കൊട്ടിയം: അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിൽ. ആദിച്ചനല്ലൂ൪ സൊസൈറ്റി ജങ്ഷന് സമീപം വരിക്കവിളവീട്ടിൽ ഗിരീഷ് ആണ് പിടിയിലായത്. ഇയാളുടെ ഗ്യാസ് ഗോഡൗണിൽനിന്ന് ഫില്ലിങ് ഉപകരണങ്ങളും സ്പ്രിങ് ബാലൻസും 51 പാചകവാതകസിലിണ്ടറുകളും ഒരു വാഹനവും കൊല്ലം സിറ്റി ഷാഡോ പൊലീസ് മിന്നൽപരിശോധനയിൽ പിടിച്ചെടുത്തു.
സിറ്റി പൊലീസ് കമീഷണ൪ക്ക് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സൊസൈറ്റി ജങ്ഷനിൽ ജനങ്ങൾ തിങ്ങിപ്പാ൪ക്കുന്ന സ്ഥലത്തായിരുന്നു ഗോഡൗണും അപകടകരമായ ഗ്യാസ്ഫില്ലിങും. കുളിമുറിക്കുസമീപം മണ്ണെണ്ണ സ്റ്റൗ കത്തിച്ച് വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് രണ്ട് സിലിണ്ടറുകൾ അതിൽ ഇറക്കിവെച്ചാണ് റീഫില്ലിങ് നടത്തിയിരുന്നത്. മുമ്പ് റീഫില്ലിങ് ചെയ്യുമ്പോൾ ഗിരീഷിന് പൊള്ളലേറ്റിട്ടുണ്ട്. എട്ടുമാസമായി ഗിരീഷ് ഗോഡൗൺ നടത്തുന്നുണ്ട്. കൊല്ലം ടൗണിലും ഓയൂരിലുമുള്ള ചെങ്കുളം ഗ്യാസ് ഏജൻസിയിൽനിന്ന് ഗാ൪ഹിക പാചകവാതക സിലിണ്ടറുകൾ സംഘടിപ്പിച്ച് കൊമേഴ്സ്യൽ സിലിണ്ടറിൽ നിറച്ച് വിൽപന നടത്തിയാണ് ലാഭം ഉണ്ടാക്കിയിരുന്നത്.
അംഗീകൃത ഗ്യാസ് ഏജൻസിയിൽനിന്ന് ലൈനിൽ പോകുന്ന വാഹനങ്ങളിലെ ജീവനക്കാ൪ക്ക് അധികം തുക നൽകിയാണ് സിലിണ്ട൪ സംഘടിപ്പിച്ചിരുന്നത്. ഇത്തരത്തിൽ ദിവസേന കുറഞ്ഞത് 10,000 രൂപവരെ സമ്പാദിക്കുമായിരുന്നു. കഴിഞ്ഞയാഴ്ച ഷാഡോ പൊലീസ് നടത്തിയ റെയ്ഡിൽ കാവനാട് സ്വദേശിയായ ജയകുമാറിൽനിന്ന് 40 ഓളം സിലിണ്ടറുകൾ പിടിച്ചെടുത്തിരുന്നു. വരുംദിവസങ്ങളിൽ ശക്തമായ റെയ്ഡുകൾ സംഘടിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമീഷണ൪ ദേബേഷ്കുമാ൪ ബെഹ്റ അറിയിച്ചു. ഇത്തരം ഗ്യാസ് ഏജൻസികളെയും സംഘങ്ങളെയും നിരീക്ഷിക്കുന്നതിനായി ചാത്തന്നൂ൪ എ.സി.പി സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ കൊട്ടിയം സി.ഐ അനിൽകുമാ൪, ഷാഡോ എസ്.ഐ മാരായ ഫിറോസ്, അശ്വിത്ത്, സി.പി.ഒ മാരായ ഷാജി, ഡാനിയേൽ മണികണ്ഠൻ, ഷിഹാബുദ്ദീൻ, ഗുരുപ്രസാദ്, സജു, മനു, കൃഷ്ണകുമാ൪, ബൈജു, പി. ജറോം എന്നിവരടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.