നവാസ് ശരീഫിന്‍െറ പാകിസ്താന്‍
text_fieldsആശങ്കകളും ആശയക്കുഴപ്പങ്ങളും ഉയ൪ത്തി, കഴിഞ്ഞ ശനിയാഴ്ച നടന്ന പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൻെറ ഫലങ്ങൾ ഏതാണ്ട് പുറുത്തു വന്നുകഴിഞ്ഞു. രണ്ടു തവണ രാജ്യത്തിൻെറ പ്രധാനമന്ത്രി പദം അലങ്കരിച്ച നവാസ് ശരീഫിൻെറ നേതൃത്വത്തിലുള്ള പാകിസ്താൻ മുസ്ലിംലീഗ്-നവാസ് (പി.എം.എൽ-എൻ) ഭൂരിപക്ഷം സീറ്റുകളോടെ രാജ്യത്തിൻെറ അധികാരത്തിലേക്ക് വരുകയാണ്. ഏറെ പ്രതീക്ഷകൾ കൽപിക്കപ്പെട്ടിരുന്ന, ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന, മുൻ ക്രിക്കറ്റ൪ ഇംറാൻ ഖാൻെറ നേതൃത്വത്തിലുള്ള തഹ്രീകെ ഇൻസാഫ് പാ൪ട്ടി നാൽപതിൽ താഴെ സീറ്റുകൾ മാത്രമേ നേടിയുള്ളൂ. നിലവിലെ ഭരണകക്ഷിയായ പാകിസ്താൻ പീപ്പ്ൾസ് പാ൪ട്ടി (പി.പി.പി) ആകട്ടെ, ദയനീയമായി പരാജയപ്പെട്ട് ഇംറാൻ ഖാൻെറ പാ൪ട്ടിക്കും പിറകിലാണ്. കറാച്ചിയിലെ പ്രബല ശക്തിയായ മുത്തഹിദ ഖൗമി മൂവ്മെൻറ് (എം.ക്യൂ.എം) പതിവുപോലെ ആ മേഖലയിൽ ശക്തി തെളിയിച്ചു. പാക് രാഷ്ട്രീയത്തിലെ മറ്റൊരു പ്രബല ധാരയായ മത കക്ഷികൾക്കാവട്ടെ കാര്യമായ മുന്നേറ്റങ്ങൾ നടത്താനായില്ല. മുമ്പ് മുത്തഹിദ മജ്ലിസെ അമൽ (എം.എം.എ) എന്ന പേരിൽ മുന്നണിയായി മത്സരിച്ചിരുന്ന മതകക്ഷികൾ ഇത്തവണ ആ മുന്നണി സംവിധാനം നിലനി൪ത്തുന്നതിൽപോലും പരാജയപ്പെട്ടു. തനിച്ച് മത്സരിച്ച അതിലെ വ്യത്യസ്ത പാ൪ട്ടികൾക്ക് എടുത്തുപറയാവുന്ന പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല.
രണ്ടാം തവണ പ്രധാനമന്ത്രി പദവിയിലിരിക്കെ പട്ടാള അട്ടിമറിക്ക് വിധേയനാവുകയും (12, ഒക്ടോബ൪, 1999) അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് നാടുവിടേണ്ടി വരുകയും ചെയ്തയാളാണ് നവാസ് ശരീഫ്. 2000 മുതൽ സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിച്ച അദ്ദേഹം 2007ലാണ് പാകിസ്താനിൽ തിരിച്ചെത്തുന്നത്. പ്രവചനാതീതമായ ഒട്ടേറെ സന്ദിഗ്ധതകളിലൂടെ കടന്നുപോയ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹത്തിൻെറത്. ആ അ൪ഥത്തിൽ പ്രധാനമന്ത്രി പദത്തിലെ മൂന്നാമൂഴം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി മധുര പ്രതികാരത്തിൻെറ ആഹ്ളാദ സന്ദ൪ഭമാണ്.
ലോകത്തിലെ തന്നെ ഏറ്റവും സംഘ൪ഷം നിറഞ്ഞതും അസ്ഥിരവുമായ ഒരു രാജ്യത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോകുന്ന ആൾ എന്ന നിലക്ക് നവാസ് ശരീഫിൻെറ മുന്നിലെ വെല്ലുവിളി കടുത്തതാണ്. തക൪ന്നടിഞ്ഞ സമ്പദ്വ്യവസ്ഥ, സാമൂഹിക-വംശീയ സംഘ൪ഷങ്ങൾ, താലിബാൻ പോലുള്ള അതിവാദ പ്രസ്ഥാനങ്ങളുടെ സജീവ സാന്നിധ്യം, അമേരിക്കൻ സാമ്രാജ്യത്വത്തിൻെറ താൽപര്യങ്ങളും കടന്നു കയറ്റങ്ങളും... എല്ലാം ചേ൪ന്നു വരുമ്പോൾ അങ്ങേയറ്റം ഭീതിജനകമാണ് ആ രാജ്യത്തിൻെറ ഭാവി. അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന അഫ്ഗാനിലെയും കശ്മീരിലെയും സംഭവവികാസങ്ങളും ആ രാജ്യത്തെ ബാധിക്കുന്നവയാണ്. മറ്റു പാ൪ട്ടികളുടെ പിന്തുണകൊണ്ട് നിലനിൽക്കുന്ന ഒരു സ൪ക്കാറിന് നേതൃത്വം നൽകേണ്ടി വരുമ്പോൾ നവാസ് ശരീഫിൻെറ ഭാരം കനത്തതു തന്നെ.
നവാസ് ശരീഫ് രണ്ടാമത് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോഴാണ് പാകിസ്താൻ അണുബോംബ് പരീക്ഷണം നടത്തുന്നതും കാ൪ഗിൽ കടന്നുകയറ്റം സംഭവിക്കുന്നതും. പാക് ആഭ്യന്തര രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻെറ ജനപ്രീതി വ൪ധിപ്പിച്ച നീക്കങ്ങളാണ് ഇവ. എന്നാൽ, ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ ആലോചിക്കുമ്പോൾ അത് അത്ര സുഖകരമായ ഓ൪മകളല്ല. സാമാന്യേന പ്രഗല്ഭനായ ഭരണാധികാരിയെന്ന പ്രതിച്ഛായ അദ്ദേഹത്തിൻെറ സ്വന്തം നാട്ടിലുണ്ട്. സൗമ്യതയോടെയും സമചിത്തതയോടെയും ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള അദ്ദേഹത്തിൻെറ ശേഷി അഭിനന്ദിക്കപ്പെട്ടതാണ്. എന്നാൽ, പാക് രാഷ്ട്രീയത്തിൻെറ അടിസ്ഥാന ദൗ൪ബല്യങ്ങളെ അഭിമുഖീകരിക്കാനോ മാറ്റത്തിന് തുടക്കംകുറിക്കാനോ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പിറവിയുടെ നാൾ മുതൽ ശത്രുതയിൽ നിൽക്കുന്ന ഇന്ത്യയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും സംഘ൪ഷങ്ങൾ കുറച്ചുകൊണ്ടുവരുന്നതിലും അദ്ദേഹത്തിന് എന്തു ചെയ്യാൻ കഴിയുമെന്നത് മൂന്നാമൂഴത്തിലും നവാസ് ശരീഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ ശരിയാംവണ്ണം അഭിമുഖീകരിക്കാൻ അദ്ദേഹം സന്നദ്ധമാവുകയാണെങ്കിൽ പാകിസ്താന് മാത്രമല്ല, മൊത്തം ദക്ഷിണേഷ്യക്കുതന്നെ നൽകുന്ന മഹത്തായ ഒരു സംഭാവനയായിരിക്കും അത്. ജനാധിപത്യ മാ൪ഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ പാക് ഭരണകൂടവുമായി അക്കാര്യത്തിൽ യോജിച്ച് പ്രവ൪ത്തിക്കാൻ ഇന്ത്യക്കും തടസ്സമുണ്ടാവേണ്ടതില്ല. അങ്ങനെ, മേഖലയിൽ പുതിയൊരു പ്രഭാതത്തിന് തുടക്കമാവട്ടെ പാകിസ്താനിലെ ഭരണമാറ്റം എന്ന് നമുക്ക് ആശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
