വലിയങ്ങാടി തീപിടിത്തം അണയാതെ അഗ്നിജ്വാലകള്‍
text_fieldsകോഴിക്കോട്: അ൪ധരാത്രി പിന്നിട്ടിട്ടും അണയാതെ അഗ്നി വലിയങ്ങാടിയെ ഭീതിയിലാഴ്ത്തി. രാത്രി ഒമ്പതര മണിയോടെ പട൪ന്ന തീ ചാക്കു കടകളിൽ താണ്ഡവമാടിയ ശേഷവും നീറിപ്പുകഞ്ഞുകൊണ്ടിരുന്നു. കരിപ്പൂ൪ എയ൪പോ൪ട്ടിൽനിന്നടക്കം 11 യൂനിറ്റ് ഫയ൪ഫോഴ്സും നാട്ടുകാരും അതിസാഹസികമായാണ് ഒടുവിൽ തീയണച്ചത്. രാത്രി വൈകിയും ജനം പിരിഞ്ഞുപോയിട്ടില്ല. തീപിടിച്ച ചാക്കുകെട്ടുകൾ പുറത്തേക്കെടുത്തിട്ട് നാട്ടുകാ൪ തല്ലിക്കെടുത്തി. ഇടവഴികളിൽ തടസ്സമായി നിന്ന ട്രോളികൾ നാട്ടുകാ൪ അതിസാഹസികമായി എടുത്തുമാറ്റിയാണ് ഫയ൪ഫോഴ്സിന് സംഭവസ്ഥലത്തേക്ക് വഴിയൊരുക്കിയത്. രക്ഷാപ്രവ൪ത്തനം വൈകിയതോടെ ആശങ്ക വ൪ധിച്ചിരുന്നു. തൊട്ടടുത്ത കയ൪ ഗോഡൗണിൽ ലക്ഷക്കണക്കിന് രൂപയുടെ കയ൪ സൂക്ഷിച്ചിരുന്നു. ഇതിലേക്ക് തീപടരാതിരുന്നത് നഷ്ടത്തിൻെറ ആഘാതം കുറച്ചു. ഫയ൪ഫോഴ്സിന് വെള്ളമെടുക്കാൻ തൊട്ടടുത്ത് ശഹാബാ മസ്ജിദിൻെറ കുളം വലിയ ആശ്രയമായി. നിരവധി തവണ ഈ പള്ളിക്കുളത്തിൽനിന്ന് ഫയ൪ഫോഴ്സ് വെള്ളം ശേഖരിച്ചു. ഫയ൪ യൂനിറ്റിൻെറ പ്ളേ്ളാട്ട് പമ്പിങ് സംവിധാനം ഈ കുളത്തിൽനിന്ന് എളുപ്പം വെള്ളമെടുക്കാൻ സഹായകമായി. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് ഫയ൪സ്റ്റേഷനുകളിൽനിന്നായി ഒമ്പത് യൂനിറ്റും പേരാമ്പ്ര, നരിക്കുനി, മുക്കം എന്നിവിടങ്ങളിൽനിന്ന് ഓരോ യൂനിറ്റ് വീതവും ഫയ൪ഫോഴ്സ് എത്തി. രാത്രി 12 മണിയോടെ കരിപ്പൂ൪ എയ൪പോ൪ട്ടിൽനിന്ന് ആധുനിക സംവിധാനങ്ങളുള്ള ഫയ൪ യൂനിറ്റുമെത്തി. എ.ഡി.എം രമാദേവി, ഡെപ്യൂട്ടി തഹസിൽദാ൪ ഉദയൻ എന്നിവരും സ്ഥലത്തെത്തി. ഫയ൪ഫോഴ്സ് അസി. ഡിവിഷനൽ ഓഫിസ൪ സിദ്ധകുമാ൪ അഗ്നിശമന സേനക്ക് നേതൃത്വം നൽകി.
തീപിടിത്തത്തെത്തുട൪ന്ന് ഗണ്ണി സ്ട്രീറ്റിന് ഇന്ന് അവധിയായിരിക്കുമെന്ന് എസ്.എം. സ്വാലിഹ്, ശുഐബ്, എൻ.കെ.വി. മാമുക്കോയ എന്നിവ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
