ചര്‍ച്ച പൊളിഞ്ഞു; ചേളാരി ഐ.ഒ.സി പ്ളാന്‍റില്‍ സമരം തുടരുന്നു
text_fieldsഇന്ത്യൻ ഓയിൽ കോ൪പറേഷൻ ചേളാരി ബോട്ലിങ് പ്ളാൻറിൽ ഹൗസ്കീപ്പിങ് ആൻഡ് ഹാൻറ്ലിങ് കരാ൪ തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. പ്രശ്നപരിഹാരത്തിന് വെള്ളിയാഴ്ച പ്ളാൻറ് മാനേജ൪ വിളിച്ചുചേ൪ത്ത ച൪ച്ചയും പരാജയപ്പെട്ടു.
ഇടക്കാല ശമ്പളവ൪ധന നടപ്പാക്കാനുള്ള അസി. ലേബ൪ കമീഷണറുടെ നി൪ദേശം അട്ടിമറിച്ച കരാറുകാരൻെറ നടപടിയിൽ പ്രതിഷേധിച്ചാണ് കരാ൪ തൊഴിലാളികൾ ചൊവ്വാഴ്ച മുതൽ സമരം നടത്തുന്നത്. കരാറുകാരൻ തടഞ്ഞുവെച്ച ശമ്പളം നൽകിയാലേ ച൪ച്ചകളിൽപോലും പങ്കെടുക്കൂവെന്നാണ് തൊഴിലാളി നേതാക്കളുടെ നിലപാട്.പാചകവാതക ക്ഷാമം പരിഹരിക്കാൻ പ്ളാൻറ് പ്രവ൪ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്ളാൻറ് മാനേജ൪ വെള്ളിയാഴ്ച തൊഴിലാളി യൂനിയൻ നേതാക്കളുമായി ച൪ച്ച നടത്തിയിരുന്നു. തടഞ്ഞുവെച്ച ശമ്പളം അക്കൗണ്ടിൽ നിക്ഷേപിച്ചാലേ ഗ്യാസ് ഫില്ലിങ്ങിനോട് സഹകരിക്കൂവെന്ന തീരുമാനത്തിൽ നേതാക്കൾ ഉറച്ചുനിന്നു.
അതേസമയം, ചേളാരി പ്ളാൻറിൽ ഫില്ലിങ് മുടങ്ങിയതുമൂലം പാചകവാതക ക്ഷാമം പരിഹരിക്കാൻ കൊച്ചി, കോയമ്പത്തൂ൪, മംഗലാപുരം എന്നിവിടങ്ങളിൽനിന്ന് സിലിണ്ടറുകൾ എത്തിക്കാൻ നടപടി തുടങ്ങി. കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്ക് കൊച്ചി പ്ളാൻറിൽനിന്നും കണ്ണൂ൪, കാസ൪കോട് എന്നിവിടങ്ങളിലേക്ക് മംഗലാപുരത്തുനിന്നും പാലക്കാട് ജില്ലയിലേക്ക് കോയമ്പത്തൂരിൽനിന്നുമാണ് പാചകവാതകം എത്തിച്ചത്. തൊഴിലാളികളും കരാറുകാരനും തമ്മിലെ പ്രശ്നം ച൪ച്ച ചെയ്യാൻ 13ന് കൊച്ചിയിലും 16ന് കോഴിക്കോട്ടും അസി. ലേബ൪ കമീഷണ൪ ച൪ച്ച വെച്ചിട്ടുണ്ട്. യാത്രാച്ചെലവ് കരാറുകാരനോ ഐ.ഒ.സിയോ വഹിക്കുകയാണെങ്കിലേ കൊച്ചിയിലെ ച൪ച്ചയിൽ പങ്കെടുക്കൂവെന്നാണ് നേതാക്കളുടെ തീരുമാനം. നിരവധി തവണ പണം മുടക്കി കൊച്ചിയിൽ ച൪ച്ചക്ക് പോയിട്ടുണ്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് കരാറുകാരൻ സി.ഒ. ജോൺസൺ പങ്കെടുക്കാതിരുന്നതിനാൽ ച൪ച്ച പരാജയപ്പെടുകയായിരുന്നു.ഇനിയും നഷ്ടം സഹിക്കാൻ തങ്ങൾക്കാവില്ല എന്ന നിലപാടിൽ നേതാക്കൾ ഉറച്ചുനിൽക്കുകയാണ്.
അങ്ങനെയാണെങ്കിൽ 16ന് കോഴിക്കോട്ട് നടക്കുന്ന ച൪ച്ചയിലേ തൊഴിലാളിനേതാക്കൾ പങ്കെടുക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
