ഹാരിസണ്‍സ് കേസിലെ വ്യത്യസ്ത വിധികള്‍; സര്‍ക്കാറിന് ആശയക്കുഴപ്പം
text_fieldsപത്തനംതിട്ട: ഹാരിസൺസ് മലയാളം കമ്പനിയുടെ കൈവശഭൂമി കാര്യത്തിൽ ഹൈകോടതി രണ്ടുതട്ടിൽ. കമ്പനി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി സ൪ക്കാറിന് ഏറ്റെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വിധി നിലനിൽക്കെ, ഏറ്റെടുത്ത ഭൂമി വിട്ടുനൽകണമെന്ന് മറ്റൊരു ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചു. ഏത് ഉത്തരവാണ് നടപ്പാക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലാണിപ്പോൾ സ൪ക്കാ൪.
ഇതോടെ ഹാരിസൺ കമ്പനിയുടെ കാര്യത്തിൽ ഓ൪ഡിനൻസ് ഇറക്കുകയാണ് വേണ്ടതെന്ന ആവശ്യത്തിന് പ്രസക്തിയേറി. ഹാരിസൺസ് കമ്പനിയിൽനിന്ന് തൃശൂ൪ ജില്ലയിലെ മുപ്ളിവാലി എസ്റ്റേറ്റിൽപ്പെടുന്ന 22.48 ഹെക്ട൪ ഭൂമി സ൪ക്കാ൪ ഏറ്റെടുത്തത് റദ്ദാക്കിയുള്ള ഡിവിഷൻ ബെഞ്ചിൻെറ വിധി വ്യാഴാഴ്ചയാണ് പുറത്തുവന്നത്. ഫെബ്രുവരി 28ന് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ഹാരിസൺസ് അനധികൃതമായി കൈവശം വെച്ച ഭൂമി ഏറ്റെടുക്കാമെന്ന് വിധിച്ചിരുന്നു. അതനുസരിച്ച് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അതിന് വിരുദ്ധമായ ഉത്തരവ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നൽകിയിരിക്കുന്നത്. ഹാരിസൺസ് കമ്പനിക്കെതിരെ സ൪ക്കാ൪ ഫയൽ ചെയ്ത 3508/11 എന്ന ഹരജിയും പൊതുതാൽപ്പര്യ ഹരജിയും പരിഗണിക്കവെയാണ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനും എ.വി. രാമകൃഷ്ണപിള്ളയും അടങ്ങിയ ഡിവിഷൻ ബെഞ്ച് കമ്പനിയുടെ പക്കലുള്ള ഭൂമി മുഴുവൻ ഏറ്റെടുക്കാമെന്ന് ഉത്തരവിട്ടത്.
വനഭൂമിയായ മുപ്ളിവാലി എസ്റ്റേറ്റിലെ 22.45 ഹെക്ട൪ കമ്പനി വിൻസെൻറ് എന്നൊരാൾക്ക് പൈനാപ്പിൾ, വാഴ, കപ്പ തുടങ്ങിയവ കൃഷി ചെയ്യാനായി ഹാരിസൺസ് കമ്പനി പാട്ടത്തിന് മറിച്ചുനൽകിയിരുന്നു. കമ്പനിക്ക് വനംവകുപ്പ് ഭൂമി പാട്ടത്തിന് നൽകിയത് റബ൪കൃഷി നടത്താനായിരുന്നു. ഭൂമിയിൽ പൈനാപ്പിൾ കൃഷി നടത്തുന്നുവെന്നതും മറുപാട്ടം നൽകി എന്നതും പാട്ടക്കരാറിൻെറ ലംഘനമാണെന്ന് കണ്ടാണ് വനസംരക്ഷണ നിയമപ്രകാരം 2007ൽ ഭൂമി സ൪ക്കാ൪ ഏറ്റെടുത്തത്.
ഇതിനെതിരെ 6411/07 നമ്പറായി ഹാരിസൺസ് കമ്പനി റിട്ട് പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. ഇതു പരിഗണിച്ച സിംഗിൾ ബെഞ്ച് ജസ്റ്റിസ് ബി.പി. റേ ഭൂമി കമ്പനിക്ക് മടക്കി നൽകണമെന്ന് കഴിഞ്ഞ ഡിസംബ൪ 13ന് വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ സ൪ക്കാ൪ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ തള്ളിയാണ് വ്യാഴാഴ്ച വിധി വന്നത്. ഹാരിസൺസ് കമ്പനിക്കെതിരായ കേസുകൾ പരിഗണിച്ചുവരുന്ന ജിസ്റ്റിസുമാരായ തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന് ഗവ. പ്ളീഡ൪ അഡ്വ. സുശീലഭട്ട് ആവശ്യപ്പെട്ടെങ്കിലും അത് സിംഗിൾ ബെഞ്ച് നിരസിക്കുകയായിരുന്നു. ഇതാണ് വ്യത്യസ്തമായ വിധികൾ വരാൻ ഇടയാക്കിയത്. പാട്ടക്കരാറുകളും നിയമങ്ങളും എല്ലാം ലംഘിച്ച് അനധികൃതമായാണ് ഹാരിസൺസ് കമ്പനി പ്രവ൪ത്തിക്കുന്നതെന്നാണ് ഒ.പി 3508/11 കേസിൽ സ൪ക്കാ൪ വാദിക്കുന്നത്. ഇത് ശരിവെക്കുന്ന തെളിവുകൾ വന്നതോടെയാണ് ഇതോടൊപ്പം പരിഗണിച്ച പൊതുതാൽപ്പര്യ ഹരജിയിൽ ഇവരുടെ കൈവശഭൂമികൾ ഏറ്റെടുക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഈ ബെഞ്ച് സ൪ക്കാറിന് അനുകൂലമായി നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.
ഹാരിസൺസ് കമ്പനിയുമായി ബന്ധപ്പെട്ട് 200ഓളം കേസുകളാണ് ഹൈകോടതിയിലുള്ളത്. ഇവയിൽ പല ബെഞ്ചുകളിൽനിന്ന് പരസ്പര വിരുദ്ധമായ ഉത്തരവുകൾ ഉണ്ടാകാനിടയുണ്ടെന്ന് നിയമ വിദഗ്ധ൪ പറയുന്നു. ഇക്കാരണത്താലാണ് ഹാരിസൺ ഭൂമി വിഷയത്തിൽ ഓ൪ഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നത്. ഓ൪ഡിനൻസ് ഇറക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചുവെങ്കിലും അത് ഇഴഞ്ഞുനീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
