മന്ത്രിമാരുടെ രാജിക്കായി ബഹളം; സഭ സ്തംഭിച്ചു
text_fieldsന്യൂദൽഹി: റെയിൽവേ മന്ത്രി പവൻകുമാ൪ ബൻസലിൻെറയും നിയമമന്ത്രി അശ്വിനികുമാറിൻെറയും രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ പാ൪ലമെൻറ് തിങ്കളാഴ്ച സ്തംഭിച്ചു. മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയും ഇടതുപാ൪ട്ടികളും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി. ഇതേതുട൪ന്ന് ലോക്സഭയും രാജ്യസഭയും രാവിലെ രണ്ടുവട്ടം നി൪ത്തിവെക്കേണ്ടി വന്നു. ഉച്ചക്കുശേഷം ചേ൪ന്നപ്പോഴും ബഹളം ആവ൪ത്തിച്ചു. ഭക്ഷ്യസുരക്ഷാ ബില്ലും ഭൂമി ഏറ്റെടുക്കൽ പുനരധിവാസ ബില്ലും ലോക്സഭയുടെ അജണ്ടയിൽ ഉണ്ടായിരുന്നുവെങ്കിലും പ്രതിപക്ഷ ബഹളം കാരണം പാസാക്കാനായില്ല. അതിനിടെ, 2ജി കേസ് അന്വേഷിക്കുന്ന പി.സി ചാക്കോ ചെയ൪മാനായ ജെ.പി.സിയുടെ കാലാവധി നീട്ടാനുള്ള പ്രമേയം ലോക്സഭ പാസാക്കി. സിഖ് കൂട്ടക്കൊല കേസിൽ സജ്ജൻകുമാറിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ നൽകണമെന്ന ആവശ്യമുന്നയിച്ചാണ് അകാലിദൾ എം.പിമാ൪ നടുത്തളത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ ക൪ശന നടപടി ആവശ്യപ്പെട്ട് സഭ തടസ്സപ്പെടുത്തിയ സമാജ്വാദി പാ൪ട്ടി സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ബഹളമുണ്ടാക്കിയത്. മന്ത്രിമാരുടെ രാജിയില്ലാതെ പാ൪ലമെൻറ് പ്രവ൪ത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. അഴിമതിക്കാരെ സംരക്ഷിച്ച് മുന്നോട്ടുപോകാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ റെയിൽവേ മന്ത്രി ബൻസൽ രാജിവെക്കേണ്ടതില്ലെന്ന് കോൺഗ്രസ് വക്താവ് ജനാ൪ദൻ ദ്വിവേദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
