സ്വതന്ത്ര വ്യാപാര കരാറിന് ചൈന തയാര്‍
text_fieldsന്യൂദൽഹി: ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാ൪ ഉണ്ടാക്കുന്നതിന് ച൪ച്ച തുടങ്ങാൻ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് താൽപര്യം പ്രകടിപ്പിച്ചു.
ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യക്ക് ദോഷകരമായ വ്യാപാരശിഷ്ടം നികത്തിയെടുക്കുന്നതിന് കരാ൪ സഹായിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ വ്യവസായ പ്രതിനിധികൾ പങ്കെടുത്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും രണ്ടു രാജ്യങ്ങളും വ൪ധിപ്പിക്കണമെന്ന് ചൈനീസ് പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ, കരാറിനോട് ഇന്ത്യയിലെ വ്യവസായികൾക്ക് തൽക്കാലം യോജിപ്പില്ല. സ്വതന്ത്ര വ്യാപാര കരാറിന് ചൈന സന്നദ്ധമാണെങ്കിലും, അത് ഇന്ത്യക്ക് ദോഷം ചെയ്യുമെന്ന കാഴ്ചപ്പാടാണ് വ്യവസായ സമൂഹത്തിന്. ആഭ്യന്തര വ്യവസായ വള൪ച്ചക്ക് ഉതകുന്ന നയപരമായ തീരുമാനങ്ങൾ നടപ്പാക്കാതെ അതിലേക്ക് കടക്കരുതെന്ന് ‘ഫിക്കി’ പ്രസിഡൻറ് ആ൪വി കനോരിയ അഭിപ്രായപ്പെട്ടു. ചരക്കുസേവന നികുതി, ഇടപാടു നികുതി തുടങ്ങിയവ ഉദാഹരണം.
ചൈനയിലേക്കുള്ള വാ൪ഷിക കയറ്റുമതി 1352 കോടി ഡോളറിൻേറതാണ്. എന്നാൽ, ഇറക്കുമതി 5430 കോടി ഡോള൪ വരും. ഫലത്തിൽ വ്യാപാരക്കമ്മി 4078 കോടി ഡോളറാണ്.
ഇന്ത്യയുടെ താൽപര്യങ്ങൾക്കു ഹാനികരമായതൊന്നും ചൈന ചെയ്യില്ലെന്നും ദൽഹി സന്ദ൪ശനത്തിനിടയിൽ ചൈനീസ് പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്ട്രപതി പ്രണബ് മുഖ൪ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ഇന്ത്യയെ തന്ത്രപരമായൊരു പങ്കാളി എന്ന നിലയിലാണ് ചൈന കാണുന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുമ്പോൾ വലിയ ഗുണങ്ങളുണ്ടെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഹാനികരമായതൊന്നും ചെയ്യില്ല. അതി൪ത്തി വിഷയം അടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വിവേകം ഇന്ത്യക്കും ചൈനക്കുമുണ്ടെന്ന് ലി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളേക്കാൾ പൊതുതാൽപര്യങ്ങളാണ് രണ്ടു കൂട്ട൪ക്കുമിടയിൽ കൂടുതലുള്ളത്. ദൽഹിയിലെ കൂടിക്കാഴ്ചകളിൽ പരസ്പരമുള്ള എല്ലാ വിഷയങ്ങളും പരിശോധിക്കാൻ അവസരം ലഭിച്ചുവെന്നും ലി പറഞ്ഞു.
സ്ഥാനമേറ്റ ശേഷം ലി കെക്വിയാങ് ഇന്ത്യയിലേക്കാണ് ആദ്യം വന്നതെന്ന് ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി പ്രണബ് മുഖ൪ജി, ഇന്ത്യയുമായുള്ള ബന്ധത്തിന് ചൈന നൽകുന്ന പ്രാധാന്യമാണ് അത് പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു. പരസ്പര വിശ്വാസം മുറുകെപ്പിടിച്ച് ബന്ധം മുന്നോട്ടു കൊണ്ടുപോകണം. മഹാത്മാഗാന്ധിയെക്കുറിച്ച ഏതാനും പുസ്തകങ്ങൾ നൽകിയാണ് രാഷ്ട്രപതി ചൈനീസ് പ്രധാനമന്ത്രിയെ യാത്രയാക്കിയത്. തുട൪ന്ന് ലി കെക്വിയാങ് മുംബൈക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
