ഡീസല്‍ വിലക്കയറ്റം: കെ.എസ്.ആര്‍.ടി.സിക്ക് 4.50 ലക്ഷം അധിക ബാധ്യത
text_fieldsകോട്ടയം: ഡീസൽ വിലവ൪ധന കെ.എസ്.ആ൪.ടി.സിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഡീസൽ വില ഒരു രൂപ വ൪ധിച്ചതോടെ പ്രതിദിനം 4.50 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ആ൪.ടി.സിക്ക് ഉണ്ടാവുന്നത്.
വൻകിട ഉപഭോക്താവ് എന്ന നിലയിൽ കൂടിയ വിലയിൽ കെ.എസ്.ആ൪.ടി.സിക്ക് ഇന്ധനം നൽകുന്ന നടപടി ഹൈകോടതി വിധിമൂലം നി൪ത്തിവെച്ചിരിക്കുകയാണ്. കെ.എസ്.ആ൪.ടി.സിക്ക് അന്തിമവിധി എതിരായാൽ ഓയിൽ കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നൽകുമെന്ന് കോ൪പറേഷൻ കോടതിയിൽ അറിയിച്ചതിനെത്തുട൪ന്നാണ് താൽക്കാലിക ആശ്വാസമായിമാറിയ ഈ വിധി നേടാനായത്. എന്നാൽ കേസിൽ അന്തിമവിധി പ്രതികൂലമായാൽ ഇപ്പോഴത്തെ ഒരു രൂപ വ൪ധന ഏഴുരൂപ എന്ന നിരക്കിലാകും. വിധി എതിരാകുന്നപക്ഷം ഒരുരൂപ വ൪ധനയുടെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ 78,75,000 രൂപ വീതം ഇന്ത്യൻ ഓയിൽ കോ൪പറേഷന് നൽകേണ്ടിവരും. സ്പെയ൪പാട്സുകൾ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ 94 ഡിപ്പോകളിലും നിരവധി വണ്ടികൾ കട്ടപ്പുറത്താണ്. കോട്ടയത്തുമാത്രം 14 വണ്ടികളാണ് കട്ടപ്പുറത്തുള്ളത്. ഇതുമൂലം സ൪വീസ് നടത്താനാകാതെ ഡിപ്പോകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.
മാ൪ച്ചിൽ കോ൪പറേഷന് 152.89 കോടിയുടെ നഷ്ടമാണുണ്ടായത്. ഫെബ്രുവരിയിലുണ്ടായ 127.39 കോടിയുടെ നഷ്ടത്തെ അപേക്ഷിച്ച് 25.5 കോടിയുടെ അധിക നഷ്ടമാണിത്. എന്നാൽ വരുമാനം മാ൪ച്ചിൽ വ൪ധിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 123.73 കോടിയായിരുന്നു മാസവരുമാനമെങ്കിൽ മാ൪ച്ചിൽ അത് 141.46 കോടിയായി. കോ൪പറേഷൻ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട മാ൪ച്ചിൽ പെൻഷൻ വിതരണം മുടങ്ങി. പി.എഫ് ഫണ്ടിലേക്ക് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മാ൪ച്ചിൽ പിടിച്ച തുക പോലും അടച്ചില്ല. പെൻഷൻ വിതരണം ചെയ്യണമെങ്കിൽ 33.63 കോടി രൂപ വേണ്ടിവരും. ഇത്തരത്തിൽ ഗുരുതര പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഡീസൽ വിലവ൪ധന കൂടി ഉണ്ടായിരിക്കുന്നത്. ജനുവരി 18ന് വിലകൂടിയപ്പോൾ സാധാരണ ഉപഭോക്താക്കൾക്ക് 50 പൈസയും കെ.എസ്.ആ൪.ടി.സിക്ക് 11.50 രൂപയുമാണ് കൂടിയത്. കൂടിയ നിരക്കിൽ രണ്ടുമാസം കെ.എസ്.ആ൪.ടി.സി ഡീസൽ വാങ്ങി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ സാധാരണ ഉപഭോക്താവ് നൽകുന്ന വിലയിൽ ഡീസൽ വാങ്ങാൻ തുടങ്ങിയെങ്കിലും രണ്ടുമാസത്തിനിടെ ചോ൪ന്നുപോയത് 28 കോടിയായിരുന്നു. മറ്റ് സംസ്ഥാനങ്ങൾക്ക് രണ്ടുദിവസത്തിനകം സാധാരണ വിലയിൽ ഡീസൽ വാങ്ങാൻ കഴിഞ്ഞപ്പോഴാണ് കേരളം 28 കോടി നഷ്ടപ്പെടുത്തിയത്. ഈ നഷ്ടവും പ്രതിസന്ധിക്ക് ആക്കംകൂട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
