ന്യൂനപക്ഷ ക്ഷേമത്തിന് 12ാം പദ്ധതിയിലും ശനിദശ
text_fieldsസൂറത്ത് (ഗുജറാത്ത്): മുസ്ലിം ന്യൂനപക്ഷത്തിൻെറ ഉന്നമനം ലക്ഷ്യമിട്ട് 12ാം പഞ്ചവത്സര പദ്ധതിയിൽ തുക വകയിരുത്തി ഒരു വ൪ഷം കഴിഞ്ഞിട്ടും പദ്ധതികൾ നടപ്പാക്കുന്നതിൽ പുരോഗതിയില്ലെന്ന് ദേശീയ അവലോകന സമ്മേളനം വിലയിരുത്തി. ഇക്കാര്യത്തിൽ ഗുജറാത്താണ് ഏറ്റവും പിന്നിലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
മാനവ വിഭവശേഷി സൂചികയിൽ ഗുജറാത്ത് ‘ബിമാരു’ (ബിഹാ൪, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്ത൪പ്രദേശ്) സംസ്ഥാനങ്ങളേക്കാളും പിന്നിലാണെന്നും കേന്ദ്ര സ൪ക്കാറിൻെറയും കേന്ദ്ര ആസൂത്രണ കമീഷൻെറയും സഹകരണത്തോടെ സൂറത്തിൽ സംഘടിപ്പിച്ച ദേശീയ ന്യൂനപക്ഷ സമ്മേളനം പുറത്തുവിട്ട ക൪മരേഖയിലുണ്ട്.
അരക്ഷിത ബോധം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വനിതാ ശാക്തീകരണം, ബാങ്ക് വായ്പ, മറ്റു സാമ്പത്തിക സഹായങ്ങൾ, ജനാധിപത്യത്തിലും രാഷ്ട്രീയത്തിലുമുള്ള പങ്കാളിത്തം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്രിയാത്മക നടപടികളാണ് കേന്ദ്ര ആസൂത്രണ കമീഷൻ നടത്തിയ കൂടിയാലോചനയിൽ മുസ്ലിം സംഘടനാ പ്രതിനിധികളും സ൪ക്കാറിതര സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടിരുന്നത്. 12ാം പദ്ധതി തുടങ്ങി ഒരു വ൪ഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന മാ൪ഗരേഖ പോലും തയാറാക്കിയിട്ടില്ല.
രാജ്യത്ത് കൂടുതൽ വിശപ്പ് അനുഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തെന്ന് ക൪മരേഖ വെളിപ്പെടുത്തി. ഉത്ത൪പ്രദേശിൽ 22 ശതമാനം പേ൪ ഇപ്പോഴും വിശപ്പ് അനുഭവിക്കുമ്പോൾ ഗുജറാത്ത് ജനസംഖ്യയിൽ 24 ശതമാനം പേ൪ക്കും വിശപ്പകറ്റാൻ ഭക്ഷണം ലഭിക്കുന്നില്ല.
ഗുജറാത്തിലെ നഗരങ്ങളിൽ വസിക്കുന്ന മുസ്ലിംകളിൽ 43 ശതമാനത്തിനും ഭക്ഷണത്തിനും വസ്ത്രത്തിനും പാ൪പ്പിടത്തിനുമുള്ള വകയില്ല. ഇത്രയും പേ൪ ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്ന ഗുജറാത്തിൽ മുസ്ലിംകൾ നൽകുന്ന നികുതിവിഹിതത്തിന് ആനുപാതികമായ തുക പോലും മുസ്ലിം ക്ഷേമത്തിന് വിനിയോഗിക്കാൻ സ൪ക്കാ൪ തയാറാകുന്നില്ല.
വാണിജ്യ വ്യവസായ മേഖലയെ മാത്രം ലക്ഷ്യം വെക്കുന്ന ഗുജറാത്തിൽ പഠനം പാതിവഴിയിൽ നി൪ത്തി തൊഴിൽ തേടി പോകുന്ന വിദ്യാ൪ഥികളുടെ എണ്ണവും കൂടുതലാണ്. ഈ പ്രവണതയും ഗുജറാത്തിലെ മുസ്ലിംകളെയാണ് കൂടുതൽ ബാധിച്ചത്.
മുസ്ലിംകളിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണമേ൪പ്പെടുത്തുന്നത് ഗുജറാത്തിലെ പോലെ കേരളത്തിലും തമിഴ്നാട്ടിലും ക൪ണാടകയിലും ആന്ധ്രയിലുമൊന്നും ഭരണഘടനാ വിരുദ്ധമായിട്ടില്ലെന്ന് 11ാം പദ്ധതി അവലോകനം ചെയ്ത വിദേശ മന്ത്രി സൽമാൻ ഖു൪ശിദ് പറഞ്ഞു. ആന്ധ്രപ്രദേശിൽ നാല് ശതമാനം മുസ്ലിം സംവരണം കോടതി ശരിവെച്ചതാണ്.
ന്യൂനപക്ഷങ്ങൾക്ക് മൊത്തത്തിൽ സംവരണം കൊണ്ടുവന്നപ്പോൾ അതേ ഹൈകോടതി പറ്റില്ലെന്ന് പറഞ്ഞു. ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം സംവരണകേസ് ഭരണഘടനാബെഞ്ചിന് മുമ്പിലെത്തിയാൽ ഇല്ലാതാകുമെന്നും സൽമാൻ ഖു൪ശിദ് കൂട്ടിച്ചേ൪ത്തു. മുഹമ്മദ് ഫസലു൪റഹീം മുജദ്ദിദി 12ാം പദ്ധതിയിലെ ന്യൂനപക്ഷ വിഹിതവും ഖാരി റാഷിദ് അഹ്മദ് അജ്മീരി സച്ചാ൪ കമ്മിറ്റി ശിപാ൪ശകളുടെ പ്രയോഗവത്കരണവും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
