വിശ്വസ്തനായി നിന്നു; ഒടുവില്‍ സി.ബി.ഐ കുടുക്കി
text_fieldsന്യൂദൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിൽ ‘കൂട്ടിലടച്ച തത്ത’യെന്ന് സുപ്രീംകോടതിയുടെ പഴികേട്ട സി.ബി.ഐ മാനംകാക്കാൻ ഉണ൪ന്നു പ്രവ൪ത്തിച്ചപ്പോൾ തെറിച്ചത് റെയിൽവേ മന്ത്രി പവൻകുമാ൪ ബൻസലിൻെറ കസേര. റെയിൽവേ മന്ത്രിയുടെ അനന്തരവനെ സി.ബി.ഐ പിന്തുട൪ന്നതിൻെറ സാഹചര്യമതാണ്. മന്ത്രിയുടെ അനന്തരവൻ വിജയ് സിംഗ്ള 90 ലക്ഷം കോഴപ്പണവുമായി പിടികൂടുമ്പോൾ അത് സ൪ക്കാറിനെ വെട്ടിലാക്കുമെന്ന ബോധ്യത്തോടെതന്നെയാണ് സി.ബി.ഐ മോധാവികൾ മുന്നോട്ടുനീങ്ങിയത്. കാരണം, രാഷ്ട്രീയ യജമാനന്മാരുടെ മൊഴി ഏറ്റുപാടുന്നുവെന്ന് കോടതി പഴിപറഞ്ഞപ്പോൾ അല്ലെന്ന് തെളിയിക്കാൻ സി.ബി.ഐ ഒരുമ്പെട്ടിറങ്ങി.
വിജയ് സിംഗ്ളയുടെ കോഴയിടപാടിൽ ബന്ധമില്ലെന്നായിരുന്നു ബൻസലിൻെറ അവകാശവാദം. അനന്തരവൻ മന്ത്രിയുടെ വിശ്വസ്തനായ പേഴ്സനൽ സ്റ്റാഫ് രാഹുൽ ഭണ്ഡാരിയുമായി അടുത്ത ബന്ധം പുല൪ത്തിയതിൻെറ വിവരങ്ങൾ, സി.ബി.ഐ ചോ൪ത്തിയ ഭണ്ഡാരിയും വിജയ് സിംഗ്ളയും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ മഹേഷ്കുമാറിന് റെയിൽവേ ബോ൪ഡിൽ മെക്കാനിക്കൽ ചുമതല നൽകാൻ ബൻസൽ സമ്മതിച്ചതിൻെറ വിവരങ്ങൾ, സ്ഥാനക്കയറ്റത്തിന് 10 കോടി കോഴ നൽകാനുള്ള കരാ൪ പറഞ്ഞുറപ്പിച്ചത് വിജയ് സിംഗ്ളയുമായി മന്ത്രിയുടെ വസതിയിൽ ചേ൪ന്ന കൂടിക്കാഴ്ചയിലാണെന്ന് മഹേഷ്കുമാ൪ സി.ബി.ഐക്ക് നൽകിയ മൊഴി എന്നിവ പുറത്തുവന്നതോടെ ബൻസൽ ശരിക്കും വെട്ടിലാവുകയായിരുന്നു. രാഹുൽ ഭണ്ഡാരിയെ ചോദ്യംചെയ്ത സി.ബി.ഐ ബൻസലിനെയും ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ്.
ഇതോടൊപ്പം, മുമ്പ് ധനകാര്യ സഹമന്ത്രിയായിരിക്കെ, മക്കളുടെ കമ്പനികളുടെ ഓഡിറ്റ൪ സുനിൽ ഗുപ്തയെ കനറാ ബാങ്ക് ഡയറക്ടറായി നിയമിച്ചതിനെ ചൊല്ലിയും ബൻസലിനെതിരായ വിവരങ്ങൾ പുറത്തുവന്നു. ഗുപ്ത ഡയറക്ടറായശേഷം ബൻസലിൻെറ മക്കളുടെ കമ്പനികൾക്ക് 50 കോടിയോളം രൂപയാണ് ബാങ്ക് അനധികൃതമായി വായ്പ അനുവദിച്ചത്. ബൻസൽ ദൽഹി രാഷ്ട്രീയത്തിൽ ഉയ൪ന്നുവന്നതിനൊപ്പം മക്കളുടെയും മരുമക്കളുടെയും സമ്പത്ത് ഒന്നുമില്ലായ്മയിൽനിന്ന് ശതകോടികളിലേക്ക് ഉയ൪ന്നതിൻെറ വിവരങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടു. സി.ബി.ഐ അന്വേഷണത്തിൽ ദിനംപ്രതി കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതോടെ കോൺഗ്രസിനും രക്ഷിക്കാനാകാത്ത നിലയിലേക്ക് ബൻസൽ എത്തിപ്പെടുകയായിരുന്നു. കേവലം ഒരാഴ്ചകൊണ്ടാണ് പ്രധാനമന്ത്രിയുടെയും സോണിയയുടെയും വിശ്വസ്തരിൽ മുൻനിരയിലുള്ള ബൻസൽ ഈയൊരവസ്ഥയിലേക്ക് പതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
