മലയോര മേഖലയില്‍ മഴയിലും കാറ്റിലും വ്യാപക നാശം
text_fieldsകാളികാവ്: മലയോര മേഖലയിൽ മഴയിലും കാറ്റിലും വ്യാപക നാശം. മിന്നലേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു. കല്ലാമൂല മരുതങ്കാട് ആശാരിക്കൈയിലെ പറാട്ടി ഉമ്മ൪കോയയുടെ വീടിന് മുകളിൽ മരം വീണ് വീട് തക൪ന്നു. അരിമണൽ കണാരൻപടിയിൽ ഒറ്റകത്ത് മുഹമ്മദലിയുടെ ഭാര്യ നഫീസ (50) ക്കാണ് മിന്നലിൽ പരിക്കേറ്റത്. ഇവരെ മഞ്ചേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂ൪ പെരുപിലാവ് സംസ്ഥാന പാതയിൽ പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മരുതങ്കാട് ഭാഗത്ത് വൈദ്യുതി ലൈനിന് മുകളിൽ മരം വീണ് വൈദ്യുതി മുടങ്ങി. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഇടിയോട് കൂടിയ ശക്തമായ മഴയും കാറ്റുമുണ്ടായത്.
പൂക്കോട്ടുംപാടം: മഴയിലും കാറ്റിലും പൂക്കോട്ടുംപാടം മേഖലയിലും വ്യാപക നാശം. അമരമ്പലം പഞ്ചായത്തിലെ കവള,മുക്കട്ട ഭാഗങ്ങളിലാണ് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ ശക്തമായ കാറ്റും മഴയുമുണ്ടായത്. വേങ്ങാപരത നാരേക്കാടൻ മൂസയുടെ വീടിനു മുകളിൽ തെങ്ങ് വീണ് അടുക്കള ഭാഗം തക൪ന്നു. ഷാജി മുണ്ടമറ്റത്തിൻെറ തേക്കും റബ൪ മരങ്ങളും കാറ്റിൽ ഒടിഞ്ഞു വീണു. വട്ടപ്പറമ്പിൽ അഷ്റഫിൻെറ വീടിനു സമീപത്തെ തേക്ക് മരം പാട്ടക്കരിമ്പ്, തേൾപ്പാറ 11 കെ.വി ലൈനിനു മുകളിൽ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തേൾപാറ പാതയിലെ ഗതാഗതവും തടസ്സപ്പെട്ടു.
നിലമ്പൂ൪: വഴിക്കടവിൽ ഞായറാഴ്ച വൈകീട്ടോടെയുണ്ടായ കനത്ത മഴയിൽ രണ്ടുവീടുകളിൽ വെള്ളം കയറി. ആനമറിയിലെ ഇല്ലിക്കൽ അലി, പൂവ്വത്തിപൊയിൽ പാണ്ടകശാല ആസ്യ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. തോടിനു സമീപത്താണ് ആസ്യയുടെ വീട്. തോട് കരകവിഞ്ഞൊഴുകിയാണ് വീട്ടിൽ വെള്ളം കയറിയത്. കാരക്കോടൻ പുഴയിൽ ജലവിതാനം ഉയ൪ന്നു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് കനത്തമഴ പെയ്തത്. ഒരുമണിക്കൂറോളം മഴ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
