Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസോണിയ-മന്‍മോഹന്‍...

സോണിയ-മന്‍മോഹന്‍ വടംവലി!

text_fields
bookmark_border
സോണിയ-മന്‍മോഹന്‍ വടംവലി!
cancel

വിവാദത്തിൽ പെട്ട രണ്ടു മന്ത്രിമാരെ ഒറ്റയടിക്ക് രാജിവെപ്പിച്ച് കരിയും കോഴയും മൂടിയ പ്രതിച്ഛായ തട്ടിക്കുടഞ്ഞു നേരെയാക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന നിരീക്ഷണം ഇങ്ങനെയാണ്: തൻെറ വിശ്വസ്തരായ മന്ത്രിമാരെ മാറ്റാതിരിക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അവസാനം വരെയും ശ്രമിച്ചു. ഒടുവിൽ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി ക൪ക്കശമായി മൻമോഹൻ സിങ്ങിന് നി൪ദേശം നൽകി. തൊട്ടുപിന്നാലെ മന്ത്രിമാ൪ പുറത്തായി. പക്ഷേ, ആ നിരീക്ഷണത്തിൽ ഗാന്ധി കുടുംബത്തോടുള്ള ഭക്തി അലിഞ്ഞുകിടക്കുന്നു.
സ൪ക്കാറിൻെറയും കോൺഗ്രസിൻെറയും ക്ളീൻ ഇമേജ് നിലനി൪ത്താൻ ഗാന്ധികുടുംബം അങ്ങേയറ്റം പരിശ്രമിക്കുമ്പോൾ, അതിനെതിരായി മൻമോഹൻസിങ് പ്രവ൪ത്തിക്കുന്നുവെന്നോ? തൻെറയും പാ൪ട്ടിയുടെയും താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന സോണിയഗാന്ധിയും, അതിന് പലപ്പോഴും വിലങ്ങുതടിയായി നിൽക്കുന്ന മൻമോഹൻ സിങ്ങും തമ്മിൽ ഒരു വടംവലി നടക്കുന്നുവെന്നോ? കേരളമടക്കം കോൺഗ്രസ് അധികാരത്തിലുള്ള വിവിധ സംസ്ഥാനങ്ങളിൽ പി.സി.സി പ്രസിഡൻറും മുഖ്യമന്ത്രിയും തമ്മിൽ നടക്കുന്ന പാ൪ട്ടി-ഭരണ മേധാവിത്വ പോരിൻെറ മറ്റൊരു പതിപ്പ് ഹൈകമാൻഡും പ്രധാനമന്ത്രിയും തമ്മിലുണ്ടെന്ന് വാദിക്കുന്നത് തെറ്റായ ഒരു നിരീക്ഷണമായിരിക്കും.
സീതാറാം കേസരിയോ നരസിംഹ റാവുവോ അല്ല മൻമോഹൻ സിങ്. അത് വ്യക്തമായി ബോധ്യപ്പെട്ട ശേഷമാണ് കേന്ദ്രത്തിൽ അധികാരം കിട്ടിയപ്പോൾ മൻമോഹൻ സിങ്ങിനെ ഗാന്ധികുടുംബം പ്രധാനമന്ത്രിസ്ഥാനത്തു പ്രതിഷ്ഠിച്ചത്. കഴിഞ്ഞ ഒമ്പതു കൊല്ലങ്ങൾക്കിടയിൽ ഗാന്ധികുടുംബത്തിന് തന്നോടുള്ള വിശ്വാസം കുറയുന്നില്ലെന്ന് ഉറപ്പുവരുത്താൻ മൻമോഹൻ സിങ് അങ്ങേയറ്റം ശ്രമിച്ചിട്ടുണ്ട്. സോണിയഗാന്ധിയുടെയോ രാഹുൽഗാന്ധിയുടെയോ താൽപര്യങ്ങൾക്ക് അദ്ദേഹം എതിരുനിന്നിട്ടില്ല. അതിനു തക്ക നട്ടെല്ല് തനിക്കുണ്ടെന്ന് ഇത്രയും കാലത്തിനിടയിൽ ഒരിക്കൽപോലും മൻമോഹൻ സിങ് തെളിയിച്ചിട്ടില്ല. പ്രധാനമന്ത്രിയായി ഒമ്പതു വ൪ഷം പ്രവ൪ത്തിച്ച മൻമോഹൻ സിങ്ങിന് അതിനു തക്കവിധമൊരു പിന്തുണ പാ൪ട്ടിയിൽ മുമ്പും ഇന്നും ഇല്ല. രാഷ്ട്രീയത്തിൽ വള൪ത്തി വലുതാക്കിയ ഗാന്ധികുടുംബം പറയുന്നതിന് അപ്പുറത്തേക്ക് നീങ്ങാൻ അദ്ദേഹം ആഗ്രഹിക്കുന്നുമില്ല. പിന്നെന്തു വടംവലി?
കാര്യങ്ങൾ നേരെചൊവ്വേ നടക്കണമെന്ന് സോണിയഗാന്ധി ആഗ്രഹിക്കുന്നതു പോലെ തന്നെ, ക്ളീൻഇമേജുമായി ഇറങ്ങിപ്പോകാൻ സാധിക്കണമെന്ന് മൻമോഹൻ സിങ്ങും മോഹിച്ചു. രണ്ടുപേരുടെയും ഈ ഉദ്ദേശ്യശുദ്ധി സ്വാഭാവികമാണ്. പക്ഷേ, കുടുംബം, പാ൪ട്ടി, സഖ്യകക്ഷികൾ, വ്യവസായികൾ എന്നിങ്ങനെ പല കൂട്ട൪ സമ്മേളിക്കുന്ന ഭരണത്തിൽ സമ്മ൪ദങ്ങൾ അതിജീവിക്കാനുള്ള കഴിവുകേട് രണ്ടുപേ൪ക്കുമുണ്ടെന്ന പോരായ്മയാണ് പ്രശ്നത്തിൻെറ കാതൽ. വേണ്ടാതീനങ്ങൾ അമ൪ഷത്തോടെയോ, കണ്ടില്ലെന്ന മട്ടിലോ നോക്കിയിരിക്കാനുള്ള ‘കഴിവ്’ കുറെക്കൂടി മൻമോഹൻ സിങ്ങിന് അവകാശപ്പെടാനുമാവും. രണ്ടുപേരും രാഷ്ട്രീയക്കാരായി വള൪ന്നവരല്ല, ആകസ്മികമായി നേതൃതലത്തിലേക്ക് വന്നുപെട്ടവരാണ്. രാഷ്ട്രീയത്തിൻെറ അടിതടയും ജനവികാരവും ഒരേപോലെ മനസ്സിലാക്കാൻ സ്വന്തംനിലക്ക് രണ്ടു പേ൪ക്കും കെൽപില്ലാത്തതിൻെറ പ്രതിസന്ധിയാണ് ഭരണത്തിൽ തുടക്കംതൊട്ട് ഇങ്ങോട്ടു കണ്ടുവരുന്നത്. ചുറ്റുമുള്ളവരുടെയും ഉപജാപ സംഘത്തിൻെറയും ഉപദേശങ്ങളിൽനിന്ന് ശരിയായതു തെരഞ്ഞെടുക്കാൻ തനി രാഷ്ട്രീയക്കാരന് വിഷമമുണ്ടാവില്ല. പക്ഷേ, ഇവിടെ സംഗതി അങ്ങനെയല്ല.
മൻമോഹൻ സിങ്ങിന് പദവിയുടെ മൂല്യം വകവെച്ചു കൊടുക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ കാര്യങ്ങളിൽ ഒരു റോളുമില്ല. സഖ്യകക്ഷി സമ്മ൪ദങ്ങൾ വേട്ടയാടുന്ന പ്രധാനമന്ത്രിയാണ് താനെന്ന് പറഞ്ഞു തടിയൂരാനാണ് 2ജി-രാജ കാലത്ത് മൻമോഹൻ സിങ് ശ്രമിച്ചത്. കൽക്കരിപ്പാടം വിതരണം ചെയ്തതിലെ ക്രമക്കേടുകളും സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രി തിരിച്ചറിയാതിരുന്നിട്ടില്ല. കോൺഗ്രസുകാരുടെ ബന്ധുമിത്രാദികളുടെ പേരിൽ എത്ര കൽക്കരിപ്പാട ലൈസൻസുകൾ പോയിട്ടുണ്ടെന്ന അന്വേഷണം, പ്രധാനമന്ത്രി നിസ്സഹായനായതിൻെറ വിപുലമായ അ൪ഥം പറഞ്ഞുതരും. സുരേഷ് കൽമാഡിയും സംഘവും കോമൺവെൽത്ത് ഗെയിംസിൻെറ പേരിൽ കുത്തിവാരിയത് ആരുമറിയാതെയായിരുന്നില്ല. ദൽഹി വിമാനത്താവള സ്വകാര്യവത്കരണത്തിൻെറ പേരിൽ സഹസ്രകോടികളുടെ പൊതുമുതൽ സ്വകാര്യഭീമൻെറ നിയന്ത്രണത്തിലേക്ക് എത്തിപ്പെട്ടതും ആരും അറിയാതെയല്ല. റോബ൪ട്ട് വാദ്രയുടെ വഴിവിട്ട വള൪ച്ച മുതൽ, പവൻകുമാ൪ ബൻസലോ ബന്ധുക്കളോ ഒതുക്കത്തിൽ വിഴുങ്ങിയതു വരെ, ഭരണത്തിൽ അരുതായ്മകൾ പലതു നടന്നിട്ടുണ്ട്.
പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്ന മട്ടിൽ അഴിമതിയുടെ ഓരോ ഭയങ്കരതകൾ പുറത്തുവന്നു. പിടിവീഴുന്നതു വരെ അത്തരം അഴിമതികൾ കോൺഗ്രസ് നേതൃത്വത്തിനോ ഭരണനേതൃത്വത്തിനോ വിഷയമായില്ല. വിവാദങ്ങൾ ഉയരുമ്പോഴും തടഞ്ഞു നി൪ത്താനാണ് ശ്രമിക്കുന്നത്. നിവൃത്തിയില്ലാത്ത ഘട്ടത്തിൽ മാത്രം അച്ചടക്ക നടപടിയിലേക്ക് കടക്കുന്നു. രണ്ടു മന്ത്രിമാരെ ഇത്രയും നാൾ സംരക്ഷിച്ചു നി൪ത്തുകയാണ് ചെയ്തതെന്ന് ഓ൪ക്കണം. ഏറ്റവുമൊടുവിൽ രാജി ചോദിച്ചുവാങ്ങിയത് വൈകിയുദിച്ച ബുദ്ധിയാണ്. ക൪ണാടകത്തിൽ അഴിമതി ബി.ജെ.പിയെ തക൪ത്തുകളഞ്ഞുവെന്ന യാഥാ൪ഥ്യം, പൊതുതെരഞ്ഞെടുപ്പ് നേരിടാൻ പോകുന്ന കോൺഗ്രസിനെ തുറിച്ചുനോക്കുന്നുണ്ട്. പരിഭ്രമത്തിലാക്കുന്നുണ്ട്. അതിനൊടുവിലാണ് പ്രതിച്ഛായ വീണ്ടെടുക്കാൻ ഒറ്റയടിക്ക് ഇരട്ട രാജി വേണ്ടിവന്നത്. അതുപക്ഷേ, സോണിയഗാന്ധിയുടെ കാ൪ക്കശ്യം കൊണ്ടാണെന്നു പറയുമ്പോൾ, എങ്കിൽ നേരത്തേ അത് എന്തുകൊണ്ട് ഉണ്ടായില്ല എന്ന മറുചോദ്യത്തിന് പ്രസക്തിയുണ്ട്.
സോണിയ തീരുമാനം പറയാതെ, ഒരു മന്ത്രിയെ പുറത്താക്കാനുള്ള അധികാരവും ആ൪ജവവും മൻമോഹനു കാണിക്കാനാവില്ല. കോൺഗ്രസ് നേതൃത്വം എതി൪ത്താൽ, പ്രധാനമന്ത്രി എടുക്കുന്ന ഏതു തീരുമാനവും കട്ടപ്പുറത്താവും. ഇരട്ട രാജി ഒഴിവാക്കാൻ അവസാന നിമിഷം വരെയും ശ്രമിച്ച കോൺഗ്രസ്, രാജിവെപ്പിക്കുന്നതിൻെറ ക്രെഡിറ്റ് പതിവുപോലെ ഗാന്ധികുടുംബത്തിന് ചാ൪ത്തിക്കൊടുക്കുന്നതാണ് പൊതുജനം കണ്ടത്. അതിൽ മൻമോഹൻ-സോണിയ വടംവലിക്ക് സ്ഥാനമെവിടെ? അല്ലെങ്കിൽത്തന്നെ പാ൪ട്ടി മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെടാനുള്ള അധികാരം കോൺഗ്രസ് പ്രസിഡൻറിനാണ്. ആ പ്രസിഡൻറിൻെറ അധ്യക്ഷതയിൽ പ്രതിസന്ധി ച൪ച്ചചെയ്യാൻ തൊട്ടു മുൻദിവസങ്ങളിൽ രണ്ടു കോൺഗ്രസ് കോ൪ കമ്മിറ്റി യോഗങ്ങൾ നടന്നതാണ്. പ്രധാനമന്ത്രിക്ക് കൈയടിച്ചു പിരിയാനല്ല സോണിയയും രാഹുലും ഉൾപ്പെട്ട പ്രധാന നേതാക്കൾ യോഗം ചേ൪ന്നത്. അതിനുശേഷം കോൺഗ്രസ് വക്താക്കൾ ആണയിട്ടത് മന്ത്രിമാ൪ മാറില്ല എന്നാണ്.
കോ൪ കമ്മിറ്റി യോഗത്തിനും പ്രധാനമന്ത്രിയും സോണിയയും അടക്കമുള്ള നേതാക്കൾക്കും തീരുമാനമെടുക്കുന്നതിൽ പിഴവു സംഭവിച്ചതുകൊണ്ടാണ് പാ൪ലമെൻറ് സമ്മേളനം അലങ്കോലമായി പിരിയേണ്ടിവന്നത്. മരുമകനും ബൻസലുമായുള്ള ബന്ധം പകൽപോലെ വ്യക്തമായിരുന്നു. കോഴക്കേസിൽ മരുമകൻ പിടിക്കപ്പെട്ടപ്പോൾ ബൻസൽ രാജിവെക്കുകയല്ലാതെ മാ൪ഗമില്ലെന്നും വ്യക്തമായിരുന്നു. സി.ബി.ഐയുടെ സത്യവാങ്മൂലത്തിൻെറ ‘ഹൃദയഭാഗം വെട്ടിമാറ്റി’യെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയ സാഹചര്യത്തിൽ, ആ കൃത്യത്തിലെ ഒന്നാംപ്രതിയായ നിയമമന്ത്രി അശ്വനികുമാ൪ രാജിവെക്കുകയാണ് വേണ്ടതെന്നും വ്യക്തം. ജനാധിപത്യത്തിനും നിയമസംവിധാനങ്ങൾക്കും മൂല്യം കൽപിക്കുന്നവ൪ക്ക് അങ്ങനെയേ ചിന്തിക്കാൻ കഴിയൂ. എങ്കിലും പരമാവധി പയറ്റിനോക്കിയത്, കൂടെയുള്ളവരെ രക്ഷിക്കാൻ പ്രധാനമന്ത്രിക്കുള്ള പ്രത്യേക താൽപര്യം കൊണ്ടാവാം. ആ മടി മാറ്റാൻ കോൺഗ്രസ് ഹൈകമാൻഡിനുള്ള ഉത്തരവാദിത്തം മന്ത്രിമാ൪ രാജിവെച്ച വെള്ളിയാഴ്ച വൈകിട്ടു മാത്രം ആരംഭിക്കേണ്ടതല്ല. പാ൪ലമെൻറ് സമ്മേളനം കുളമാവുന്നതിന് മുമ്പേ നി൪വഹിക്കപ്പെടേണ്ടതായിരുന്നു. പ്രയോഗത്തിൽ വരുത്താത്ത ഉദ്ദേശ്യശുദ്ധി അ൪ഥശൂന്യമാണ്.
പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് ബലിയാടുകളെ കണ്ടെത്തിയിട്ടുണ്ട്. ഇറാഖിൻെറ എണ്ണക്കോഴ പ്രശ്നത്തിൽ നട്വ൪സിങ്. കോമൺവെൽത്തിൽ കൽമാഡി. 2ജിയിൽ രാജ. സി.ബി.ഐക്കാര്യത്തിൽ അശ്വനികുമാ൪. റെയിൽവേയിൽ ബൻസൽ. ഇതിൽ പരാമ൪ശിച്ചവരൊക്കെ പ്രതികൾതന്നെ. പക്ഷേ, കൂട്ടുപ്രതികൾ എവിടെ? വിഴുപ്പുഭാണ്ഡം മുഴുവനായും ഒരാളുടെ ചുമലിൽ എടുത്തുവെച്ച് മറ്റു കോൺഗ്രസുകാ൪ ക്ളീൻ ഇമേജ് പിടിച്ചുവാങ്ങി മുന്നോട്ടുപോവുന്നു. ഗാന്ധികുടുംബത്തിൻെറ ഇടപെടലിനെക്കുറിച്ച കഥാകഥനങ്ങൾ ഈ ഇമേജ് സൃഷ്ടിക്കലിൻെറ ഭാഗമാണ്. പൊതുതെരഞ്ഞെടുപ്പ് വരാൻപോകുന്ന ഘട്ടത്തിൽ വിഴുപ്പുഭാണ്ഡം ചുമക്കാൻ പറ്റിയ ഉരു പിറക്കുക തന്നെ ചെയ്യും; അഥവാ പിറന്നുകഴിഞ്ഞു. തെറ്റുകുറ്റങ്ങളുടെ മുഴുവൻ വിഴുപ്പും പേറിയാണ് മൻമോഹൻസിങ് രാഷ്ട്രീയ വനവാസത്തിന് പുറപ്പെടാൻ പോവുന്നത്. തെറ്റു ചെയ്തവനെ വനവാസത്തിലേക്ക് വഴിനടത്തിയെന്ന അവകാശവാദവും വഴിയേ കേൾക്കാം. ആ യാത്രക്കു മുമ്പ് ഉരുവിൻെറ മുകളിൽ കണ്ണിൽക്കണ്ട എല്ലാ വിഴുപ്പുഭാണ്ഡവും കയറിയിട്ടുണ്ടെന്ന് കോൺഗ്രസുകാ൪ തീ൪ച്ചപ്പെടുത്തിയിരിക്കും. മൻമോഹൻ അതിന് അ൪ഹനല്ലാതാവുന്നില്ല. എങ്കിലും, അദ്ദേഹം മാത്രമാണോ എല്ലാറ്റിനും കുറ്റക്കാരൻ? പക്ഷേ, പഴി മൻമോഹന്. നന്മകൾ ഗാന്ധിമാ൪ക്ക്. അവസരങ്ങൾ വിരുതുള്ളവ൪ക്ക്. സംഗതി ക്ളീൻ ! അത്തരമൊരു ക്ളീൻ സ്ളേറ്റിൽ ക്ളീൻ ഇമേജുമായി പുതിയൊരു മൻമോഹൻെറ പിറവിക്ക് കാത്തിരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story