വിവരം ചോര്‍ത്തല്‍: ബ്രിട്ടനിലും രാഷ്ട്രീയ കൊടുങ്കാറ്റ്
text_fieldsലണ്ടൻ: അമേരിക്കയുടെ ‘പ്രിസം’ രഹസ്യ വിവരം ചോ൪ത്തൽ പദ്ധതി ഉപയോഗിച്ച് ലോകത്തെ ഇൻറ൪നെറ്റ് ഭീമന്മാരിൽനിന്ന് ബ്രിട്ടനിലെ സുരക്ഷാ വിഭാഗങ്ങൾ പൗരന്മാരുടെ വിവരങ്ങൾ ചോ൪ത്തിയെന്ന ഗാ൪ഡിയൻ പത്രത്തിൻെറ വെളിപ്പെടുത്തൽ ബ്രിട്ടനിലും രാഷ്ട്രീയ വിവാദ കൊടുങ്കാറ്റിന് വഴിയൊരുക്കി. ഇത് അന്വേഷിക്കാൻ ബ്രിട്ടീഷ് സ൪ക്കാറിനു മേൽ സമ്മ൪ദം ശക്തമായിരിക്കുകയാണ്.
ബ്രിട്ടനിലെ രഹസ്യവിവരം ചോ൪ത്തുന്ന കേന്ദ്രമായ ഗവൺമെൻറ് കമ്യൂണിക്കേഷൻസ് ഹെഡ്ക്വാ൪ട്ടേഴ്സ് (ജി.സി.എച്ച്.ക്യു) പാ൪ലമെൻറിൻെറ ഇൻറലിജൻസ് ആൻഡ് സുരക്ഷാ കമ്മിറ്റിക്ക് വിവരം ചോ൪ത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിങ്കളാഴ്ചയോടെ റിപ്പോ൪ട്ട് ചെയ്യാൻ അധികൃത൪ നി൪ദേശിച്ചു. ‘സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അമേരിക്കയിലെയും ബ്രിട്ടനിലെയും സാധാരണ പൗരന്മാരുടെ ഫോൺ വിളികളും ഇൻറ൪നെറ്റ് ഇടപെടലുകളും നിരീക്ഷിക്കുന്നതിനെക്കുറിച്ച് അവ൪ ബോധവാന്മാരല്ല എന്നതാണ്’ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എം.പി കീത്ത് വാസ് പറഞ്ഞു. ‘ഈ വെളിപ്പെടുത്തലുകൾ കണ്ട് ഞാൻ നടുങ്ങിപ്പോയി. ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരുടെ വിവരങ്ങളാണ് ചോ൪ത്തിയിട്ടുണ്ടാവുക’ അദ്ദേഹം പറഞ്ഞു.
പിൻവാതിലിലൂടെ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതുപോലെയാണ് ഇക്കാര്യമെന്ന് ബ്രിട്ടനിലെ ലേബ൪ പാ൪ട്ടി എം.പി പറഞ്ഞു. വ്യക്തികളുടെ വിവരങ്ങൾക്കുവേണ്ടി ഇൻറ൪നെറ്റിലെ ബൃഹത്തായ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെ പ്രിസം പദ്ധതിയിൽനിന്ന് ബ്രിട്ടനിലെ ഗവൺമെൻറ് കമ്യൂണിക്കേഷൻസ് ഹെഡ്ക്വാ൪ട്ടേഴ്സ് നേരിട്ട് വിവരങ്ങൾ ആവശ്യപ്പെട്ടുവെന്ന് ‘ഗാ൪ഡിയനി’ൽ വന്ന റിപ്പോ൪ട്ടിൽ പറയുന്നു.
രാജ്യത്തിന് പുറത്ത് ജീവിക്കുന്ന അമേരിക്കക്കാ൪ അല്ലാത്ത പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കാൻ അമേരിക്കൻ സുരക്ഷാ ഏജൻസി തയാറാക്കിയ പദ്ധതിയാണ് പ്രിസം.
സംഭവം അന്വേഷിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുമേൽ സമ്മ൪ദം ശക്തമാവുകയാണ്. വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് അല്ളെങ്കിൽ ആഭ്യന്തര സെക്രട്ടറി തെരേസ മെയോ തിങ്കളാഴ്ച പാ൪ലമെൻറിൽ സംഭവവുമായി ബന്ധപ്പെട്ട വിശദീകരണം നൽകണമെന്ന് എം.പിമാ൪ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊക്കെ മന്ത്രിമാ൪ക്ക് വിവരം ചോ൪ത്തലിനെക്കുറിച്ച് അറിയാമെന്നും എത്ര പൗരന്മാരെ അത് ബാധിക്കുമെന്നും അവ൪ വിശദീകരിക്കേണ്ടിവരും. ‘ഗാ൪ഡിയനി’ലെ രേഖകളനുസരിച്ച് കഴിഞ്ഞ വ൪ഷം ബ്രിട്ടനിലെ ഏജൻസി പ്രിസം പദ്ധതി മുഖേന 197 ഇൻറലിജൻസ് റിപ്പോ൪ട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. ചുരുങ്ങിയത് 2010 മുതൽതന്നെ ഏജൻസിക്ക് പ്രിസം പദ്ധതിയുമായി ബന്ധമുണ്ടെന്നും ‘ഗാ൪ഡിയൻ’ പറയുന്നു.
നിയമത്തിന് കീഴിലെ അതിൻെറ ബാധ്യതകൾ ഗൗരവമായി എടുക്കുന്നുവെന്നാണ് പ്രിസം പദ്ധതി ഉപയോഗിക്കുന്നതിനെക്കുറിച്ച് ബ്രിട്ടനിലെ ഏജൻസി പ്രതികരിച്ചത്. തികച്ചും നിയമാനുസൃതമായാണ് തങ്ങൾ പ്രവ൪ത്തിക്കുന്നതെന്നും ഏജൻസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
