മൗനം, ഗൗരവം: വി.എസ് മടങ്ങിയെത്തി
text_fieldsതിരുവനന്തപുരം: പാ൪ട്ടി അച്ചടക്കത്തിൻെറ പ്രഹരമേറ്റ് കനത്ത മുഖവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ തലസ്ഥാനത്ത് തിരിച്ചെത്തി. രണ്ട് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം 4.35 നാണ് ദൽഹി- മുംബൈ- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ അദ്ദേഹം എത്തിയത്.
ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിൻെറ വാ൪ത്താ സമ്മേളന ശേഷം മറുപടി പറയാമെന്നാണ് ദൽഹിയിൽ നിന്ന് മടങ്ങുമ്പോൾ വി.എസ് സൂചിപ്പിച്ചത്. അതുകൊണ്ട് തന്നെ മാധ്യമ പ്രവ൪ത്തകരും ഫോട്ടോഗ്രാഫ൪മാരും മണിക്കൂറുകൾക്ക് മുമ്പേ വിമാനത്താവളത്തിൽ തമ്പടിച്ചിരുന്നു. 4.50 ന് വിമാനത്താവളത്തിൻെറ വാതിലിന് പുറത്ത് വി.എസ് എത്തി. കൂടെ താങ്ങും തണലുമായ പേഴ്സനൽ സ്റ്റാഫ് എ.സുരേഷും. പാ൪ട്ടി നേതൃത്വത്തിൻെറ കണക്ക്കൂട്ടലുകൾ തെറ്റിക്കുന്ന അതേ വൈദഗ്ധ്യത്തോടെ ദൃശ്യമാധ്യമ പ്രവ൪ത്തക൪ തയാറാക്കിവെച്ച കാമറകൾക്ക് മുന്നിൽപെടാതെ വി.എസ് വശംമാറി നടന്നു. തുട൪ന്ന് വി.എസിനെ പിടിക്കാനായി മാധ്യമ പ്രവ൪ത്തകരുടെ ഉന്തും തള്ളും. പിന്നെ പ്രതികരണത്തിനുള്ള മുറവിളി. വിശ്വസ്തരെ നഷ്ടപ്പെട്ടതിൻെറ പ്രതികരണം ഗൗരവത്തിലും മൗനത്തിലും ഒതുക്കിയിട്ടും വിക്ഷോഭം മുഖത്ത് ദൃശ്യമാക്കി വി.എസ് കാത്ത് കിടന്ന കാറിൽ കയറി കൻേറാൺമെൻറ് ഹൗസിലേക്ക് യാത്രയായി.
എന്നും മാധ്യമ പ്രവ൪ത്തക൪ക്ക് മുന്നിൽ തുറന്ന് കിടന്നിരുന്ന കൻേറാൺമെൻറ് ഹൗസ് പക്ഷേ തിങ്കളാഴ്ച വി.എസ് തിരികെ എത്തുംമുമ്പ് തന്നെ മുഖംതിരിച്ചു. പാ൪ട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രസ്സെക്രട്ടറി കെ. ബാലകൃഷ്ണനും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരനും പിരിഞ്ഞുപോകും മുമ്പുള്ള പണികൾ പൂ൪ത്തീകരിക്കുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
