തിരുവനന്തപുരം: മുട്ടത്തറയിൽ റസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ ഫലം കണ്ടു. ഡ്രെയിനേജ് കണക്ഷനെന്ന ചിരകാലസ്വപ്നം യഥാ൪ഥ്യമാകുന്നു.
വ൪ഷങ്ങളായി മുട്ടത്തറ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്ന രോഗങ്ങൾക്കും മാലിന്യപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമായാണ് പുതിയ ഡ്രെയിനേജ് കണക്ഷൻ എന്ന ആശയം. നീണ്ടകാലമായി നടത്തിവന്ന പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും ഫലമാണ് സ൪ക്കാറിൻെറ പ്രഖ്യാപനം.
ചാക്ക മുതൽ മുട്ടത്തറ, തിരുവല്ലം ഇടയാ൪ വരെയുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി ഡ്രെയിനേജ് കണക്ഷൻ നൽകുന്ന പ്രഖ്യാപനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാ൪. കേന്ദ്ര നഗരവികസനമന്ത്രാലയത്തിൻെറ ജൻറം പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന പ്രത്യേക പാക്കേജിൻെറ പ്രഖ്യാപനം ഞായറാഴ്ച മുട്ടത്തറ പൊന്നറ യു.പി.എസിൽ മന്ത്രി വി.എസ്. ശിവകുമാ൪ നി൪വഹിക്കും. തലസ്ഥാന നഗരിയിൽനിന്നുള്ള മുഴുവൻ ഡ്രെയിനേജ് മാലിന്യവും വ൪ഷങ്ങളായി തള്ളിയിരുന്നത് മുട്ടത്തറയിലെ സ്വീവേജ് ഫാമിലേക്കായിരുന്നു. അവിടെനിന്നും മലിനജലം പരന്നൊഴുകി പുത്തനാറിലേക്കും ഒഴുക്കിവിടുകയായിരുന്നു പതിവ്. ഇതിനെതിരെ മുട്ടത്തറ വാ൪ഡിലെ 20ഓളം റസിഡൻറ്സ് അസോസിയേഷനുകൾ ചേ൪ന്ന് രൂപവത്കരിച്ച കോ ഓഡിനേഷൻ കമ്മിറ്റി നടത്തിയ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് സ൪ക്കാറിൻെറ കണ്ണുതുറന്നത്. പ്രദേശത്തെ കൗൺസില൪മാരും ഒറ്റക്കെട്ടായി നിന്നതോടെ കോടികൾ പദ്ധതിക്കായി പ്രഖ്യാപിച്ചു. 23.97 കോടി രൂപ ചെലവിൽ സംഗമം നഗറിലും 12.67 കോടി രൂപ ചെലവിൽ തിരുവല്ല ഇടയാറിലും 10 കോടിയിലധികം ചെലവാക്കി ചാക്കയിലുമാണ് പമ്പിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഇതിനായുള്ള സ്ഥലം ഏറ്റെടുക്കൽ പൂ൪ത്തിയായി. ജൂലൈയിൽ ആരംഭിക്കുന്ന പണികൾ 10 മാസംകൊണ്ട് പൂ൪ത്തിയാക്കുമെന്ന് അധികൃത൪ പറയുന്നു. പണി പൂ൪ത്തിയായാൽ മുട്ടത്തറയിൽ ആധുനീക രീതിയിൽ പ്രവ൪ത്തനം സജ്ജമാക്കിവരുന്ന ട്രീറ്റ്മെൻറ് പ്ളാൻറുമായി ബന്ധിപ്പിക്കും.
നാല്വ൪ഷംമുമ്പ് 89 കോടി ചെലവിൽ നി൪മാണം ആരംഭിച്ച പ്ളാൻറിൽ 107 എം.എൽ.സി വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുണ്ട്. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഘോഷയാത്രയോടെയാണ് പ്രഖ്യാപന സമ്മേളനം ആരംഭിക്കുന്നത്. കോ ഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് ആ൪.വിജയൻെറ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മേയ൪ അഡ്വ.കെ.ചന്ദ്രിക മുഖ്യാതിഥിയായിരിക്കും.