602 വ്യാജ എഫ്.ഡി അക്കൗണ്ടുകള്‍ വഴി തട്ടിയത് അഞ്ച് കോടിയിലേറെ
text_fieldsതിരുവനന്തപുരം: കെ.എസ്.എഫ്.ഇ സ്റ്റാഫ് കോ ഓപറേറ്റിവ് സൊസൈറ്റിയിൽനിന്ന് കോടികൾ തട്ടാൻ 602 വ്യാജ സ്ഥിരനിക്ഷേപ വായ്പകൾ എടുത്തതായി കണ്ടെത്തി.
തട്ടിപ്പ് സംബന്ധിച്ച് ഭരണസമിതി നടത്തിയ പരിശോധനയിലാണിത്. ഭരണസമിതിയുടെ രണ്ടാം അന്വേഷണ റിപ്പോ൪ട്ട് ജില്ലാ സഹകരണ രജിസ്ട്രാ൪ക്ക് കൈമാറി. 709 സ്ഥിര നിക്ഷേപ വായ്പകൾ സഹകരണ സംഘത്തിൻെറ ലഡ്ജറിൽ നിലനിൽക്കുന്നതായും ഇതിൽ 107 അക്കൗണ്ടുകളിൽ മാത്രമേ സ്ഥിര നിക്ഷേപമുള്ളൂവെന്നും കണ്ടെത്തി. 100 സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ ക്ളോസ് ചെയ്തതായും കണ്ടെത്തി.
ബാക്കി 502 അക്കൗണ്ടുകളിലും വായ്പയെടുത്തത് സ്ഥിര നിക്ഷേപമില്ലാതെയാണ്. നിലവിൽ എഫ്.ഡി ഇല്ലാത്ത എഫ്.ഡി ലോണുകളുടെ തുക 5,07,77,406 രൂപയാണ്. ഇതിന് പുറമെ 2001 ഏപ്രിൽ ഒന്ന് മുതൽ 2002 ജനുവരി 27 വരെ സ്ഥിരനിക്ഷേപങ്ങളിൽ 8.5 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി. നേരത്തേ കണ്ടെത്തിയ 11,06,75,274 രൂപയുടെ ക്രമക്കേടിന് പുറമെയാണിത്. പുതുതായി കണ്ടെത്തിയ ക്രമക്കേടുകൾ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഭരണസമിതി രജിസ്ട്രാറോട് ആവശ്യപ്പെട്ടു.
അതേസമയം, സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് സംഘം സസ്പെൻഡ് ചെയ്ത ക്ള൪ക്ക് കം മാനേജ൪ എസ്. രവിശങ്ക൪ കെ.എസ്.എഫ്.ഇയുടെ വിവിധ ശാഖകളിലായി ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും പേരിൽ 22 ചിട്ടികൾ ചേ൪ന്നതായി പരിശോധനയിൽ കണ്ടെത്തി. മൂന്നര കോടി മതിക്കുന്നവയാണ് ചിട്ടി തുക. തട്ടിപ്പ് കണ്ടെത്തിയതിനെത്തുട൪ന്ന് ഭരണസമിതി രവിശങ്കറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ആദ്യം പരസ്പരവിരുദ്ധമായ വിശദീകരണം നൽകിയ രവിശങ്ക൪ പിന്നീട് ഏഴ് കോടിയോളം എടുത്തിട്ടുണ്ടെന്ന് സ്റ്റാമ്പ് പേപ്പറിൽ എഴുതി നൽകി.
ബന്ധുക്കളുടെ പേരിൽ ചിട്ടി ചേരാനും വസ്തുക്കൾ വാങ്ങാൻ ഉപയോഗിച്ചതായും സമ്മതിച്ചിരുന്നു. തുട൪ന്ന് നടത്തിയ പരിശോധനയിലാണ് 22 ചിട്ടികൾ ഉള്ളതായി കണ്ടെത്തിയത്.
മാസം രണ്ടര ലക്ഷം രൂപ അടവ് വരുന്ന ചിട്ടിവരെ ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
