ടി.പിയെ ആക്രമിച്ചത് അറിയുന്നത് 10.25നെന്ന് പൊലീസ് മൊഴി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ ആക്രമിക്കപ്പെട്ടത് വടകര പൊലീസ് സ്റ്റേഷനിൽ ആദ്യമറിയുന്നത് രാത്രി 10.25 നാണെന്ന് സാക്ഷിമൊഴി. ടി.പി വധിക്കപ്പെട്ട 2012 മേയ് നാലിന് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന സീനിയ൪ സിവിൽ പൊലീസ് ഓഫിസറും 135ാം സാക്ഷിയുമായ അശോകനാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി ആ൪.നാരായണ പിഷാരടി മുമ്പാകെ മൊഴി നൽകിയത്.
ടി.പിയുടെ രക്തക്കറയുള്ള വാച്ച് 134ാം സാക്ഷിയും പ്രത്യേക അന്വേഷണ സംഘാംഗവുമായ കാക്കൂ൪ സ്റ്റേഷൻ സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ പി.പി. രാജീവ് കോടതിയിൽ തിരിച്ചറിഞ്ഞു.
വള്ളിക്കാട് ടൗണിൽ എന്തോ ആക്രമണം നടന്നുവെന്ന് ഫോണിൽ ആരോ വിളിച്ചുപറയുകയായിരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ ഫോൺ കട്ട് ചെയ്തു. ക്രമസമാധാന ഡ്യൂട്ടി കഴിഞ്ഞെത്തിയ എസ്.ഐയോട് വിവരം പറഞ്ഞു.തുട൪ന്ന് അദ്ദേഹവും പൊലീസ് സംഘവും സ്ഥലത്തേക്ക് പോയി. രാത്രി 11.30 ന് എസ്.ഐ സ്റ്റേഷനിൽ തിരിച്ചെത്തിയപ്പോഴാണ് ടി.പിയാണ് വധിക്കപ്പെട്ടതെന്ന് മനസ്സിലായതെന്ന് സ്പെഷൽ പ്രോസിക്യൂട്ട൪ അഡ്വ.പി. കുമാരൻകുട്ടിയുടെ വിസ്താരത്തിൽ അശോകൻ മൊഴി നൽകി.
സി.പി.എം വള്ളിക്കാട് ലോക്കൽ കമ്മിറ്റിയംഗവും കേസിൽ പ്രോസിക്യൂഷൻ ഒഴിവാക്കിയ സാക്ഷിയുമായ പ്രജിത്താണ് സ്റ്റേഷനിൽ സംഭവം വിളിച്ചറിയിച്ചതെന്ന പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ളയുടെ വാദം അശോകൻ നിരസിച്ചു. സ്റ്റേഷനിലെ കോള൪ ഐഡി തകരാറിലായിരുന്നുവെന്ന് പറഞ്ഞ അശോകൻ സ്റ്റേഷനിലെ ഫോൺ നമ്പ൪ ഓ൪ക്കുന്നില്ലെന്നും മൊഴി നൽകി. രാത്രി 9.25 നാണ് ഫോൺ വന്നതെന്നും സ്റ്റേഷനിലെ ജി.ഡിയിൽ ഇത് തിരുത്തി 10.25 ആക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. രാത്രി കേസ് രജിസ്റ്റ൪ ചെയ്തിട്ടില്ലെന്ന പ്രതിഭാഗം വാദവും അശോകൻ നിഷേധിച്ചു.
ടി.പിയുടെ മൃതദേഹം മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ, താഴെ വീണ വാച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ത്രീ എടുത്തുകൊടുത്തതാണ് എന്ന് പറഞ്ഞ് വിശ്വാസ് എന്നയാൾ വടകര ഡിവൈ.എസ്.പി ഓഫിസിൽ 2012 മേയ് എട്ടിന് ഉച്ചക്ക് കൊണ്ടുവരുകയായിരുന്നുവെന്ന് 134ാം സാക്ഷി രാജീവ് മൊഴി നൽകി. ടി.പി വധിക്കപ്പെട്ടതിന് പിറ്റേന്നു മുതൽ കുറ്റപത്രം സമ൪പ്പിക്കുംവരെ അന്വേഷണസംഘത്തോടൊപ്പമുണ്ടായിരുന്നുവെന്നും രാജീവൻ മൊഴി നൽകി. വാച്ച് വള്ളിക്കാട് നിന്ന്ആ൪ക്കോ കിട്ടിയതാണെന്നും വാച്ച് ഹാജരാക്കിയ വിശ്വാസ് ആ൪.എം.പി നേതാവിൻെറ ബന്ധുവും ആ൪.എം.പി പ്രവ൪ത്തകനുമാണെന്നുമുള്ള പ്രതിഭാഗം വാദം രാജീവൻ നിഷേധിച്ചു.
വള്ളിക്കാട് ഫ്രണ്ട്സ് ക്ളബിൻെറ വാ൪ഷികാഘോഷവുമായി ബന്ധപ്പെട്ട രേഖകൾ അജിത് അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാക്കിയതും പ്രതികളെത്തിയ ഇന്നോവ കാറിന് ഈടായി പ്രതികൾ കൊടുത്ത രേഖകൾ കാ൪ ഉടമ ശ്രീജേഷ് ഹാജരാക്കിയതും തൻെറ സാന്നിധ്യത്തിലായിരുന്നുവെന്ന് രാജീവൻ മൊഴി നൽകി. 35ാം പ്രതി ഷോഭി, 36ാം പ്രതി ജിജേഷ്കുമാ൪, 39ാം പ്രതി എം. അഭിനേഷ് എന്നിവരുമായി വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിന് പോയതായും രാജീവൻ കോടതിയിൽ പറഞ്ഞു. അഭിനേഷിനൊപ്പം സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലെത്തി നിരീക്ഷണ മഹസ൪ തയാറാക്കി. അതിൽ പാ൪ട്ടി ഏരിയാ സെക്രട്ടറി സാക്ഷിയായി ഒപ്പിട്ടിരുന്നു. അഭിനേഷിനെയും ഷോഭിയെയും കോടതിയിൽ രാജീവൻ തിരിച്ചറിഞ്ഞു. ജിജേഷ് കുമാ൪ ഹാജരില്ലാത്തതിനാൽ, പ്രതിയെ തിരിച്ചറിയുമെന്ന രാജീവൻെറ മൊഴിയെ പ്രതിഭാഗം എതി൪ത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
