ദേശീയപാത: നഷ്ടപരിഹാരം കൈപ്പറ്റാത്തവരെ ഒഴിപ്പിച്ചുതുടങ്ങി
text_fieldsമണ്ണുത്തി: ദേശീയപാത 47 വികസനത്തിൻെറ ഭാഗമായി നഷ്ടപരിഹാരം കൈപ്പറ്റാത്ത പുറമ്പോക്കുനിവാസികളെ ഒഴിപ്പിച്ചു തുടങ്ങി. ശനിയാഴ്ച വാണിയമ്പാറ ഭാഗത്ത് ഇവരുടെ വീടുകൾ പൊളിച്ചു. പലരെയും ഭീഷണിപ്പെടുത്തിയാണ് ഒഴിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. വീട്ടുസാധനങ്ങൾ മാറ്റാൻ രണ്ടുദിവസം സമയം നൽകിയിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ 11ഓടെ താണിപ്പാടം മുതൽ വാണിയമ്പാറ വരെ മുപ്പതോളം വീടുകളാണ് പൊളിച്ചത്. കോടതി ഉത്തരവനുസരിച്ചാണ് വീടുകൾ പൊളിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കോടതി ഉത്തരവിനെതിരെ ആരും അപ്പീൽ നൽകാത്തതിനാൽ നടപടി സ്വീകരിക്കുകയാണെന്നും മുമ്പ് നിശ്ചയിച്ച നഷ്ടപരിഹാരം ലഭിക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
വൻ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥ൪ ഒഴിപ്പിക്കലിന് എത്തിയത്. ഒഴിപ്പിക്കൽ ആരംഭിച്ച ആദ്യ സ്ഥലത്തെ താമസക്കാരി മണ്ണെണയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വനിതാ പൊലീസ് കാൻ തിരിച്ചുവാങ്ങി അനുനയിപ്പിച്ച ശേഷമാണ് ഇവരുടെ വീടിൻെറ ഒരു ഭാഗം പൊളിച്ചത്. മറ്റൊരു വീട്ടുടമ തന്നെ അറസ്റ്റ് ചെയ്ത ശേഷമെ പൊളിക്കാൻ അനുവദിക്കൂ എന്ന് അലറിക്കരഞ്ഞ് വീട്ടിൽത്തന്നെ ഇരുന്നു. കലക്ട൪ ഉച്ചക്ക് ശേഷം ച൪ച്ചക്ക് വിളിച്ചിട്ടുണ്ടെന്ന് തെറ്റിധരിപ്പിച്ച് മണ്ണുത്തി എസ്.ഐയും മറ്റും ചേ൪ന്ന് ഇയാളെയും ഭാര്യയെയും വീട്ടിൽനിന്ന് മാറ്റിയെന്ന് ആക്ഷേപമുണ്ട്. ഒഴിയാൻ വിസമ്മതിച്ച് പുറമ്പോക്കിൽ താമസിക്കുന്നവ൪ നക്സലുകളാണെന്ന് അസി. കമീഷണ൪ അധിക്ഷേപിച്ചതായും ആരോപണമുണ്ട്.
ശനിയാഴ്ച രാവിലെ രണ്ട് എക്സ്കവേറ്ററുകളും മണ്ണുത്തി, പീച്ചി സ്റ്റേഷനുകളിൽനിന്ന് ക്യാമ്പിൽനിന്നുമുള്ള പൊലീസുകാരുമായാണ് ഒഴിപ്പിക്കലിന് എത്തിയത്. ഒല്ലൂ൪ സി.ഐ എൻ.കെ. സുരേന്ദ്രൻ, ഡെപ്യൂട്ടി കലക്ട൪ രാജേന്ദ്രപ്രസാദ് എന്നിവ൪ നേതൃത്വം നൽകി.
മണ്ണുത്തി മുതൽ തോട്ടപ്പടി വരെയുള്ള ഭാഗത്തെ പുറമ്പോക്കിലുള്ളവ൪ നഷ്ടപരിഹാര തുക കൈപ്പറ്റിയതിനാൽ ഇവ൪ക്ക് 24 മണിക്കൂറാണ് സമയം അനുവദിച്ചത്.
അടുത്ത ദിവസങ്ങളിൽ ഇവ൪ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
