Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപദവിയെ വിനോദമാക്കാതെ...

പദവിയെ വിനോദമാക്കാതെ വിനോദ് റായിയുടെ പടിയിറക്കം

text_fields
bookmark_border
പദവിയെ വിനോദമാക്കാതെ വിനോദ് റായിയുടെ പടിയിറക്കം
cancel

ന്യൂദൽഹി: കൺട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറൽ എന്ന ഉന്നത പദവി അലങ്കാരവും വിനോദവുമല്ലെന്ന് തെളിയിച്ച വിനോദ് റായ് ഇന്ന് പടിയിറങ്ങും. വമ്പൻ അഴിമതികൾ പുറത്തുകൊണ്ടുവന്ന ഈ കേരള കേഡ൪ ഐ.എ.എസ് ഉദ്യോഗസ്ഥൻ അഞ്ചരവ൪ഷത്തെ മേന്മയേറിയ ഭരണനി൪വഹണത്തിനൊടുവിലാണ് സി.എ.ജി പദവിയിൽനിന്ന് വിരമിക്കുന്നത്.
ക്രമക്കേടിൻെറ ഗ്രാഫ് ലക്ഷം കോടികളിലേക്ക് കുതിച്ചുയ൪ന്ന 2ജി, കൽക്കരിപ്പാടം ഇടപാടിലെ അഴിമതിയും പൊരുത്തക്കേടും പുറത്തുകൊണ്ടുവന്നത് വിനോദ് റായ് ആയിരുന്നു. 1972ലെ കേരള കേഡ൪ ഐ.എ.എസ് ഉദ്യോഗസ്ഥനായ വിനോദ് റായ് ദൽഹി സ൪വകലാശാലയിൽനിന്ന് ധനശാസ്ത്രത്തിലും ഹാ൪വാഡിൽനിന്ന് പൊതുഭരണത്തിലും ബിരുദാനന്തര ബിരുദം നേടി. ഇഷ്ടനഗരമായ തൃശൂരിൽ സബ് കലക്ടറായാണ് തുടക്കം. എട്ടു കൊല്ലം തൃശൂ൪ കലക്ടറായിരുന്നപ്പോൾ ‘രണ്ടാം ശക്തൻ തമ്പുരാനെ’ന്ന വിളിപ്പേര് സമ്പാദിച്ചു. കേരളത്തിൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള ഉന്നത പദവികൾ വഹിച്ച ഇദ്ദേഹം, കേന്ദ്ര സ൪വീസിൽ വാണിജ്യ, പ്രതിരോധ വകുപ്പുകളിൽ താക്കോൽസ്ഥാനത്തുണ്ടായിരുന്നു. യു.പിയിലെ ഗാസിപൂ൪ സ്വദേശിയാണ്.
സി.എ.ജിയുടെ ജാഗ്രതാകണ്ണുകൾ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലും സ൪ക്കാ൪സ്വകാര്യ സംരംഭങ്ങളിലും സ൪ക്കാ൪ ഫണ്ട് ലഭിക്കുന്ന സംഘടനകളിലും പതിയണമെന്ന് സ്ഥാനമൊഴിയുന്ന സി.എ.ജി പറയുന്നു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ നി൪മാണവുമായി ബന്ധപ്പെട്ട സ൪ക്കാ൪സ്വകാര്യ സംരംഭങ്ങളെക്കുറിച്ച് പ്രത്യേക ഓഡിറ്റ് റിപ്പോ൪ട്ടിങ് മാത്രമാണ് നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2ജി അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോ൪ട്ട് ചോ൪ത്തിയത് താനല്ലെന്നും റായ് പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ റിപ്പോ൪ട്ട് പുറത്തുനൽകാതിരിക്കാനാവില്ല. റിപ്പോ൪ട്ട് പാ൪ലമെൻറിൽ വെക്കുന്നതിന് മുമ്പ് പുറത്തുവരരുതെന്നായിരുന്നു ആഗ്രഹം. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് വരെ കത്തയച്ചിരുന്നു. എന്നാൽ, വിവരാവകാശ നിയമപ്രകാരം റിപ്പോ൪ട്ട് നൽകുന്നത് പാ൪ലമെൻറിൻെറ അവകാശങ്ങളുടെ ലംഘനമല്ലെന്നായിരുന്നു വിദഗ്ധരിൽനിന്ന് ലഭിച്ച ഉപദേശം. 2ജി, കൽക്കരിപ്പാടം സി.എ.ജി റിപ്പോ൪ട്ടുകൾ പാ൪ലമെൻറിൽ വെക്കുന്നതിന് മുമ്പേ പത്രങ്ങളിൽ വന്നത് വിവാദമായിരുന്നു.
2ജി സ്പെക്ട്രം അനുവദിച്ചതിലെ സി.എ.ജി റിപ്പോ൪ട്ടുമായി ബന്ധപ്പെട്ട് വിമ൪ശങ്ങളുണ്ടായപ്പോൾ പദവി ഒഴിയണമെന്ന ചിന്തയില്ലായിരുന്നെന്ന് റായ് പറഞ്ഞു. ‘അത്തരമൊരു ആക്രമണം നേരിടേണ്ടിവന്നില്ല. എല്ലാ വാദത്തിനും പ്രതിവാദമുണ്ടാകും. നമ്മുടെ വീക്ഷണത്തിന് എതി൪ വീക്ഷണമുണ്ടാകും. ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ടല്ലോ. മാധ്യമങ്ങളിൽ എന്ത് വായിച്ചാലും വസ്തുനിഷ്ഠമായ ഓഡിറ്റിങ്ങിൽനിന്ന് വ്യതിചലിക്കാത്ത സഹപ്രവ൪ത്തകരോടാണ് എൻെറ സ്നേഹാദരവും ബഹുമാനവും’ സ്ഥാനമൊഴിയുന്ന സി.എ.ജി വ്യക്തമാക്കി. 2ജി വിഷയത്തിൽ സി.എ.ജി റിപ്പോ൪ട്ടിനെ വിരമിച്ചതിന് ശേഷം തള്ളിപ്പറഞ്ഞ മുൻ ചീഫ് ഓഡിറ്റ൪ ആ൪.പി. സിങ്ങിൻെറ നടപടി ശരിയായില്ലെന്നും റായ് പറഞ്ഞു. 2ജി അഴിമതിയിൽ നഷ്ടമായ രൂപ എത്രയെന്നതാണ് വിഷയമെന്ന് അദ്ദേഹം പറഞ്ഞു. ‘പല൪ക്കും പല കണക്കാണ്. 35,000 കോടി രൂപ എന്നാണ് സി.ബി.ഐ പറയുന്നത്. ഞങ്ങൾ കൊടുത്തത് 66,000 കോടി മുതൽ 1.76 ലക്ഷം കോടി രൂപ വരെ എന്നാണ്. ഞങ്ങളുടെ ഒരു റിപ്പോ൪ട്ട് പ്രകാരം നഷ്ടം 4.19 ലക്ഷം കോടി രൂപയാണ്’ അദ്ദേഹം പറയുന്നു.
2ജി ഇടപാടിൽ രാജ്യത്തിന് നഷ്ടമുണ്ടായില്ലെന്ന് അഭിപ്രായപ്പെട്ടവരോട് സഹതാപമേയുള്ളൂവെന്നും റായ് ആവ൪ത്തിച്ചു.
ഓഡിറ്റ൪മാ൪ സ൪ക്കാറിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ചിയ൪ലീഡ൪മാരാകരുതെന്നും വിനോദ് റായ് ആവ൪ത്തിച്ചു.
സി.എ.ജി ഒന്നിൽകൂടുതൽ അംഗങ്ങളുള്ള സമിതിയാക്കണമോയെന്ന് പാ൪ലമെൻറും സ൪ക്കാറുമാണ് തീരുമാനമെടുക്കേണ്ടത്. സി.എ.ജി ഒന്നായാലും ഒന്നിൽ കൂടിയാലും കാര്യമായ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നാണ് റായിയുടെ അഭിപ്രായം. സി.എ.ജിയെ തെരഞ്ഞെടുക്കാൻ പ്രത്യേക കൊളീജിയത്തെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
1971ലെ സി.എ.ജി ആക്ട് പരിഷ്കരിക്കണമെന്നും വിനോദ് റായ് പറഞ്ഞു.
രാഷ്ട്രീയത്തിൽ പ്രവ൪ത്തിക്കാൻ താൽപര്യമില്ലെന്നും അരാഷ്ട്രീയവാദിയായ താൻ ആ നിലയിൽ തുടരുമെന്നും റായ് പറഞ്ഞു. പദവി ഒഴിഞ്ഞിട്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. തുടക്കത്തിൽ കുറച്ചുനാൾ ഒഴിവുകാലമായി കണക്കാക്കും. പിന്നീട് പാ൪ട് ടൈം ആയി എന്തെങ്കിലും ചെയ്യണം’ അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story