അത്യുന്നതിയില്‍ ‘അരുണിമ ശോഭ’
text_fieldsകാഠ്മണ്ഡു: അപകടത്തിൽ ഇടതുകാൽ നഷ്ടമായ അരുണിമയുടെ മനക്കരുത്തിന് മുന്നിൽ എവറസ്റ്റ് മഞ്ഞുമലയും കീഴടങ്ങി. കൃത്രിമക്കാലുമായി എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി മുൻ ദേശീയ വോളിബാൾ താരമായ അരുണിമ സിൻഹ സ്വന്തമാക്കി. ‘ലോകത്തിൻെറ നെറുകയായ എവറസ്റ്റിൻെറ 8,848 മീറ്റ൪ എന്ന വിഖ്യാത ഉയരം ചൊവ്വാഴ്ച രാവിലെ 10.55നാണ് ഈ 25കാരി താണ്ടിയത്.
ടാറ്റ ഗ്രൂപ്പിൻെറ ഇക്കോ എവറസ്റ്റ് എക്സ്പെഡിഷൻ സംഘത്തിനൊപ്പമാണ് അരുണിമ ഹിമവാൻെറ അത്യുന്നതിയിൽ ത്രിവ൪ണ പതാക പാറിച്ചത്.
ദേശീയ വോളിതാരമായിരുന്ന അരുണിമ യു.പിയിലെ അംബേദ്ക൪ നഗ൪ സ്വദേശിയാണ്്. 2011 ഏപ്രിൽ 12ന് ലഖ്നോവിൽനിന്ന് ദൽഹിക്ക് പോകുമ്പോൾ മാലമോഷണശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാക്കൾ അരുണിമയെ ട്രെയിനിൽനിന്ന് വലിച്ചെറിയുകയായിരുന്നു. കുതിച്ചുപായുന്ന പത്മാവതി എക്സ്പ്രസിലെ ജനറൽ കമ്പാ൪ട്ട്മെൻറിൽനിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെട്ട അരുണിമയെ മറ്റൊരു ട്രെയിൻ ഇടിച്ചു. ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയിലെത്തിയ ഈ യുവതിക്ക് ജീവൻ തിരിച്ചു കിട്ടി. എന്നാൽ, ജീവൻ രക്ഷിക്കാൻ ഇടതുകാൽ ബലികൊടുക്കേണ്ടി വന്നു.
വേദനകളിൽ തളരാതെ മുന്നോട്ടുപോയ അരുണിമ, വൈകല്യം ഒരു ബാധ്യതയല്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. കൃത്രിമക്കാൽ ഘടിച്ച അരുണിമ, ബചേന്ദ്രിപാലിനെ കണ്ടതാണ് കൊടുമുടികൾ കീഴടക്കാനുള്ള ആഗ്രഹത്തിന് നിമിത്തമായത്്.
എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായ ബചേന്ദ്രി പാൽ ടാറ്റ സ്റ്റീൽ അഡ്വെഞ്ച൪ ഫൗണ്ടേഷൻെറ ഉന്നതാധികാരി എന്ന നിലയിൽ അരുണിമക്ക് പ്രോത്സാഹനമേകി. സഹോദരനും പട്ടാള ഉദ്യോഗസ്ഥനുമായ ഓംപ്രകാശും അനിയത്തിയെ പിന്തുണച്ചു. ഉത്തരകാശി പ൪വതനിരകളിൽ പരിശീലിച്ചാണ് തുടങ്ങിയത്. കഴിഞ്ഞ വ൪ഷം ലഡാക്കിലെ ചംസേ൪ കാങ്ഗ്രിയിലെ 6,622 മീറ്റ൪ കൊടുമുടി അരുണിമ കീഴടക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇരട്ടകളായ താഷിയും നാൻസിയും എവറസ്റ്റ് കീഴടക്കിയിരുന്നു. എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇരട്ടകളെന്ന ബഹുമതി ഇവ൪ സ്വന്തമാക്കിയതിന് പിറ്റേ ദിവസമാണ് അരുണിമയുടെ അതുല്യ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
