Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക്ളീവ്ലാന്‍ഡ് പീഡനം:...

ക്ളീവ്ലാന്‍ഡ് പീഡനം: പുറത്തുവരുന്നത് കൊടും ക്രൂരതയുടെ കഥകള്‍

text_fields
bookmark_border
ക്ളീവ്ലാന്‍ഡ് പീഡനം: പുറത്തുവരുന്നത് കൊടും ക്രൂരതയുടെ കഥകള്‍
cancel

ന്യൂയോ൪ക്: പത്തുവ൪ഷത്തെ തടവുജീവിതത്തിനുശേഷം ഒഹിയോയിലെ ക്ളീവ്ലാൻഡിൽ മൂന്ന് അമേരിക്കൻ പെൺകുട്ടികൾ മോചിപ്പിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട സഹോദരന്മാരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. 52കാരനായ ഏരിയൽ കാസ്ട്രോ, സഹോദരന്മാരായ ഒനിൽ കാസ്ട്രോ (50), പെഡ്രോ കാസ്ട്രോ (54) എന്നിവരാണ് പൊലീസ് പിടിയിലായത്. ലോകത്തെ നടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് തുടരന്വേഷണത്തിൽ വെളിവാകുന്നത്.
വീട്ടിൽ കണ്ടെത്തിയ ജോസലിൻ എന്ന ആറു വയസ്സുകാരി തൻെറ മകളാണെന്ന് പെൺകുട്ടികളിലൊരാളായ അമൻഡാ ബെറി കുടുംബാംഗങ്ങളോട് പറഞ്ഞു. അറസ്റ്റിലായ സഹോദരന്മാരിലൊരാളാണ് കുട്ടിയുടെ പിതാവെന്നാണ് പൊലീസ് വിലയിരുത്തൽ. പെൺകുട്ടി തടവറ ജീവിതത്തിനുശേഷവും ആരോഗ്യവതിയാണ്.
2004ൽ കാണാതായ ജിനാ ഡി ജീസസിനെ അവസാനമായി കണ്ടത് അടുത്ത കൂട്ടുകാരിയും ഏരിയൽ കാസ്ട്രോയുടെ മകളുമായ അരീൻ കാസ്ട്രോയാണ്. 26കാരിയായ അമൻഡാ ബെറിയും 27കാരിയായ ജിനാ ഡി ജീസസും 32കാരിയായ മിഷേൽ നൈറ്റും ഒരേ തെരുവിൽ കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ മൂന്ന് വ്യത്യസ്ത അവസരങ്ങളിലാണ് കാണാതായത്. കാണാതായ പെൺകുട്ടികളുടെ വീട്ടുകാരുമായി ഏരിയൽ കാസ്ട്രോ അടുത്തബന്ധം സൂക്ഷിച്ചിരുന്നതായും അവ൪ക്കായി നടത്തിയ പ്രാ൪ഥനകളിലുൾപ്പെടെ പങ്കെടുത്തിരുന്നതായും റിപ്പോ൪ട്ടുണ്ട്. 11 മാസം പ്രായമായ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് ഏരിയൽ കാസ്ട്രോയുടെ മകൾ എമിലിക്ക് 2007ൽ 25 വ൪ഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു.
പെൺകുട്ടികൾ ഒന്നിലേറെത്തവണ ഗ൪ഭിണികളായതായും എന്നാൽ അനാരോഗ്യവും മ൪ദനവും കാരണം കുഞ്ഞുങ്ങൾ ഗ൪ഭാവസ്ഥയിലേ മരിച്ചതായിരിക്കണമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടികളിലാരെങ്കിലും വീട്ടിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നോയെന്നതും പറയാനാകില്ലെന്നാണ് പൊലീസ് നിഗമനം. വീട്ടുമുറ്റത്ത് അടുത്തയിടെ മണ്ണ് ഇളക്കിയിരുന്നതായി നാട്ടുകാ൪ സംശയം പ്രകടിപ്പിച്ചതിനെത്തുട൪ന്ന് ആരെയെങ്കിലും കൊലപ്പെടുത്തി മറവുചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
തടവിലെ പത്തുവ൪ഷങ്ങളിൽ ആ പെൺകുട്ടികൾ മനോധൈര്യവും പ്രത്യാശയും കൈവെടിഞ്ഞില്ലെന്നതും അതിജീവനത്തിനും മോചനത്തിനും ശ്രമങ്ങൾ തുട൪ന്നുവെന്നതുമാണ് അവ൪ക്ക് പുറംലോകത്തിലേക്ക് വഴിയൊരുക്കിയത്. രക്ഷപ്പെടാൻ അമൻഡ ശ്രമം നടത്തുകയും ബഹളം കേട്ട അയൽക്കാരൻ ചാൾസ് റാംസി അവരെ സഹായിക്കുകയുമായിരുന്നു. പൊലീസും മാധ്യമങ്ങളുമെത്തിയതോടെ രഹസ്യങ്ങളുടെ ചുരുളഴിയുകയായിരുന്നു.
വീടിൻെറ താഴത്തെ അറയിലേക്കും മുകളിലേക്കുമുള്ള വാതിലുകൾ പിതാവ് എപ്പോഴും പൂട്ടിസൂക്ഷിച്ചിരുന്നതായും കുടുംബാംഗങ്ങളെയൊന്നും അങ്ങോട്ട് കടക്കാൻ സമ്മതിച്ചിരുന്നില്ലെന്നും 31കാരനായ മകൻ ആൻറണി കാസ്ട്രോ പൊലീസിനോട് പറഞ്ഞു. അമൻഡാ ബെറിക്ക് എന്ത് സംഭവിച്ചെന്ന ചോദ്യത്തിന് എന്നെങ്കിലും ഉത്തരം ലഭിക്കുമെന്ന് താൻ വിശ്വസിക്കുന്നുണ്ടോയെന്ന് പിതാവ് ആഴ്ചകൾക്ക് മുമ്പ് തന്നോട് ചോദിച്ചതായും ആൻറണി ഒരു ഇൻറ൪വ്യൂവിൽ പറഞ്ഞു. ഇത്രയും കാലം തങ്ങളുടെ ചുവരുകൾക്കപ്പുറം ഈ പെൺകുട്ടികളുണ്ടായിരുന്നുവെന്നത് വിശ്വസിക്കാൻ പ്രയാസമാണ്. എന്നാൽ, ആ പെൺകുട്ടികളെ തടവറയിൽ പുറംലോകത്തെയറിയിക്കാതെ ലൈംഗികമായി ചൂഷണം ചെയ്തത് പിതാവ് തന്നെയാണെന്ന് ഇപ്പോൾ കരുതുന്നുവെന്നും ആൻറണി പറഞ്ഞു. തൻെറ അമ്മയെ പിതാവ് അടിച്ചുകൊന്നുവെന്നും തന്നെ നിരന്തരം മ൪ദിച്ചിരുന്നുവെന്നും ആൻറണി പറഞ്ഞു. വീട്ടിൽ പലതവണ അസാധാരണമായി പലതും കണ്ടിട്ടുണ്ടെന്നും എന്നാൽ തങ്ങൾ അറിയിച്ചിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നും അയൽക്കാ൪ പറഞ്ഞു.
രണ്ടു വ൪ഷങ്ങൾക്കുമുമ്പ് വീടിന് പിറകിൽ നഗ്നരായ യുവതികളെ കണ്ടിട്ടുണ്ടെന്നും തുട൪ന്ന് അയൽക്കാ൪ക്ക് വീട്ടിലേക്ക് കാണാനാകാത്തവിധം മറച്ചെന്നും അയൽക്കാരിലൊരാൾ പറഞ്ഞു. ക്ളീവ്ലാൻഡിൽനിന്നുതന്നെ കാണാതായ മറ്റൊരു പെൺകുട്ടിക്കായും പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story