മനാമ: മിസ്ഡ് കാളടിച്ച് തിരിച്ചുവിളിപ്പിച്ച് റാഫിൾ ടിക്കറ്റ് അടിച്ചെന്ന് പറഞ്ഞ് പണം തട്ടാനുള്ള ശ്രമം വീണ്ടും. പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളി വനിതക്കാണ് കഴിഞ്ഞ ദിവസം അനുഭവമുണ്ടായത്. കേരളീയ സമാജത്തിൽനിന്ന് അംഗങ്ങൾക്കായുള്ള സ്കീമിൽ വിതരണം ചെയ്ത സൈൻ നമ്പറിലേക്കാണ് ദുബൈയിൽനിന്ന് മിസ്ഡ് കാൾ വന്നത്. സ്ത്രീ തിരിച്ചുവിളിച്ചപ്പോൾ ഹിന്ദിയിലായിരുന്നു സംസാരം. സിം കാഡിൻെറ കോഡ് നമ്പ൪ പറഞ്ഞായിരുന്നു തട്ടിപ്പിനുള്ള ശ്രമം. ജി.സി.സി തലത്തിൽ നടത്തിയ റാഫിൾഡ്രോയിൽ ബഹ്റൈനിൽനിന്ന് ഈ കോഡ് നമ്പറിന് 20000 ദിനാ൪ അടിച്ചിട്ടുണ്ടെന്ന് കേട്ടപ്പോൾ അദ്ഭുതം കൂറിയ സ്ത്രീ കാ൪ഡ് അഴിച്ചു നോക്കിയപ്പോൾ അവ൪ പറഞ്ഞ അതേ നമ്പ൪! ഇതോടെ വിശ്വാസം കൂടിയ സ്ത്രീ അവ൪ ആവശ്യപ്പെട്ടതുപ്രകാരം സി.പി.ആ൪ നമ്പറും മറ്റും പറഞ്ഞുകൊടുത്തു.
ഫോൺ അഞ്ച് ദിനാറിന് റിചാ൪ജ് ചെയ്യണമെന്നും അവ൪ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, രണ്ട് ദിനാറിനാണ് സ്ത്രീ റിചാ൪ജ് ചെയ്തത്. സിറ്റി ബാങ്കാണോ നാഷനൽ ബാങ്കാണോ അടുത്തെന്നും ചോദിച്ചു. രണ്ട് ബാങ്കും അടുത്താണെന്ന് പറഞ്ഞപ്പോൾ മേലധികാരിക്ക് ഫോൺ കണക്ട് ചെയ്യാമെന്നായി. അങ്ങോ൪ വിശദമായി കാര്യങ്ങൾ പറഞ്ഞശേഷം തങ്ങൾ നൽകുന്ന അക്കൗണ്ട് നമ്പറിൽ നിശ്ചിത ഫീസ് അടക്കണമെന്നായി. ഇതിനെന്തിനാണ് ഫീസെന്ന് ചോദിച്ചപ്പോൾ പിന്നെ വെറുതെ 20000 ദിനാ൪ കിട്ടുമോ എന്നായിരുന്നു അയാളുടെ മറുചോദ്യം. ഇതോടെ സംഗതി പന്തിയല്ലെന്ന് സ്ത്രീക്ക് മനസ്സിലായി. ഇത് തട്ടിപ്പാണെന്നും താൻ ബഹ്റൈനിലെ സൈൻ ഓഫീസിൽ പരാതി നൽകുമെന്നും പറഞ്ഞപ്പോൾ ഫോൺ ഡിസ്കണക്ടായി.
0971556618363 എന്ന നമ്പറിൽനിന്നാണ് മിസ്ഡ് കാൾ വന്നത്. ഹിന്ദിയിലും അറബിയിലുമെല്ലാം സംസാരം കേൾക്കുന്നുണ്ടായിരുന്നുവത്രെ. തട്ടിപ്പുകാ൪ മറ്റു പലരോടും ഇങ്ങനെ സംസാരിക്കുന്നതായും സ്ത്രീക്ക് അനുഭവപ്പെട്ടു. സിംകാ൪ഡിന് പിന്നിലെ കോഡ് നമ്പ൪ കൃത്യമായി തട്ടിപ്പുകാ൪ക്ക് എങ്ങനെ പറയാൻ കഴിയുന്നുവെന്നതിലാണ് ദുരൂഹത. ഈ നമ്പ൪ പറഞ്ഞാണ് അവ൪ ഇരകളുടെ വിശ്വാസം ആ൪ജിക്കുന്നതും വെട്ടിൽ വീഴ്ത്തുന്നതും. സൂക്ഷിച്ചില്ലെങ്കിൽ ഇത്തരം തട്ടിപ്പുകളിൽ കുരുങ്ങി പണം നഷ്ടപ്പെട്ടേക്കാം.