിഞ്ഞു. നഫീസുവിൻെറയും പാത്തുട്ടിയുടെയും ആഭരണം കവരുന്നതിനിടെ കൊല നടത്തിയതാണെന്ന നിഗമനത്തിൽ അന്ന് ഷെരീഫടക്കം നിരവധി പേരെ മട്ടന്നൂ൪ സി.ഐ സുബ്രഹ്മണ്യൻെറ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.
കൊല നടന്നതിൻെറ പിറ്റേന്ന് സി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ, കവ൪ച്ചാ സ്വ൪ണം പാൻറ്സിൻെറ പോക്കറ്റിലുണ്ടായിരുന്നതായും പൊലീസ് പരിശോധിച്ചില്ളെന്നും ഷെരീഫ് ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ തുമ്പുണ്ടാകാത്തതിനെ തുട൪ന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പുരോഗതിയുണ്ടായില്ല. ഇതിനെതിരെ നാട്ടുകാരുടെ ആക്ഷൻ കമ്മിറ്റി മട്ടന്നൂ൪ പൊലീസ് സ്റ്റേഷൻ മാ൪ച്ചടക്കം നടത്തിയിരുന്നു.
നാട്ടുകാരുടെ പൗരസമിതി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്തിടെ ഹൈകോടതിയിൽ ഹരജി സമ൪പ്പിച്ചിരുന്നു. ഇതേ തുട൪ന്നാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിൻസൻ എം. പോൾ, കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലി, സി.ഐ ഇ.പി. പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണ ചുമതല കൈമാറിയത്.
ക്രൈംബ്രാഞ്ച് സംഘം ഷെരീഫിൻെറ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ശേഖരിച്ചു. മമ്പറത്തെ സുഹറയുടെ കൊലപാതകവും വൃദ്ധദമ്പതികളുടെ കൊലയും തമ്മിലെ സാമ്യമാണ് ഷെരീഫിനെ സംശയിക്കാൻ കാരണമായത്.
പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് പ്രതി കുറച്ചുനാൾ ക൪ണാടകയിലേക്ക് മുങ്ങി. തുട൪ന്ന് സൈബ൪ സെല്ലിലെ വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. സൈബ൪ സെല്ലിൻെറ സഹായത്തോടെ ഷെരീഫിനെ പിന്തുട൪ന്ന പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു. നഫീസുവിൻെറ സ്ഥലം വിറ്റ പണം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ബന്ധുക്കളിൽനിന്നറിഞ്ഞ് ഓട്ടോയിലാണ് അന്ന് രാത്രി അസൈനാരുടെ വീട്ടിലത്തെിയതെന്നും പ്രതി മൊഴി നൽകി.
ഓട്ടോഡ്രൈവ൪ കൂടിയായ ഷെരീഫ്, മുമ്പ് മൂന്നാംപീടികയിൽ സ൪വീസ് നടത്തിയിരുന്ന പഴയ ഓട്ടോ അക്കാലത്ത് സ്വന്തമാക്കിയിരുന്നു. ചെറിയ മോഷണങ്ങളും നടത്തിയിട്ടുണ്ട്.
കൂട്ടക്കൊല നടന്ന് മൂന്നാഴ്ചക്ക് ശേഷം ഇതേ ഓട്ടോ മട്ടന്നൂ൪ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഷെരീഫിനെ സംശയിച്ചില്ല. പൊലീസ് സാന്നിധ്യം മനസ്സിലാക്കി അടുത്തിടെ താമസ സ്ഥലം ഇടക്കിടെ മാറിയെന്നും ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. പൊലീസിനെ വെട്ടിച്ച് ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ചത് സൈബ൪സെല്ലിൻെറ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് മനസ്സിലാക്കിയത്. ക്രൈംബ്രാഞ്ച് പിന്തുടരുന്നത് മനസ്സിലാക്കി ഷെരീഫ് കുറച്ചുകാലം നാഷനൽ പെ൪മിറ്റ് ലോറിയിൽ ഡ്രൈവറായും ജോലി ചെയ്തു. കേസ് സി.ബി.ഐക്ക് വിടണമെന്ന ഹരജിയിൽ വ്യാഴാഴ്ച ഹൈകോടതിയിൽ ഹിയറിങ് നടക്കുമ്പോഴാണ് പ്രതി കോഴിക്കോട്ട് പിടിയിലാകുന്നത്. ഇതേതുട൪ന്ന് ഹരജിയിൽ വിധി പറയുന്നത് ഹൈകോടതി മാറ്റിവെച്ചു. ഇന്നലെ മട്ടന്നൂ൪ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെളിവെടുപ്പ് നടത്തേണ്ടതിനാൽ മുഖംമൂടിയണിയിച്ചാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. എ.പി. ഷൗക്കത്തലിക്കും പൃഥ്വിരാജിനും പുറമെ ക്രൈംബ്രാഞ്ച് എസ്.ഐമാരായ രാമചന്ദ്രൻ, വിജയൻ, പൊലീസുകാരായ അമൃതസാഗ൪, അബ്ദുൽ മജീദ്, വിജയകുമാ൪ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതിക്കുനേരെ കൈയേറ്റം;
തെളിവെടുപ്പ് നടത്താനായില്ല

മട്ടന്നൂ൪: മണക്കായി കൂട്ടക്കൊലക്കേസ് പ്രതി കയനിയിലെ കൊട്ടാരത്തിൽ ഷരീഫിനെ സംഭവം നടന്ന മണക്കായിയിലെ വീട്ടിൽ എത്തിച്ചുവെങ്കിലും നാട്ടുകാരുടെ കൈയേറ്റത്തെതുട൪ന്ന് ക്രൈംബ്രാഞ്ചിന് തെളിവെടുപ്പ് നടത്താനായില്ല. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് കനത്ത മഴയെ വകവെക്കാതെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻജനാവലി സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയുടെ മുഖംമൂടി നീക്കാനാവശ്യപ്പെട്ട നാട്ടുകാരുടെ സംഘം ഒടുവിൽ മുഖംമൂടി വലിച്ചു കീറി. സംഘടിച്ച നാട്ടുകാ൪ പ്രതിയെ കൈയേറ്റം ചെയ്തു. തടയാനത്തെിയ ചില പൊലീസുകാ൪ക്കും പരിക്കേറ്റു. പ്രതിയെ ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തിയാണ് തലശ്ശേരി കോടതിയിലത്തെിച്ചത്. സംഘ൪ഷത്തെതുട൪ന്ന് ക്രൈംബ്രാഞ്ച് വാഹനത്തിന് 2000 രൂപയുടെ നഷ്ടമുണ്ടായി. ഇതുസംബന്ധിച്ച് മട്ടന്നൂ൪ പൊലീസിൽ പരാതി നൽകി. രക്ഷപ്പെടുത്തി വാഹനത്തിൽ പോകുമ്പോഴാണ് രോഷാകുലരായവ൪ വാഹനത്തിന് കേടുപാടുകൾ വരുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story