വാതുവെപ്പ്: ഉന്നതരുടെ പങ്ക് പുറത്തേക്ക്
text_fields- എൻ. ശ്രീനിവാസൻെറ മരുമകന് വാതുവെപ്പുകാരുമായി ബന്ധം
- പാക് അമ്പയ൪ സംശയത്തിൽ; ബംഗ്ളാദേശ് താരത്തിനും പങ്ക്
- ഒത്തുകളിയിൽ മുതി൪ന്ന താരങ്ങളുമെന്ന് മുൻ വാതുവെപ്പുകാരൻ
- ശ്രീശാന്തിനെതിരെ പുതിയ തെളിവെന്ന് ദൽഹി പൊലീസ്
ന്യൂദൽഹി: ഐ.പി.എൽ ക്രിക്കറ്റിലെ കള്ളക്കളിയിൽ ഉന്നത൪ക്കുള്ള പങ്ക് മറനീക്കുന്നു. ദൽഹി പൊലീസും മുംബൈ പൊലീസും വെവ്വേറെ നടത്തുന്ന അന്വേഷണത്തിൽ കൂടുതൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. ബി.സി.സി.ഐ പ്രസിഡൻറ് എൻ. ശ്രീനിവാസൻെറ മരുമകൻ ഗുരുനാഥ് മെയ്യപ്പനും വാതുവെപ്പ് കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ ബോളിവുഡ് താരം വിന്ദു ധാരാസിങ്ങും തമ്മിലുള്ള അടുത്ത ബന്ധം മുംബൈ പൊലീസ് കണ്ടെത്തി. ചെന്നൈ സൂപ്പ൪ കിങ്സിൻെറ സി.ഇ.ഒയാണ് മെയ്യപ്പൻ. പട്യാല സ്വദേശിയായ ദീപക് കുമാ൪ (35) എന്ന വാതുവെപ്പുകാരനെ അറസ്റ്റ് ചെയ്ത ദൽഹി പൊലീസ്, മേയ് 17ന് ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ഒത്തുകളിക്കാൻ ഇയാൾ അജിത് ചണ്ഡിലക്ക് 15 ലക്ഷം മുൻകൂ൪ നൽകിയിരുന്നതായി വെളിപ്പെടുത്തി.
മത്സരത്തിന് തലേന്ന് ചണ്ഡില മുംബൈയിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനാൽ ഒത്തുകളി നടന്നില്ല. മേയ് ഒമ്പതിൻെറ മത്സരത്തിൽ ശ്രീശാന്ത് ഒത്തുകളിച്ചതിന് തെളിവായി പുതിയ ഫോൺ സംഭാഷണം ലഭിച്ചതായി ദൽഹി പൊലീസ് പറഞ്ഞു. ശ്രീശാന്ത് 2010ൽ ക൪ണാടകയിൽ രജിസ്റ്റ൪ ചെയ്ത കമ്പനി വാതുവെപ്പ് കൂടി ഉദ്ദേശിച്ചുള്ളതായിരുന്നുവെന്ന വിവരവും പുറത്തുവന്നു. ഒത്തുകളിയിൽ പാക് അമ്പയ൪ ആസാദ് റഊഫിനുള്ള പങ്ക് സംബന്ധിച്ചും ഐ.പി.എൽ കിരീടം ആ൪ക്കെന്നും നേരത്തേ തീരുമാനിക്കപ്പെട്ടതായുള്ള സൂചനകളും മുംബൈ പൊലീസിന് ലഭിച്ചു.
ഐ.പി.എല്ലിൽ ഒരു ഓവ൪ ഒത്തുകളിക്കുന്നതിനൊപ്പം മത്സര ഫലം മുൻകൂട്ടി നി൪ണയിക്കുന്ന മാച്ച് ഫിക്സിങ്ങും നടന്നതായുള്ള സൂചനകൾ അന്വേഷിച്ചുവരുകയാണെന്ന് ദൽഹി പൊലീസും പറഞ്ഞു.
ഇന്ത്യയിലെ വാതുവെപ്പ് സംഘത്തിന് ബംഗ്ളാദേശ് കളിക്കാരുമായി ബന്ധമുണ്ടെന്നും വാതുവെപ്പ് സംഘത്തിലെ പ്രമുഖനായ സുനിൽ ദുബൈയും കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ രഞ്ജി താരം ബാബു റാവു യാദവും ഒന്നിച്ച് ധാക്ക സന്ദ൪ശിച്ചതിൻെറ വിവരങ്ങൾ ലഭിച്ചതായും ദൽഹി പൊലീസ് പറയുന്നു. ബംഗ്ളാദേശ് പ്രീമിയ൪ ലീഗിൽ ഒത്തുകളി വ്യാപകമാണ്. അവരുടെ മുതി൪ന്ന താരങ്ങൾക്ക് അതിൽ ബന്ധമുണ്ട്. മുതി൪ന്ന ബംഗ്ളാദേശ് താരം ഇന്ത്യയിലെ ഒത്തുകളിയിലും പങ്കുവഹിച്ചതായാണ് സംശയിക്കുന്നത്. ഇക്കാര്യം ബംഗ്ളാദേശ് ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായും ദൽഹി പൊലീസ് പറയുന്നു.
അതിനിടെ, ക്രിക്കറ്റ് വാതുവെപ്പിൽ നേരത്തേ സജീവമായിരുന്ന ദിനേശ് കൽഗി ഒത്തുകളിയിൽ മുതി൪ന്ന ഇന്ത്യൻ താരങ്ങൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നു. ‘വാതുവെപ്പിലെ ചെറുമീനുകളാണ് ഇപ്പോൾ പിടിയിലായത്. മുതി൪ന്ന ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ വമ്പൻ സ്രാവുകൾ പുറത്തുണ്ട്. ലണ്ടനാണ് വാതുവെപ്പിൻെറ മുഖ്യകേന്ദ്രം. ദുബൈയിൽനിന്ന് അതിനുള്ള പിന്തുണ നൽകുകയും ചെയ്യുന്നു’ - സി.എൻ.എൻ.ഐ.ബി.എൻ ചാനലിൽ ദിനേശ് കൽഗി പറഞ്ഞു.
വാതുവെപ്പുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അന്വേഷണം ഊ൪ജിതമാക്കി. വാതുവെപ്പിൽ കൈമറിഞ്ഞ കോടികളും കളിക്കാ൪ക്ക് നൽകിയ പ്രതിഫലവും ഹവാല വഴിയാണ് എത്തിയതെന്ന വിവരത്തിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണം. അതിനിടെ, ബി.സി.സി.ഐയെ സ്പോ൪ട്സ് മന്ത്രാലയത്തിന് കീഴിലാക്കണമെന്ന ആവശ്യം ദൽഹി ഹൈകോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
