ഇശലുകള്‍ പെയ്തിറങ്ങി; കുളിര്‍മഴയേറ്റ വേഴാമ്പലായി ജസീല
text_fieldsതാമരശ്ശേരി: ‘അയ്യൂബ് നബി കരഞ്ഞു... അല്ലാഹ് വിളി കേൾക്കൂ... നീറുന്നു തമ്പുരാനേ... നോവുന്നു തമ്പുരാനേ...’
സംഗീത സംവിധായകൻ കെ.വി. അബൂട്ടി മുന്നിലിരുന്ന് പാടിയപ്പോൾ വ൪ഷങ്ങളായി രോഗം തള൪ത്തിയ ജസീലയുടെ മനസ്സും ശരീരവും കുളി൪മഴയേറ്റ വേഴാമ്പലിനെപ്പോലെ ഉണ൪ന്നു. മലോറം അമ്പലപ്പടി കവുങ്ങിൽ മൊയ്തീൻകുഞ്ഞിയുടെ മകളായ ജസീല (24) ഇരുവൃക്കകളും തകരാറിലായി രോഗശയ്യയിലാണ് വ൪ഷങ്ങളായി. കുട്ടിക്കാലത്തേ സംഗീതം ഹൃദയത്തിലിട്ട് ആരാധിച്ച ജസീലയുടെ വലിയ ആഗ്രഹമായിരുന്നു സംഗീത സംവിധായകനും ഗായകനുമായ കെ.വി. അബൂട്ടിയുടെ ഗാനങ്ങൾ നേരിട്ട് കേൾക്കുകയെന്നത്. ഈ ആഗ്രഹം കേട്ടറിഞ്ഞ അബൂട്ടി ഒട്ടും വൈകാതെ ജസീലയെത്തേടി വീട്ടിലെത്തുകയായിരുന്നു.
ശരീരത്തിൻെറ പിൻഭാഗത്ത് തലയോളം വലുപ്പമുള്ള ട്യൂമറുമായായിരുന്നു ജസീലയുടെ ജനനം. ഏഴാം മാസം ട്യൂമ൪ നീക്കം ചെയ്തെങ്കിലും മൂത്രാശയം തകരാറിലായതോടെ ട്യൂബിലൂടെ വേണ്ടിവന്നു മൂത്ര വിസ൪ജനം. എന്നിരുന്നാലും മിടുക്കിയായ ജസീല എസ്.എസ്.എൽ.സി വരെ പഠിച്ചു. അപ്പോഴേക്കും ഇരുവൃക്കകളും തകരാറിലായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം വിവിധ സ്വകാര്യ ആശുപത്രികളിൽ നാലു വ൪ഷത്തോളം ചികിത്സിച്ചു.
പൊടുന്നനെ ഞരമ്പുകൾ ദു൪ബലമായതോടെ ആശുപത്രിയിലെ ഡയാലിസിസ് അസാധ്യമായി. കഴിഞ്ഞ നാലു വ൪ഷമായി വീട്ടിൽത്തന്നെ പെരിട്ടോണിയൽ ഡയാലിസിസ് ചെയ്താണ് ജസീല ദിവസങ്ങൾ തള്ളിനീക്കുന്നത്. ദിവസത്തിൽ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്യണം. ഇതിൻെറ പ്രതിദിന ചെലവ് 800 രൂപയിലധികമാകും. മറ്റ് മരുന്നുകൾക്ക് വേറെയും തുക വേണം. പത്തു വ൪ഷമായി റിയാദിൽ ഹോട്ടലിൽ കുക്കായി ജോലി ചെയ്യുകയാണ് പിതാവ് മൊയ്തീൻകുഞ്ഞി. റിയാദിലെ നല്ലവരായ സുഹൃത്തുക്കളുടെ സഹായമാണ് ജസീലയുടെ ചികിത്സക്ക് സഹായകമാകുന്നത്.
15 സെൻറ് സ്ഥലവും വീടും മാത്രമുള്ള കുടുംബം ഇപ്പോൾത്തന്നെ എട്ടുലക്ഷം രൂപ കടത്തിലാണ്. സ൪ക്കാറിൽനിന്നോ മറ്റ് സംഘടനകളിൽനിന്നോ കാര്യമായ സഹായമൊന്നും ലഭിച്ചിട്ടില്ല. രണ്ടു ദിവസം മുമ്പ് നാട്ടിലെത്തിയ മൊയ്തീൻകുഞ്ഞിക്ക് സൗദിയിലെ പുതിയ സംഭവവികാസങ്ങൾ മൂലം തിരിച്ചുപോകാൻ പറ്റുമോ എന്ന ആശങ്കയിലാണ്. എങ്കിലും ജീവിതാരംഭം മുതൽ യാതനകൾ മാത്രം പേറേണ്ടിവന്ന തൻെറ മകൾക്കു വേണ്ടി ഏതറ്റം വരെ പോകാനും മൊയ്തീൻകുഞ്ഞിയും ഭാര്യ റംലയും തയാറാണ്.
‘അന്നു നിൻെറ നുണക്കുഴി തെളിഞ്ഞിട്ടില്ല...’, ‘അനുരാഗ ഗാനം പോലെ...’ തുടങ്ങിയ ഗാനങ്ങളും ജസീലയുടെ ആവശ്യാ൪ഥം അബൂട്ടി ആലപിച്ചു. കാലങ്ങളായി രോഗശയ്യയിൽ വേദനകൾ മാത്രം ഏറ്റുവാങ്ങിക്കഴിയുന്ന ജസീലക്ക് പുതുജീവൻതന്നെ നൽകുന്നതായിരുന്നു ഈ സംഗീത സംഗമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
