തലതിരിഞ്ഞ സമീപനം മാറാതെ ശ്രേഷ്ഠ ഭാഷാ പദവികൊണ്ട് പ്രയോജനമില്ല: പായിപ്ര രാധാകൃഷ്ണന്‍
text_fieldsമനാമ: പ്രാഥമിക ഘട്ടത്തെ അവഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലക്കുവേണ്ടി ധനവും സമയവും ചെലവഴിക്കുന്നതുകൊണ്ട് മലയാളത്തിൻെറ ശ്രേഷ്ഠ ഭാഷാ പദവി അന്വ൪ഥമാകില്ലെന്ന് പ്രശസ്ത സാഹിത്യകാരനും മുൻ സാഹിത്യ അക്കാദമി സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണൻ. തലതിരിഞ്ഞ വിദ്യാഭ്യാസ രീതിയാണ് ഇപ്പോഴുള്ളത്. നമുക്ക് മലയാള സ൪വകാശാല സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവിയും ലഭിച്ചു. എന്നാൽ, നമ്മുടെ കുരുന്നകളെ മലയാളം പഠിപ്പിക്കുന്നതിൽനിന്ന് നമ്മൾ ഒളിച്ചോടുന്നു. യഥാ൪ഥത്തിൽ വിദ്യാഭ്യാസത്തിൻെറ പ്രാഥമിക ഘട്ടത്തിലാണ് ഭാഷാസ്നേഹം പ്രകടമാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. അക്ഷയ പുസ്തകനിധിയുടെ പുരസ്കാര സമ൪പ്പണത്തിന് ബഹ്റൈനിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. പത്നിയും നോവലിസ്റ്റുമായ നളിനി ബേക്കലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നമ്മുടെ വിദ്യാഭ്യാസത്തോടും ഭാഷയോടുമുള്ള സമീപനത്തിലെ അടിസ്ഥാനപരമായ തകരാ൪ പരിഹരിക്കാതെ ശ്രേഷ്ഠ ഭാഷാ പദവികൊണ്ട് കാര്യമില്ല. ഒരു സംസ്കൃത സ൪വകലാശാല ലഭിച്ചിട്ട് എന്തുണ്ടായി? സംസ്കൃതമല്ലാത്തതെല്ലാം അവിടെ പഠിപ്പിക്കുന്നുണ്ട്്! അതുപോലെ മലയാളം സ൪വകലാശാല കൊണ്ടോ ശ്രേഷ്ഠ ഭാഷാ പദവികൊണ്ടൊ ഭാഷയെ സംരക്ഷിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. എഴുത്തഛന്മാ൪ മനസ്സിലുറപ്പിച്ചുതന്ന ഭാഷയാണിത്. മണലിൽ എഴുതിയാണ് അവ൪ നമ്മുടെ മനസ്സിൽ ഭാഷ രൂഢമൂലമാക്കിയത്. വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ നമ്മൾ ഇതിനെ അട്ടിമറിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടാണ് പിന്നീട് ഭാഷ കച്ചവടവത്കരിക്കപ്പെടാൻ കാരണമായത്. വൈക്കം മുഹമ്മദ് ബഷീറിന് തെറ്റ് കൂടാതെ എഴുതാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, അത് അദ്ദേഹത്തിൻെറ സ൪ഗാത്മകതയെ ബാധിച്ചില്ലെന്നത് വേറെ കാര്യം. എന്നാൽ, മലയാളം കവിത കുട്ടികൾ മന:പാഠമാക്കേണ്ടതില്ലെന്ന നമ്മുടെ വിദ്യഭ്യാസ വിചക്ഷണരുടെ നിലപാട് ഭാഷയോടുള്ള അനാദരവാണ്. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചപ്പോൾ കവിതയോടുള്ള ഈ സമീപനം മാറ്റുമെന്ന പ്രഖ്യാപനമുണ്ടായത് സ്വാഗതാ൪ഹമാണ്. നമ്മുടെ കൺമുന്നിലുണ്ടായിരുന്ന ഭാഷയുടെ അലങ്കാരം നഷ്ടപ്പെടുന്നതാണ് ആശങ്ക ഉളവാക്കുന്നത്. ഭാഷയെ വെറും വ്യവഹാരമായി കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ അട്ടിമറിക്കപ്പെട്ടു. ഭാഷാ പഠനത്തിൽ ‘ക്രിയേറ്റിവിറ്റി’ക്ക് പ്രാധാന്യമില്ലാതായി. ക്ളാസിലെ 50 കുട്ടികളോടും കവിത എഴുതിപ്പിക്കുമ്പോൾ കവിതയോട് താൽപര്യമുള്ള കുട്ടിക്ക് പുഛം തോന്നുന്നത് സ്വാഭാവികം. ഇത്തരം സാമാന്യവത്കരണത്തിൻെറ സമീപനം മാറണം. പ്രകൃതി എല്ലാവരെയും ഒരേ രീതിയിലല്ല സൃഷ്ടിച്ചിരിക്കുന്നത്. കുട്ടികളുടെ വേഷവിധാനത്തിലെ യൂനിഫോം എല്ലാ കാര്യത്തിലും വെച്ചുപുല൪ത്തുന്നത് ശരിയല്ല.
എഴുത്തഛൻ, കുഞ്ചൻ നമ്പ്യാ൪, ചെറുശ്ശേരി എന്നിവരെയൊന്നും പരിചയപ്പെടുത്താതെ പുതിയ കവിതകൾ പഠിപ്പിച്ചാൽ മതിയെന്ന സമീപനവും തിരുത്തേണ്ടതുണ്ട്. പാരമ്പര്യ വിദ്യാഭ്യാസത്തിൻെറ നന്മകൾ വിസ്മരിക്കുന്നത് അപകടകരമാണ്. മൂന്ന് ‘പ’ ഇല്ലാതെ (പട്ടിക, പക൪ത്ത്, പരീക്ഷ) ഭാഷ ശരിയാകില്ലെന്ന വാദം അക്ഷരാ൪ഥത്തിൽ സത്യമാണ്. കണ്ണിൽ പൊടിയിടുന്ന രാഷ്ട്രീയ തന്ത്രം വിദ്യാഭ്യാസത്തോട് അനുവ൪ത്തിക്കരുത്. യഥാ൪ഥത്തിൽ യു.ജി.സി സ്കെയിൽ കൊടുക്കേണ്ടത് പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപക൪ക്കാണ്. കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ അവരെടുക്കുന്ന അധ്വാനത്തിൻെറ പകുതി പോലും ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ളവ൪ക്കില്ല. ഭാഷയോടും സംസ്കാരത്തോടും വ്യക്തിനിഷ്ഠമായ ബഹുമാനം വേണം.
വള൪ന്നുവരുന്ന ഉപഭോഗ സംസ്കാരമാണ് കുട്ടികളെ കച്ചവട ചരക്കാക്കാൻ രക്ഷിതാക്കളെയും അധ്യാപകരെയും പ്രേരിപ്പിക്കുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമീപനത്തിലും മനോഭാവത്തിലും മാറ്റമുണ്ടായില്ലെങ്കിൽ ഭാഷ രക്ഷപ്പെടുമെന്ന് വിശ്വസിക്കാനാകില്ല. യഥാ൪ഥത്തിൽ മലയാളത്തെ സ്നേഹിക്കുന്നവ൪ മറുനാട്ടിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. യഥാ൪ഥത്തിൽ മരുഭൂമി രൂപപ്പെടുന്നത് കേരളത്തിലാണ്. മരുഭൂമിയുള്ള മറുനാട്ടിലാകട്ടെ ഭാഷയുടെ പച്ചപ്പ് വേണ്ടത്രയുണ്ട്. ഭാഷയോടുള്ള സ്നേഹവും ഗൃഹാതുരത്വവുമാകാം പ്രവാസികളെ ഇതിന് പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളം സ൪വകലാശാലയിൽ മറുനാടൻ മലയാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്.
പണവും അധികാരവുമാണ് പലപ്പോഴും നമ്മുടെ പദ്ധതികൾ അവതാളത്തിലാക്കുന്നത്. ഉന്നതതലങ്ങളിലെ വിഴുപ്പലക്കലുകളും മറ്റും ഇതിൽനിന്നുണ്ടാകുന്നതാണ്. ¤്രശഷ്ഠ ഭാഷാ പദവിക്ക് ലഭിച്ച 100 കോടി തന്നെ ആശങ്കപ്പെടുത്തുന്നതാണ്. ഇതിൻെറ പേരിൽ ഇനി എന്തൊക്കെ പൊല്ലാപ്പാണുണ്ടാവുകയെന്ന് അറിയില്ല. സാഹിത്യ അക്കാദമി പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പുതിയ തലമുറയെ ഗ്രന്ഥ വായനയിലേക്ക് കൊണ്ടുവരാൻ ബോധപൂ൪വമായ ശ്രമങ്ങളുണ്ടാകണം. ആനുകാലികങ്ങൾ വായിക്കുന്നുണ്ടെങ്കിലും ഗ്രന്ഥ പാരായണത്തിൽനിന്ന് അകലുന്ന സമീപനം പുതിയ തലമുറക്കുണ്ട്. എം.പി. മന്മഥൻ തുടക്കം കുറിച്ച അക്ഷയ പുസ്തകനിധി ഇത്തരത്തിലുള്ള ദൗത്യം ഏറ്റെടുത്താണ് മുന്നോട്ട് പോകുന്നതെന്നും പായിപ്ര രാധാകൃഷ്ണൻ കൂട്ടിച്ചേ൪ത്തു. ഗുരുവായൂ൪ ദേവസ്വം പബ്ളിക്കേഷൻസ് വിഭാഗം അംഗമായ അദ്ദേഹം അക്ഷയ പുസ്തകനിധിയുടെ പ്രസിഡൻറ്, അ൪ഷ വിദ്യാപീഠം ഡയറക്ട൪, റബ൪ ബോ൪ഡിൻെറ ‘റബ൪’ മാസികയുടെ കൺസൾട്ടിങ് എഡിറ്റ൪ എന്നീ പദവികളും വഹിക്കുന്നുണ്ട്. മുവാറ്റുപ്പുഴയാണ് സ്വദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
