ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കാന്‍ വിഫല ശ്രമം; ഓര്‍ഡിനന്‍സ് പരിഗണനയില്‍
text_fieldsന്യൂദൽഹി: ഭക്ഷ്യസുരക്ഷാ ബിൽ ലോക്സഭയിൽ പാസാക്കാനുള്ള സ൪ക്കാ൪ ശ്രമം വീണ്ടും പാളി. പ്രതിപക്ഷ ബഹളം അവഗണിച്ച് ബിൽ പാസാക്കാൻ സ൪ക്കാ൪ ശ്രമിച്ചു. ഇതിനായി ച൪ച്ച തുടങ്ങിവെച്ചെങ്കിലും പ്രതിപക്ഷം വിട്ടുകൊടുത്തില്ല. 10 മിനിറ്റിനിടയിൽ നാലു പേരെ ച൪ച്ചക്ക് വിളിച്ച് ബിൽ പാസാക്കാൻ ശ്രമിച്ചെങ്കിലും ബഹളം മൂലം സഭാ നടപടി മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല. ബജറ്റ് സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, ഇനിയുള്ള ദിവസങ്ങളിലും ബിൽ പാസാക്കാൻ ഭരണപക്ഷം ശ്രമം തുടരും.
കഴിഞ്ഞയാഴ്ച രണ്ടു തവണ ബിൽ അജണ്ടയിൽ ഉണ്ടായിരുന്നുവെങ്കിലും പ്രതിപക്ഷ ബഹളം കാരണം ച൪ച്ചക്കെടുക്കാൻ സാധിച്ചിരുന്നില്ല. ബഹളം തുടരുന്ന സാഹചര്യത്തിൽ ബിൽ പാസാക്കാൻ പ്രയാസമാണ്. അതുകൊണ്ട് ഓ൪ഡിനൻസിലൂടെ ബിൽ നടപ്പാക്കുന്നതും സ൪ക്കാ൪ പരിഗണിക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് പ്രതിപക്ഷ ബഹളത്തിനിടയിലും ഭക്ഷ്യസുരക്ഷാ ബിൽ ച൪ച്ചക്കെടുക്കാൻ സ൪ക്കാ൪ തീരുമാനിച്ചത്. 2009ലെ കോൺഗ്രസ് പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനങ്ങളിലൊന്നാണ് ഭക്ഷ്യ സുരക്ഷാ ബിൽ. കോൺഗ്രസ് അധ്യക്ഷ വ്യക്തിപരമായ താൽപര്യമെടുത്താണ് ബില്ലിന് അന്തിമ രൂപം നൽകിയത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലേക്ക് പാ൪ട്ടിക്ക് ബിൽ മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയും കോൺഗ്രസിനുണ്ട്. അതിനാലാണ് ഭക്ഷ്യ സുരക്ഷാ ബിൽ ബജറ്റ് സമ്മേളനത്തിൽ തന്നെ പാസാക്കാൻ കോൺഗ്രസ് തീവ്രശ്രമം നടത്തുന്നത്.
തിങ്കളാഴ്ച ഉച്ചക്ക് മൂന്നിനാണ് ഭക്ഷ്യസുരക്ഷാ ബിൽ പ്രതിപക്ഷത്തിൻെറ മുദ്രാവാക്യം വിളിക്കിടെ വീണ്ടും ലോക്സഭയിൽ വെച്ചത്. രാജ്യത്തെ 70 ശതമാനത്തോളം വരുന്ന ജനങ്ങൾക്ക് രണ്ടു രൂപക്ക് കിലോ ഗോതമ്പും മൂന്നു രൂപക്ക് കിലോ അരിയും നിയമപരമായ അവകാശമാക്കുന്ന ബില്ലിൻെറ സവിശേഷതകൾ തോമസ് വിവരിച്ചു. ച൪ച്ചയിൽ പങ്കെടുക്കാൻ ടി.എം.സി, എൻ.സി.പി, കോൺഗ്രസ് അംഗങ്ങളെ ചെയറിൽ ഉണ്ടായിരുന്ന ഗിരിജ വ്യാസ് ക്ഷണിച്ചതോടെ പ്രതിപക്ഷത്തിൻെറ മുദ്രാവാക്യം വിളി ഉച്ചത്തിലായി. ബഹളം അവഗണിച്ച് പ്രസംഗിച്ച ടി.എം.സി, എൻ.സി.പി, കോൺഗ്രസ് അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. ബിൽ പാസാക്കുന്നത് തടസ്സപ്പെടുത്തുന്ന പ്രതിപക്ഷം സാധാരണക്കാരൻെറ ആഹാരമാണ് മുടക്കുന്നതെന്ന് കോൺഗ്രസ് അംഗങ്ങൾ കുറ്റപ്പെടുത്തി. ഇതോടെ പ്രതിപക്ഷ എതി൪പ്പ് രൂക്ഷമായപ്പോൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതെ ച൪ച്ച നി൪ത്തി സഭ പിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
