കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃനിരയിൽ അവരോധിക്കാൻ ‘എ’ ഗ്രൂപ്പിൽ തകൃതിയായ നീക്കം. ജൂൺ മൂന്ന്, നാല് തീയതികളിൽ നടക്കുന്ന സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിന് ചാണ്ടി ഉമ്മൻ പത്രിക നൽകിയിട്ടുണ്ട്. സംസ്ഥാന പ്രസിഡൻറ്പദം അതല്ളെങ്കിൽ പ്രഥമ ജനറൽ സെക്രട്ടറി സ്ഥാനം എന്നിവയിലൊന്നിൽ ചാണ്ടി ഉമ്മനെ കൊണ്ടുവരാനാണ് ഗ്രൂപ്പിൽ കരുനീക്കങ്ങൾ നടക്കുന്നത്.
സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് 71 പേ൪ വിവിധ ഗ്രൂപ്പുകളിൽനിന്ന് പത്രിക നൽകിയിട്ടുണ്ട്. ബൂത്ത്, മണ്ഡലം തലങ്ങളിൽനിന്ന് ജയിച്ചുവന്ന 65,000 പേ൪ക്കാണ് വോട്ടവകാശം. ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നയാൾ പ്രസിഡൻറ്, രണ്ടാമത്തെയാൾ വൈസ് പ്രസിഡൻറ്, തുട൪ന്നുവരുന്നവ൪ ജനറൽ സെക്രട്ടറിമാ൪ എന്നിങ്ങനെയാണ് യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പു രീതി.
സംസ്ഥാന യൂത്ത് കോൺഗ്രസിലോ കെ.എസ്.യുവിലോ ഇതുവരെ ഒരു സ്ഥാനവും വഹിക്കാത്തയാളാണ് ചാണ്ടി ഉമ്മൻ. എന്നാൽ, ദൽഹിയിൽ വിദ്യാ൪ഥിയായിരിക്കെ എൻ.എസ്.യു ദൽഹി ഘടകം ജനറൽ സെക്രട്ടറിയായിരുന്നിട്ടുണ്ട്. രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ വന്നശേഷം ഹൈബി ഈഡൻ എൻ.എസ്.യു അഖിലേന്ത്യാ പ്രസിഡൻറായതോടെ ചാണ്ടി ഉമ്മൻ ഏറക്കുറെ ഒൗട്ടായി. കഴിഞ്ഞ യൂത്ത് കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട൪ മാത്രമായിരുന്നു.
കെ. മുരളീധരനെ കോൺഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനെതിരെ കലാപം നയിച്ച എ ഗ്രൂപ്പിൽ ചാണ്ടി ഉമ്മൻെറ പട്ടാഭിഷേക നീക്കം വിവാദം ഉയ൪ത്തിക്കഴിഞ്ഞു. ചാണ്ടി ഉമ്മന് വഴിയൊരുക്കാനാണ് യൂത്ത് കോൺഗ്രസ് നേതൃനിരയിലുള്ള പ്രമുഖരെ ഇത്തവണ ഗ്രൂപ് തഴഞ്ഞതെന്ന് പരാതിയുണ്ട്. വി.ടി. ബലറാം എം.എൽ.എ, ആദം മുൽസി എന്നിവ൪ എ ഗ്രൂപ് വിട്ട് ഐ ഗ്രൂപ്പിൽ ചേക്കേറിയത് ഇക്കാരണത്താലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പിനെ മറികടന്ന് ദൽഹിയിൽ രാഹുൽ ഗാന്ധിയുടെ സ്വാധീനമുപയോഗിച്ച് സീറ്റ് കരസ്ഥമാക്കിയെന്നതാണ് ഇവ൪ക്കെതിരായ ചാ൪ജ്. എന്നാൽ, ചാണ്ടി ഉമ്മന് തടസ്സമാകാതിരിക്കാൻ ഇവരെ അകറ്റിനി൪ത്തിയെന്നാണ് ഗ്രൂപ്പിലെ ഉപശാലാ സംസാരം.
കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡൻറായ ആദം മുൽസി, മുൻ കൊല്ലം ജില്ലാ പ്രസിഡൻറ് സി.ആ൪. മഹേഷ് എന്നിവരായിരിക്കും ഐ ഗ്രൂപ്പിൻെറ പ്രധാന സ്ഥാനാ൪ഥികളെന്ന് ഗ്രൂപ് നേതൃത്വം ഇതിനകം പരസ്യപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ, എ ഗ്രൂപ് ഇതുവരെ പ്രസിഡൻറ് സ്ഥാനാ൪ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇടുക്കി ജില്ലാ പ്രസിഡൻറായിരുന്ന ഡീൻ കുര്യാക്കോസിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയ൪ത്തിക്കാട്ടുന്നുണ്ട്.
ചാണ്ടി ഉമ്മനോട് എതി൪പ്പ് രൂക്ഷമായാൽ ഡീനെ പ്രസിഡൻറ് സ്ഥാനാ൪ഥിയാക്കും. ഡീൻ പ്രസിഡൻറായാൽ ചാണ്ടി ഉമ്മൻ ജനറൽ സെക്രട്ടറിയായേക്കും. മുമ്പ് വയലാ൪ രവി കെ.പി.സി.സി പ്രസിഡൻറും കെ. മുരളീധരൻ ജനറൽ സെക്രട്ടറിയുമായിരുന്ന കാലത്തെ സ്ഥിതിയാകും അപ്പോൾ. പ്രസിഡൻറിനേക്കാൾ വലിയ ജനറൽ സെക്രട്ടറി!
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ ബെന്നി ബെഹനാൻ, പി.ടി. തോമസ് തുടങ്ങിയവരാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിൽ അണിയറ പ്രവ൪ത്തനങ്ങൾ നിയന്ത്രിക്കുന്നത്. കെ. മുരളീധരനെ കോൺഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനെതിരെ പാ൪ട്ടിയിൽ പട നയിച്ചയാളാണ് പി.ടി. തോമസ്. കെ.പി.സി.സി യോഗത്തിൽ കെ. കരുണാകരനെ വേദിയിലിരുത്തി ബാലഗോപാലനെ എണ്ണ തേപ്പിക്കുന്ന പാട്ടോടെ പി.ടി. തോമസ് നടത്തിയ പ്രസംഗം കേരള രാഷ്ട്രീയത്തിൽ പ്രസിദ്ധമാണ്. ഈ പ്രസംഗത്തെ തുട൪ന്ന് പാ൪ട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ് തോമസ്. ഇന്ന് ചാണ്ടി ഉമ്മൻെറ സ്ഥാനാരോഹണത്തിന് ഏറെ താൽപര്യം പ്രകടിപ്പിക്കുന്നതും ഗ്രൂപ്പിനുള്ളിൽ അതിനു മുൻകൈ എടുക്കുന്നതും തോമസ് ആണത്രേ.
സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള 65,000 പേരിൽ എ ഗ്രൂപ്പിനാണ് മുൻതൂക്കമുള്ളത്. ഐ ഗ്രൂപ് തൊട്ടു പിന്നിലുണ്ട്. വയലാ൪ രവിയുടെ ഗ്രൂപ്, ഐ വിഭാഗവുമായി ധാരണയിലത്തെിയിരിക്കയാണ്.
കെ. മുരളീധരൻെറ ഗ്രൂപ് തനിച്ചാണ് മത്സരിക്കുന്നത്. കെ.എസ്.യുവിൽ സംസ്ഥാന നേതൃത്വത്തിലടക്കം പ്രവ൪ത്തിച്ച് പ്രവ൪ത്തന പാരമ്പര്യമുള്ള നിരവധി പേരെ വെട്ടിനിരത്തിയാണ് ചാണ്ടി ഉമ്മനെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്.
എ ഗ്രൂപ്പിൽനിന്ന് പത്രിക നൽകിയ ഏക വനിതയുടെ കാര്യത്തിലും കുടുംബരാഷ്ട്രീയ ആരോപണം പുകയുന്നുണ്ട്. ഇവരുടെ പിതാവ് കെ.പി.സി.സി ഭാരവാഹിയാണ്. സഹോദരൻ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ഉപദേഷ്ടാവും.
കെ. കരുണാകരൻെറ കുടുംബ രാഷ്ട്രീയത്തിനെതിരെ പണ്ട് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഗ്രൂപ് യോഗങ്ങൾ ചേ൪ന്നത് ഇവരുടെ വസതിയിലായിരുന്നു. കരുണാകരനെതിരെ കുടുംബ രാഷ്ട്രീയവും മക്കൾ രാഷ്ട്രീയവും ആരോപിച്ചവ൪ക്കെതിരെ ബൂമറാങ് പോലെ അതേ ആരോപണങ്ങൾ തിരിച്ചുവരുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2013 9:34 AM GMT Updated On
date_range 2013-05-25T15:04:32+05:30ചാണ്ടി ഉമ്മന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്
text_fieldsNext Story