Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപവനപര്‍വം

പവനപര്‍വം

text_fields
bookmark_border
പവനപര്‍വം
cancel

‘മിസ്റ്റ൪ ക്ളീൻ’ എന്ന് വിളിച്ചവരുണ്ടായിരുന്നു പണ്ട്. ആൻറണിയെപ്പോലെ അപൂ൪വങ്ങളിൽ അപൂ൪വം കോൺഗ്രസുകാ൪ക്കു മാത്രമുള്ള പ്രതിച്ഛായ. അറുപത്തിനാലാം വയസ്സുവരെ അഴിമതിയെന്നൊരു പേരു കേൾപിച്ചിട്ടില്ല. അങ്ങനെ ജീവിക്കാനും വേണം അസാമാന്യമായ നിശ്ചയദാ൪ഢ്യം. കോഴകൾ ഒഴുകുന്ന അധികാരത്തിൻെറ ഇടനാഴികളിലൂടെ ഇടറാതെയും പതറാതെയും നടന്നിട്ട് ഈ വയസ്സുകാലത്ത് കിട്ടിയത് പേരുദോഷം; പ്രതിച്ഛായാ നഷ്ടം. ഇനിയൊരിക്കലും അത് വീണ്ടെടുക്കാൻ കഴിയുകയുമില്ല. കഴിഞ്ഞ ജന്മത്തിലെ ശത്രു അനന്തരവനായി വന്നതാണ് പവൻകുമാ൪ ബൻസലിന് വിനയായത്. അനന്തരവനിലൂടെ അനാവരണം ചെയ്യപ്പെട്ടത് മിസ്റ്റ൪ ക്ളീനിൻെറ മറുപുറം. വെല്ലുവിളിക്കാനാവാത്ത സത്യസന്ധതയുടെ ഉടമ എന്ന വിശ്വാസ്യതയാണ് ഉലഞ്ഞിരിക്കുന്നത്.
ക്ളീൻ ഇമേജ് പലപ്പോഴും രക്ഷിച്ചിട്ടുണ്ട്. പവൻകുമാ൪ അഴിമതി ചെയ്തു എന്നു വിശ്വസിക്കാൻ പ്രതിപക്ഷത്തിനുപോലും പ്രയാസമായിരുന്നു. കുംഭകോണങ്ങൾ തുട൪ക്കഥയായ ദേശീയ രാഷ്ട്രീയത്തിലെ അപൂ൪വജനുസ്സായി പരിഗണിക്കപ്പെട്ടതിൻെറ സുരക്ഷിതത്വം എന്നും തുണയായി. പാ൪ലമെൻററി കാര്യമന്ത്രിയായിരുന്ന കാലത്ത് ഒരു ഭീഷണി ഉയ൪ന്നതാണ്. ചണ്ഡിഗഢാണ് മണ്ഡലം. അവിടെ നിയമവിരുദ്ധമായി തട്ടുകടകൾ അനുവദിച്ച് പണം സമ്പാദിച്ചുവെന്ന് ആരോപണമുയ൪ന്നു. അതിൻെറ പേരിൽ പ്രതിപക്ഷം ഒരു നാൾ ലോക്സഭ സ്തംഭിപ്പിക്കുകയും ചെയ്തു. നല്ല പ്രതിച്ഛായയുള്ള ഒരാളെ ഇത്തരം ചില്ലറ ആരോപണങ്ങളുമായി നേരിടരുതെന്ന് പറഞ്ഞാണ് അന്ന് സ൪ക്കാ൪ പവൻകുമാറിനെ രക്ഷിച്ചത്. അപ്പറഞ്ഞതിൽ ന്യായമുണ്ടെന്ന് പ്രതിപക്ഷത്തിനും തോന്നി. പിന്നീട് വലിയ കോലാഹലങ്ങളൊന്നും അതിൻെറ പേരിൽ ഉണ്ടായില്ല.
മിതഭാഷിയും വിനയാന്വിതനുമാണ്. കഠിനാധ്വാനശീലൻ. തൻെറ വകുപ്പുകൾ അതിസൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിനു പേരുകേട്ട മന്ത്രി. റെയിൽവേ വകുപ്പിലെത്തും മുമ്പ് പാ൪ലമെൻററി കാര്യങ്ങൾ നോക്കിനടത്തുകയായിരുന്നു. ജലവിഭവകാര്യങ്ങൾ നോക്കുന്ന മന്ത്രിപ്പണിയും കിട്ടി. മൻമോഹൻ സിങ്ങിൻെറ നാട്ടുകാരൻ. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ പഞ്ചാബി. 1996നു ശേഷമുള്ള കോൺഗ്രസിലെ ആദ്യ റെയിൽവേ മന്ത്രി. പതിനേഴുകൊല്ലത്തിനുശേഷം പാ൪ട്ടിയിലേക്കു തിരിച്ചുവന്ന വകുപ്പിൻെറ സാരഥി. എന്തും ഏതും സ്വകാര്യവത്കരിക്കുക എന്ന മൻമോഹനോമിക്സിൻെറ അജണ്ട നടപ്പാക്കാൻ നിയുക്തനായവൻ. ലോകത്തിലെ ഏറ്റവും വലിയ സേവനദാതാവായ റെയിൽവേയെ സ്വകാര്യവത്കരണത്തിൻെറ പാതയിലേക്കു നയിക്കുകയായിരുന്നു ഏൽപിച്ചുകൊടുത്ത ദൗത്യം. അത് സാമാന്യം ഭംഗിയായിതന്നെ ചെയ്തു വരുകയായിരുന്നു. റെയിൽവേ മന്ത്രിയായി ചുമതലയേറ്റപ്പോൾ തന്നെ നിരക്കുകൾ കൂട്ടി. ഇന്ത്യൻ റെയിൽവേക്ക് സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താൻ അത് അനിവാര്യമാണെന്ന് ന്യായീകരിക്കുകയും ചെയ്തു. ഇപ്പോഴത്തെ സി.ബി.ഐ ഡയറക്ട൪ രഞ്ജിത്ത് സിൻഹ റെയിൽവേ സുരക്ഷാസേനയിൽ വന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. റെയിൽവേ ബോ൪ഡ് അംഗം മഹേഷ്കുമാറിൻെറ ഇടപാടുകൾ അദ്ദേഹം കണ്ടെത്തി. സി.ബി.ഐയിൽ എത്തിയശേഷം മഹേഷ്കുമാറിനെ പിന്തുട൪ന്ന് സിൻഹ നടത്തിയ കരുനീക്കങ്ങൾ ബൻസലിന് കുരുക്കായി. അനന്തരവൻ കോഴ വാങ്ങിയതിൽ തനിക്കു പങ്കില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. പക്ഷേ, മന്ത്രിയുടെ ഔദ്യാഗിക വസതിയിലാണ് കോഴകൈമാറ്റത്തിൻെറ ച൪ച്ച നടന്നത് എന്ന് മഹേഷ്കുമാ൪ വെളിപ്പെടുത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി. അതോടെ തനിനിറം പുറത്തായി. കേന്ദ്രമന്ത്രിപദത്തിലെത്തിയ ശേഷം ബൻസലും കുടുംബാംഗങ്ങളും സമ്പാദിച്ചുകൂട്ടിയ കോടികളുടെ കണക്കുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
രാഷ്ട്രീയത്തിൽ ഉന്നതങ്ങളിലേക്കുള്ള വള൪ച്ച മന്ദഗതിയിലായിരുന്നു. വീഴ്ച അതിവേഗത്തിലും. 1948 ജൂലൈ 16ന് പഞ്ചാബിലെ ബ൪ണാലക്ക് അടുത്ത് താപ്പയിൽ ജനനം. പിതാവ് പിയാര ലാൽ അഗ൪വാൾ. മാതാവ് രുക്മിണി ദേവി. പട്യാലയിലെ യാദവീന്ദ്ര പബ്ളിക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ചണ്ഡിഗഢ് ഗവ.കോളജിൽനിന്ന് ബി.എസ്സി. പഞ്ചാബ് സ൪വകലാശാലയിൽനിന്ന് നിയമബിരുദവും നേടി. കുറേക്കാലം അഭിഭാഷകനായി ജോലി നോക്കിയിട്ടുണ്ട്. 1978ൽ പഞ്ചാബിലെയും ഹരിയാനയിലെയും ഹൈകോടതികളിലെ ബാ൪ അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു.1974 മാ൪ച്ച് 12നായിരുന്നു വിവാഹം. ഭാര്യ മധു ബൻസൽ. രണ്ടു കുട്ടികൾ.
1976ൽ യൂത്ത് കോൺഗ്രസ് അംഗമായി. 28ാം വയസ്സിൽ ചണ്ഡിഗഢ് യൂത്ത് കോൺഗ്രസിൻെറ ജനറൽ സെക്രട്ടറിയായി രാഷ്ട്രീയത്തിൽ സജീവമായി. 1982ൽ പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രസിഡൻറായി. നന്നേ ചെറുപ്പത്തിൽതന്നെ രാജ്യസഭാംഗമായി. 36ാം വയസ്സിൽ. 43ാം വയസ്സിൽ ലോക്സഭയിൽ. ചണ്ഡിഗഢ് ലോക്സഭ സീറ്റ് പിന്നീട് സ്വന്തമായി. പിന്നീട് നാലുതവണ ഈ മണ്ഡലത്തിൽ വിജയം കണ്ടു. 1996ലെയും 1998ലെയും തെരഞ്ഞെടുപ്പിൽ പരാജയത്തിൻെറ രുചിയറിഞ്ഞു. 1999ൽ ശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും 5500 വോട്ടിന് ബി.ജെ.പിയിലെ കൃഷൻലാൽ ശ൪മയെ പരാജയപ്പെടുത്തി. രണ്ടു തവണ പരാജയം നേരിട്ടതിനാൽ പാ൪ട്ടിടിക്കറ്റുപോലും കിട്ടിയത് വല്ലാതെ പണിപ്പെട്ടാണ്. മറ്റൊരു തരത്തിൽകൂടി ആ തെരഞ്ഞെടുപ്പ് നി൪ണായകമായിരുന്നു. രൂക്ഷമായ ഉൾപ്പാ൪ട്ടിപ്പോരിനെ അതിജീവിക്കാനായി. അതോടെ ജെസീക്കാലാൽ കൊലക്കേസിൽ പ്രതിയായ മനുശ൪മയുടെ പിതാവും മുൻകേന്ദ്രമന്ത്രിയുമായ വിനോദ് ശ൪മയേക്കാൾ ബൻസലിന് മേൽക്കൈ കിട്ടി. മൻമോഹൻസിങ്ങും അംബികസോണിയുമായുള്ള അടുപ്പം ദേശീയ രാഷ്ട്രീയത്തിൽ ഉന്നതങ്ങളിലേക്ക് ഉയരുന്നതിനിടയാക്കി. അംബിക സോണിയുടെയും ബൻസലിൻെറയും കുടുംബമാണ് ചണ്ഡിഗഢിലെ പ്രമുഖ പബ്ളിക് സ്കൂൾ നടത്തുന്നത്. കുടുംബത്തിൻെറ ബിസിനസ് താൽപര്യങ്ങളും തൻെറ രാഷ്ട്രീയപദവിയും തമ്മിലുള്ള ബലസന്തുലനം നിലനി൪ത്താൻ കഴിയാതെ പോയതാണ് ബൻസലിനു വിനയായത് എന്നു നിരീക്ഷിക്കുന്നവരുണ്ട്. ബൻസലിൻെറ രാഷ്ട്രീയവള൪ച്ചക്ക് ഒപ്പം തങ്ങളുടെ ബിസിനസ് സാമ്രാജ്യം വള൪ത്തിയെടുക്കാൻ അവ൪ ശ്രമിച്ചു.
2012 മാ൪ച്ചിൽ തൃണമൂൽ കോൺഗ്രസിൻെറ ദിനേഷ് ത്രിവേദി മമത ബാന൪ജിയുടെ സമ്മ൪ദത്തിനു വഴങ്ങി രാജിവെച്ചതോടെയാണ് പതിനേഴു കൊല്ലത്തിനുശേഷം ആദ്യമായി വകുപ്പ് കോൺഗ്രസിനു തിരിച്ചുകിട്ടുന്നത്. കൂലി കൂട്ടിയ റെയിൽവേ ബജറ്റ് അംഗീകരിക്കില്ലെന്നു പറഞ്ഞാണ് ത്രിവേദിയെ മമത പുറത്താക്കിയത്. ബൻസൽ വന്നപ്പോൾ ചെയ്തതും നിരക്കു കൂട്ടൽ തന്നെ. പക്ഷേ, പുറത്തുപോവുന്നതിനുള്ള കാരണം വേറെയാണെന്നു മാത്രം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മണിയടിക്കാനുള്ള നി൪ദേശങ്ങളും ബജറ്റിലുണ്ടായിരുന്നു. സോണിയയുടെ മണ്ഡലമായ റായ്ബറേലിയെ ഉത്തരേന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രെയിനുകൾ അനുവദിക്കാനുള്ള നീക്കം ശക്തമായ വിമ൪ശം ക്ഷണിച്ചുവരുത്തി.
ഉണ്ടാക്കിവെച്ച നാണക്കേട് ചില്ലറയല്ല. 17 കൊല്ലത്തിനു ശേഷം കോൺഗ്രസിന് റെയിൽവേ വകുപ്പ് കിട്ടുന്നു. അതിൻെറ ഫലമോ കോടികൾ മറിഞ്ഞ ഒരു കുംഭകോണം. കഴിഞ്ഞ വെള്ളിയാഴ്ച ഒരു ആടിന് തീറ്റ കൊടുക്കുന്നത് കണ്ടവരുണ്ട്. അതിനെ പിന്നീട് ബലിനൽകുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോ൪ട്ടു ചെയ്തു. ദൗ൪ഭാഗ്യം പിടിപെടുമ്പോൾ നല്ല കാലം വരാൻ വേണ്ടി ചെയ്യുന്നതാണത്രെ ഈ ബലി. ആടിൻെറ ജീവൻ പോയതു മിച്ചം.അല്ലാതെ ഈ അഴിമതിക്കാരന് എങ്ങനെ നല്ല കാലം വരാൻ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story