കുനിയില്‍ ഇരട്ടക്കൊല: പ്രസംഗത്തിലെ ശബ്ദം ലീഗ് സെക്രട്ടറിയുടേത് തന്നെ
text_fieldsമലപ്പുറം: കുനിയിൽ ഇരട്ടക്കൊലക്കേസിലെ 19ാം പ്രതിയും ഏറനാട് മണ്ഡലം മുസ്ലിംലീഗ് ജോയിൻറ് സെക്രട്ടറിയുമായ മണ്ണിൽതൊടി പാറമ്മൽ അഹമ്മദ്കുട്ടിയുടെ ശബ്ദവും പൊലീസ് കേസിന് ആധാരമായ സീഡിയിലെ പ്രസംഗത്തിലെ ശബ്ദവും ഒന്നാണെന്ന് തെളിഞ്ഞു. ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഫോറൻസിക് റിപ്പോ൪ട്ട് പൊലീസ് മഞ്ചേരി കോടതിയിൽ സമ൪പ്പിച്ചു. തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്ന് കേസിലെ 16 പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാഫലവും വന്നു. ഇതും പൊലീസ് വൈകാതെ കോടതിയിൽ സമ൪പ്പിക്കും.
2012 ജൂൺ പത്തിനാണ് അരീക്കോട് കുനിയിലിൽ സഹോദരങ്ങളായ കൊളക്കാടൻ അബൂബക്ക൪, ആസാദ് എന്നിവ൪ കൊല ചെയ്യപ്പെട്ടത്. മുസ്ലിംലീഗ് പ്രവ൪ത്തകൻ അതീഖ്റഹ്മാൻ കൊലപ്പെട്ട കേസിൽ പ്രതികളായിരുന്നു ഇവ൪. ഈ വധത്തിന് പ്രതികാരമായി ബന്ധുക്കളും പാ൪ട്ടി പ്രവ൪ത്തകരും ചേ൪ന്ന് മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്ന് പൊലീസ് കോടതിയിൽ സമ൪പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കൊല ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്നാരോപിച്ച് ഐ.പി.സി 118 വകുപ്പ് ചേ൪ത്താണ് അഹമ്മദ്കുട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. 2012 ആഗസ്റ്റ് എട്ടിന് അറസ്റ്റ് ചെയ്തു.
സംഭവത്തിന് രണ്ട് മാസം മുമ്പ് അഹമ്മദ്കുട്ടി കുനിയിലിൽ നടത്തിയ പ്രസംഗത്തിലെ പരാമ൪ശങ്ങളാണ് ഗൂഢാലോചനയിൽ ഇയാൾക്കുള്ള പങ്കിന് തെളിവായി പൊലീസ് പറയുന്നത്. കൊളക്കാടൻ കുടുംബത്തിനെതിരെയുള്ള പോരാട്ടത്തിന് മുജീബ്റഹ്മാൻ നേതൃത്വം നൽകുമെന്നും പാ൪ട്ടി ഇതിന് എല്ലാ പിന്തുണയും നൽകുമെന്നും പ്രസംഗത്തിലുണ്ടായിരുന്നു. എന്നാൽ, ഈ പ്രസംഗം തൻേറതല്ലെന്നായിരുന്നു അഹമ്മദ്കുട്ടിയുടെ വാദം. തുട൪ന്നാണ് ശബ്ദം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയത്. മഞ്ചേരിയിലെ ആകാശവാണിയുടെ എഫ്.എം സ്റ്റേഷനിൽനിന്ന് പ്രതിയുടെ ശബ്ദം റെക്കോ൪ഡ് ചെയ്താണ് പരിശോധനക്കയച്ചത്. ഗൂഢാലോചനയിൽ അഹമ്മദ്കുട്ടിക്കെതിരെ നേരിട്ട് തെളിവില്ലാത്തതിനാൽ ശബ്ദപരിശോധനാ ഫലം കേസിൽ നി൪ണായകതെളിവാണ്. അഹമ്മദ്കുട്ടിയടക്കം 19 പ്രതികൾക്കെതിരെ 800 പേജുള്ള ഭാഗിക കുറ്റപത്രം മഞ്ചേരി സെഷൻസ് കോടതിയിൽ പൊലീസ് സമ൪പ്പിച്ചിട്ടുണ്ട്.
അതേസമയം, കേസിൻെറ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പ്രതികളെ ഗൾഫിൽനിന്ന് തിരിച്ചെത്തിക്കാൻ പൊലീസ് ഇൻറ൪പോൾ സഹായം തേടിയിട്ടുണ്ട്. ഇതിനായി ഉടൻ റെഡ് കോ൪ണ൪ നോട്ടീസ് പുറപ്പെടുവിക്കും. സംസ്ഥാനപൊലീസിൻെറ ചരിത്രത്തിൽ ആദ്യമായാണ് കൊലക്കേസ് പ്രതിയുടെ ശബ്ദം ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കിയതെന്നും സാക്ഷികൾ കൂറുമാറിയാലും ശാസ്ത്രീയ തെളിവുകൾ പ്രതിക്ക് എതിരാകുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
