മാലേഗാവ് സ്ഫോടനം: സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം ഈയാഴ്ച
text_fieldsമുംബൈ: 2006ലെ മാലേഗാവ് സ്ഫോടന പരമ്പര കേസിൽ മുമ്പ് അറസ്റ്റിലായ ഒമ്പത് സിമി പ്രവ൪ത്തകരെ കേസിൽ നിന്ന് ഒഴിവാക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കോടതിയിൽ ആവശ്യപ്പെടും. കേസിലെ പുനരന്വേഷണത്തിൽ അറസ്റ്റിലായ നാല് ആ൪.എസ്.എസ്, ബജ്റംഗ്ദൾ പ്രവ൪ത്തക൪ക്കെതിരെ ഉടൻ കുറ്റപത്രം സമ൪പ്പിക്കുമെന്നും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. ഒരാഴ്ചക്കകം കുറ്റപത്രവും സിമി പ്രവ൪ത്തകരെ കുറ്റമുക്തരാക്കാനുള്ള അപേക്ഷയും പ്രത്യേക മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മോക്ക) കോടതി മുമ്പാകെ സമ൪പ്പിക്കാനുള്ള തയാറെടുപ്പിലാണ് എൻ.ഐ.എ.
2006 സെപ്റ്റംബ൪ എട്ടിനാണ് മാലേഗാവിലെ ഹാമിദിയ മസ്ജിദ്, തൊട്ടുള്ള ബഡേ ഖബറിസ്ഥാൻ, മുശാവറത്ത് ചൗക്ക് എന്നിവിടങ്ങളിൽ 37 പേരുടെ ജീവനപഹരിച്ച സ്ഫോടനങ്ങളുണ്ടായത്. കെ.പി. രഘുവംശിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) യാണ് തുടക്കത്തിൽ കേസ് അന്വേഷിച്ചത്. സ്ഫോടനം നടന്ന് 54 ദിവസത്തിനകം ഒമ്പത് സിമി പ്രവ൪ത്തകരെ അറസ്റ്റ് ചെയ്ത എ.ടി.എസ് കോടതിയിൽ കുറ്റപത്രവും സമ൪പ്പിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ച ആ൪.ഡി.എക്സ് ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള സിമി പ്രവ൪ത്തക൪ക്കേ ലഭിക്കുകയുള്ളൂ എന്ന മുൻവിധിയാണ് സിമി പ്രവ൪ത്തകരുടെ അറസ്റ്റിന് വഴിവെച്ചത്. മാലേഗാവിലെ ജനങ്ങളുടെ സമ്മ൪ദത്തെ തുട൪ന്ന് കേസ് സി.ബി.ഐക്ക് കൈമാറിയെങ്കിലും സി.ബി.ഐ എ.ടി.എസിൻെറ കണ്ടെത്തലുകൾ ശരിവെച്ച് അനുബന്ധ കുറ്റപത്രം സമ൪പ്പിക്കുകയായിരുന്നു.
2009ൽ സ്വാമി അസിമാനന്ദയുടെ അറസ്റ്റും കുറ്റസമ്മതമൊഴിയുമാണ് കേസിൻെറ പുനരന്വേഷണത്തിന് വഴിവെച്ചത്. 2011 ഏപ്രിലിൽ കേസ് എൻ.ഐ.എ ഏറ്റെടുത്തു. തുട൪ന്ന്, എൻ.ഐ.എ എതി൪ക്കാത്തതിനാൽ ഒമ്പത് സിമി പ്രവ൪ത്തക൪ക്കും മോക്ക കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ ധൻസിങ്, ലോകേഷ് ശ൪മ, മനോഹ൪ സിങ്, രാജേന്ദ്ര ചൗധരി എന്നിവരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. സംഘ്പരിവാറിലെ ഉന്നതരുടെ നി൪ദേശ പ്രകാരം ആ൪.എസ്.എസ് പ്രചാരകനായിരുന്ന സുനിൽ ജോഷിയാണ് മാലേഗാവ്, സംഝോത എക്സ്പ്രസ് ട്രെയിൻ, മക്ക മസ്ജിദ്, അജ്മീ൪ ദ൪ഗ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതും അവ നടപ്പാക്കാനുള്ള പരിശീലനക്കളരി ഒരുക്കിയതുമെന്ന് അറസ്റ്റിലായവ൪ മൊഴി നൽകി.
2006 തുടക്കത്തിൽ ഇന്ദോറിലെ ബഗ്ലിയിലാണ് പരിശീലന ക്യാമ്പ് നടന്നത്. സുനിൽ ജോഷിയുടെ വലംകൈയായിരുന്ന രാംജി കൽസങ്കരയാണ് സ്ഫോടനങ്ങൾ നടപ്പാക്കിയത്. രാംജി കൽസങ്കരയും കൂട്ടാളികളായ രാജ് മെഹുൽ, സന്ദീപ് ഡാങ്കെ എന്നവരും മാലേഗാവ് സ്ഫോടന കേസിൽ പിടികിട്ടാപ്പുള്ളികളാണ്.
കൽസങ്കര, ധൻസിങ്, മനോഹ൪ സിങ്, രാജേന്ദ്ര ചൗധരി എന്നിവരാണ് ബോംബുകൾ സ്ഥാപിച്ചത്. ആ൪.ഡി.എക്സും മുസ്ലിംകൾ എന്ന് തോന്നിപ്പിക്കുന്നതിനുള്ള വസ്ത്രങ്ങളും കൊണ്ടുവന്നത് കൽസങ്കരയാണെന്ന് എൻ.ഐ.എ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
