റെയില്‍വേ കോഴ: നാലു വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷണത്തില്‍
text_fields ന്യൂദൽഹി: റെയിൽവേ കോഴക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം റെയിൽവേയിലെ കഴിഞ്ഞ നാലുവ൪ഷത്തെ ഉന്നത നിയമനങ്ങൾ പരിശോധിക്കുന്നു. സീനിയോറിറ്റിയും ചട്ടങ്ങളും മറികടന്ന് നടന്ന പല നിയമനങ്ങളിലും അഴിമതിയുണ്ടെന്ന സൂചന ലഭിച്ചതിനെ തുട൪ന്നാണിത്. റെയിൽവേ ഓഫിസേ൪സ് ഫെഡറേഷൻ കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. കത്തിൻെറ പക൪പ്പ് സി.ബി.ഐക്കും ലഭിച്ചു.
റെയിൽവേ ബോ൪ഡിൽ ഇലക്ട്രിക്കൽ വിഭാഗത്തിൻെറ ചുമതല നൽകാമെന്ന വാഗ്ദാനം ചെയ്താണ് റെയിൽവേ മന്ത്രി പവൻകുമാ൪ ബൻസലിൻെറ അനന്തരവൻ വിജയ് സിംഗ്ള, റെയിൽവേ ബോ൪ഡിൽ എച്ച്.ആ൪ വിഭാഗത്തിൻെറ ചുമതലയുള്ള അംഗം മഹേഷ്കുമാറിൽനിന്ന് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. മുൻ കാലങ്ങളിലും ഇത്തരം ഉന്നത നിയമനങ്ങളിൽ സമാനമായ ഇടപാട് നടന്നിരിക്കാനുള്ള സാധ്യതയാണ് സി.ബി.ഐ അന്വേഷിക്കുന്നത്. അതിനായി ബന്ധപ്പെട്ട നിയമനങ്ങളുടെ ഫയലുകൾ സി.ബി.ഐ റെയിൽവേ മന്ത്രാലയത്തോട് പരിശോധനക്കായി ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമ റെയിൽവേ ജനറൽ മാനേജറായിരുന്ന മഹേഷ്കുമാറിനെ റെയിൽവേ ബോ൪ഡ് അംഗമായി നിയമിച്ചതിൻെറ ഫയലുകൾ ഇതിനകം റെയിൽവേ മന്ത്രാലയത്തിൽനിന്ന് ഏറ്റെടുത്തിട്ടുണ്ട്. ഉന്നതതല നിയമനങ്ങളിലെ ചട്ടലംഘനം സംബന്ധിച്ച് റെയിൽവേ ബോ൪ഡ് ചെയ൪മാൻ വിജയ് മിത്തലിൻെറയും മറ്റു ബോ൪ഡ് അംഗങ്ങളുടെയും വിശദീകരണം തേടുന്നതും സി.ബി.ഐയുടെ പരിഗണനയിലുണ്ട്. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ബൻസലിൻെറ മരുമകൻ വിജയ് സിംഗ്ളയുമായി അടുത്ത ബന്ധം പുല൪ത്തിയ ബൻസലിൻെറ വിശ്വസ്തനായ പേഴ്സനൽ സ്റ്റാഫ് രാഹുൽ ഭണ്ഡാരിയെ വൈകാതെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.
കോഴപ്പണം മന്ത്രിക്ക് വേണ്ടിയാണെന്ന വിവരങ്ങളാണ് പിടിയിലായവരിൽനിന്ന് ലഭിച്ചത്. ഇതനുസരിച്ച് ബൻസലിൽനിന്നും മക്കളിൽനിന്നും വിശദീകരണം തേടേണ്ടതുണ്ട്. കുറേക്കൂടി ശക്തമായ തെളിവുകൾ സമാഹരിച്ച ശേഷമായിരിക്കും സി.ബി.ഐ അതിലേക്ക് കടക്കുക.
വിജയ് സിംഗ്ളയും രാഹുൽ ഭണ്ഡാരിയും മന്ത്രിയുടെ മക്കളും തമ്മിലുള്ള ബന്ധത്തിന് തെളിവായി ടെലിഫോൺ സംഭാഷണങ്ങൾ സി.ബി.ഐയുടെ പക്കലുണ്ട്. മഹേഷ്കുമാറിനു വേണ്ടി വിവിധ റെയിൽവേ കരാറുകാരാണ് 90 ലക്ഷം രൂപ സമാഹരിച്ചത്. അതിൽ മുഖ്യപങ്കുവഹിച്ച സുശീൽ ദാഗെ എന്ന ഫരീദാബദുകാരൻ മാപ്പുസാക്ഷിയാകാൻ തയാറായി സി.ബി.ഐയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
