ടി.പി വധം: കാറില്‍നിന്ന് മുടിയും രക്തവും ലഭിച്ചതായി മൊഴി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വധിക്കാൻ പ്രതികൾ എത്തിയെന്ന് കരുതുന്ന ഇന്നോവ കാറിൽനിന്ന് മുടികളും രക്തവും ശേഖരിച്ചതായി കണ്ണൂ൪ ഫോറൻസിക് ലാബ് സയൻറിഫിക് അസിസ്റ്റൻറ് അജീഷ് തൈക്കടവൻ മൊഴി നൽകി. ടി.പി വധിക്കപ്പെട്ടതിന് പിറ്റേന്ന് ചൊക്ളി പുനത്തിൽമുക്കിൽ കണ്ടെത്തിയ ഇന്നോവ കാ൪ പരിശോധിച്ച് ഫ്ളോറിൽനിന്ന് മുടികളും നടുഭാഗം സീറ്റിൻെറ പിറക് കവറിൽനിന്ന് രക്തക്കറകളും ശേഖരിക്കുകയായിരുന്നുവെന്ന് അജീഷ് മാറാട് പ്രത്യേക അഡീ. സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടി മുമ്പാകെ മൊഴിനൽകി. തുട൪ന്ന് കൊല നടന്ന വള്ളിക്കാട്ട് എത്തി റോഡിൽനിന്ന് രക്തസാമ്പിളും ശേഖരിച്ചു. ടി.പി ചന്ദ്രശേഖരൻെറ ബൈക്കിൽ പിൻവശം നമ്പ൪ പ്ളേറ്റിനടുത്തുനിന്ന് രക്തവും മുൻഭാഗം ടയറിൽനിന്ന് പെയിൻറിൻെറ കഷണവും ശേഖരിച്ചു.
2012 മേയ് 22ന് മയ്യഴിയിലെ പ്രതികൾ ഒളിച്ചുതാമസിച്ചതായി കരുതുന്ന വീട്ടിൽനിന്ന് രക്തസാമ്പിൾ ശേഖരിച്ചു. ചൊക്ളിയിലെ കെ.എസ്.ഇ.ബി സബ്സ്റ്റേഷന് സമീപത്തെ വീട്ടിൽനിന്ന് പ്രതികൾ ഇന്നോവ കാറിലെ ഫ്ളോ൪ മാറ്റുകൾ കത്തിച്ചതായി പറയുന്ന ചാരവും ശേഖരിച്ചു. പ്രതി കി൪മാണി മനോജിൻെറ വീട്ടിലെ അലക്കുയന്ത്രം ഫോറൻസിക് ലാബിൽ പരിശോധിച്ചപ്പോൾ അതിൽ രക്തം കണ്ടത് പരിശോധനക്കായി ശേഖരിച്ചതായും അജീഷ് സ്പെഷൽ പ്രോസിക്യൂട്ട൪ അഡ്വ. പി. കുമാരൻകുട്ടിയുടെ വിസ്താരത്തിൽ മൊഴി നൽകി. അലക്കുയന്ത്രത്തിലെ ചോര മനുഷ്യൻേറതാണോയെന്ന് പറയാനാവില്ലെന്നും വീടിന് പിറകുവശത്തുനിന്ന് കിട്ടിയ ചാരം എന്ത് കത്തിയുണ്ടായതാണെന്ന് വ്യക്തമല്ലെന്നും അജീഷ് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ളയുടെ ക്രോസ് വിസ്താരത്തിൽ സമ്മതിച്ചു. ടി.പി. ചന്ദ്രശേഖരൻെറ ബൈക്ക് പരിശോധിച്ചത് ആക്രമണം നടന്ന വള്ളിക്കാട്ട് വെച്ചായിരുന്നുവെന്ന് താൻ നൽകിയ റിപ്പോ൪ട്ടിൽ രേഖപ്പെടുത്തിയത് തെറ്റാണെന്നും വടകര ഡിവൈ.എസ്.പി ഓഫിസിന് സമീപത്തുവെച്ചാണ് ബൈക്ക് പരിശോധിച്ചതെന്നും അജീഷ് മൊഴിനൽകി.
വള്ളിക്കാട്ടുനിന്ന് രക്തം കല൪ന്ന മണ്ണ് എടുത്തുവെന്ന് പൊലീസിൽ പറഞ്ഞ മൊഴി ശരിയല്ലെന്നും രക്തക്കറ ഒപ്പിയെടുക്കുകയായിരുന്നുവെന്നും അജീഷ് ക്രോസ് വിസ്താരത്തിൽ മൊഴിനൽകി. പ്രോസിക്യൂഷൻ ആവശ്യപ്രകാരം കോടതിയിലുള്ള മറ്റു സാക്ഷികളുടെ മൊഴികൾക്കനുസരിച്ച് പൊലീസിൽ നൽകിയ മൊഴിയിലെയും താൻ തയാറാക്കിയ റിപ്പോ൪ട്ടിലെയും കാര്യങ്ങൾ കോടതിയിൽ മാറ്റിപ്പറയുകയാണെന്ന പ്രതിഭാഗം വാദം അജീഷ് നിഷേധിച്ചു.
232ാം സാക്ഷി പാനൂ൪ എസ്.ഐ ജയൻ ഡൊമിനിക്കിൻെറ സാക്ഷി വിസ്താരമാണ് ശനിയാഴ്ച നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
