ബഹിരാകാശ അവശിഷ്ടങ്ങള്‍
text_fieldsബഹിരാകാശ ഗവേഷണവും ഉപഗ്രഹങ്ങളുമെല്ലാം ആധുനിക കാലത്ത് മാനവരാശിയുടെ ഭാഗമായി മാറിക്കഴിഞ്ഞു. ഭൗമ നിരീക്ഷണം, വാ൪ത്താവിനിമയം, ശാസ്ത്രീയ പഠനം തുടങ്ങിയവക്കായി മനുഷ്യനി൪മിത കൃത്രിമോപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് അയക്കുന്നു. ശക്തിയേറിയ റോക്കറ്റുകൾ ഉപയോഗിച്ച് ഈ ഉപഗ്രഹങ്ങളെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നു. ഇവയിൽ പലതിനും ചുരുങ്ങിയ ആയുസ്സാണുള്ളത്. നിശ്ചിത കാലാവധിക്കുശേഷം ഈ ഉപഗ്രഹങ്ങളും റോക്കറ്റ് എൻജിനും ഉപയോഗശൂന്യമാകുന്നു. പ്രവ൪ത്തനക്ഷമമായ മറ്റു ഉപഗ്രഹങ്ങൾക്ക് ഇവ ഭീഷണി ഉയ൪ത്തുന്നു. മനുഷ്യനി൪മിത ഉപഗ്രഹങ്ങൾക്ക് പുറമെ, വിവിധ വലിപ്പത്തിലുള്ള ഉൽക്കകളും ഭ്രമണപഥത്തിൽ ഒഴുകി നടക്കുകയോ ഭ്രമണപഥത്തിനരികിലൂടെ കടന്നുപോവുകയോ ചെയ്യുന്നു. ഇവയെല്ലാം ചേ൪ന്ന് ബഹിരാകാശത്ത് വൻതോതിൽ മാലിന്യങ്ങൾ സൃഷ്ടിക്കുന്നു. ഈ മാലിന്യങ്ങളെയാണ് ‘ബഹിരാകാശ അവശിഷ്ടങ്ങൾ’ ( Space Debris) എന്ന് വിളിക്കുന്നത്.
ഇത്തരത്തിലുള്ള അവശിഷ്ടങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് നോ൪ത് അമേരിക്കൻ എയ്റോ സ്പേസ് ഡിഫൻസ് കമാൻഡ് (നൊറാഡ് NORAD). ശീതസമര കാലത്ത് റഷ്യൻ മിസൈലുകളെയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാൻ അമേരിക്ക രംഗത്തെത്തിയതോടെയാണ് ഇതിന് തുടക്കമായത്. എന്നാൽ, ബഹിരാകാശ അവശിഷ്ങ്ങളെക്കുറിച്ച് ഏറ്റവും ആധികാരികമായ വിവരങ്ങളുടെ ഉറവിടമാണ് ഇന്ന് ഈ സ്ഥാപനം. ബഹിരാകാശത്തെ ഒരു വിധം എല്ലാ വസ്തുക്കളെയും സ്ഥിരമായി നിരീക്ഷിക്കുന്ന നൊറാഡ് ഭ്രമണപഥത്തിലെ വസ്തുവിൻെറ വലുപ്പം, ഉയരം, ഗതി, ചായ്വ്് തുടങ്ങിയ സാങ്കേതിക വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നു. 10 സെ. മീറ്ററിലധികം വ്യാസമുള്ള ഏതാണ്ട് 25000ത്തോളം വസ്തുക്കൾ ഇന്ന് ഭൂമിക്ക് ചുറ്റും 2000 കി.മീറ്റ൪ പരിധിയിൽ ഒഴുകി നടക്കുന്നുണ്ട്. ഇവയിൽ പകുതിയോളവും ഉപയോഗശൂന്യമായ മനുഷ്യ നി൪മിത ഉപഗ്രഹങ്ങളും റോക്കറ്റുകളുടെ തക൪ന്ന ഭാഗങ്ങളും ഉപഗ്രഹങ്ങളുടെയോ ഉൽക്കകളുടെയോ കൂട്ടിയിടിയെത്തുട൪ന്ന് പൊട്ടിത്തെറിച്ച വസ്തുക്കളുടെ ഭാഗങ്ങളുമാണ്. റോക്കറ്റുകൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന ചെറുശകലങ്ങളും ആശങ്കയുളവാക്കുന്നതാണ്. ഒരു സെ. മീറ്ററിലധികം വലുപ്പമുള്ള ഇത്തരം ശകലങ്ങൾ എണ്ണിയാൽ അഞ്ച് ലക്ഷത്തിലധികം വരും. 1981ൽ 10 സെ. മീറ്ററിലധികം വലുപ്പമുള്ള വസ്തുക്കളുടെ എണ്ണം 5000 ആയിരുന്നു. ഇപ്പോൾ അത് 25,000 ആയി. ഇവയിൽ അധികവും മനുഷ്യ നി൪മിതമാണ്. അതിനാൽതന്നെ കൂടുതൽ ആശങ്കയുളവാക്കുന്നതുമാണ്. (ചിത്രം കാണുക)
ബഹിരാകാശ അവശിഷ്ടങ്ങൾക്ക് സെക്കൻഡിൽ ഏഴ് മുതൽ 10 കി. മീറ്റ൪ വരെ പരിധിയിലുള്ള പ്രവേഗമാണുള്ളത്. ഈ വേഗതയിൽ ഉപയോഗക്ഷമമായ ഏതെങ്കിലും ഉപഗ്രഹത്തിൽ ഇത് ഇടിക്കുകയാണെങ്കിൽ കാര്യമായ കേടുപാടുകൾ ഉണ്ടാക്കാൻ കഴിയും. ഒരു കിലോഗ്രാം ഭാരവും 10 സെ. മീറ്റ൪ വലിപ്പവുമുള്ള ഒരു അവശിഷ്ടത്തിന് 1000 കി. ഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയും. അതിനാൽ, അവശിഷ്ടങ്ങളുടെ സാന്നിധ്യം തീരെ കുറഞ്ഞ ഭ്രമണപഥ ഭാഗം കണ്ടെത്തി വേണം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ. അവശിഷ്ടങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും ഭൂമിയോട് ചേ൪ന്ന ഭ്രമണപഥത്തിൽ കൂട്ടിയിടിക്കുള്ള സാധ്യത ദശലക്ഷത്തിൽ ഒന്നുമാത്രമാണ്. ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ കൂട്ടിയിടിക്ക് സാധ്യതയുള്ള സഞ്ചാരപഥത്തിലാണെങ്കിൽ അതിനെ മറ്റൊരു ദിശയിലേക്ക് മാറ്റാൻ കഴിയും.
ertry.jpg)
എല്ലാ മുൻകരുതലുമെടുത്തിട്ടും അമേരിക്കയുടെ ഒരു ഉപഗ്രഹം റഷ്യയുടെ ഉപേക്ഷിക്കപ്പെട്ട ഒരു ഉപഗ്രഹവുമായി കൂട്ടിയിടിച്ച് രണ്ടും തക൪ന്ന സംഭവമുണ്ടായി. ഇതിൻെറ ഫലമായി വൻതോതിലുള്ള ബഹിരാകാശ അവശിഷ്ടങ്ങളാണുണ്ടായത്. മാത്രമല്ല, ഉപഗ്രഹവേധ (ASAT) ആയുധം ചൈന പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ഒരു ഉപഗ്രഹം റോക്കറ്റ് വിക്ഷേപിച്ച് ചൈന തക൪ത്തു. ഇതിൻെറ ഫലമായി 2000ത്തോളം ശകലങ്ങളാണുണ്ടായത്.
ഈ സാഹചര്യത്തിൽ, ഇത്തരം അവശിഷ്ടങ്ങൾ ബഹിരാകാശ സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയ൪ത്തുന്നത്. ഈ വസ്തുക്കൾ ഉപഗ്രഹങ്ങളുമായി കൂട്ടിയിടിച്ച് അവയെ തക൪ക്കുന്നു. ഇന്ന്, പ്രകൃതി വിഭവങ്ങൾ, കാലാവസ്ഥാ നിരീക്ഷണം, വാ൪ത്താ വിനിമയം, രാജ്യ സുരക്ഷ, പ്രതിരോധം എന്നിവയിലെല്ലാം ഉപഗ്രഹങ്ങളുടെ പങ്ക് അതിപ്രധാനമാണ്. അതിനാൽ, ബഹിരാകാശം മാലിന്യ മുക്തമായി സൂക്ഷിക്കുകയെന്നത് എല്ലാ രാജ്യങ്ങളുടെയും കടമയാണ്.
ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിനുള്ള യു.എൻ സമിതി (UNCOPUOS) ഈ വിഷയത്തെക്കുറിച്ച് ച൪ച്ച നടത്തുകയും എല്ലാ രാജ്യങ്ങൾക്കും ബാധകമായ ചില നി൪ദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യനി൪മിത അവശിഷ്ടങ്ങൾ എത്രത്തോളം കുറക്കാമെന്നത് സംബന്ധിച്ചാണ് ഇതിലൊന്ന്. ബഹിരാകാശത്ത് വളരെ കുറഞ്ഞ അവശിഷ്ടങ്ങൾ മാത്രം ഉണ്ടാകുന്ന തരത്തിൽ ഉപഗ്രഹ വിക്ഷേപണം ആസൂത്രണം ചെയ്യണം. ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് തള്ളിവിടുന്ന റോക്കറ്റിൻെറ അവസാന ഘട്ടം ഒഴിവാക്കാൻ എന്തായാലുമാകില്ല. എന്നാൽ, ഉപഗ്രഹം വേ൪പ്പെടുത്തുമ്പോൾ ഒഴിവാകുന്ന പൈറോ കട്ടറുകൾ, ബോൾട്ട് തുടങ്ങിയവ ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനം റോക്കറ്റിനൊപ്പം ഒരുക്കാനാകും. അവശിഷ്ടം കുറക്കുന്നതിനുള്ള മറ്റൊരു മാ൪ഗം റോക്കറ്റിൽനിന്ന് ഇന്ധനവും സമ്മ൪ദ വാതകവും പൂ൪ണമായി നീക്കംചെയ്യുക എന്നതാണ്. അതുവഴി ഇവ പൊട്ടിത്തെറിക്കാനുള്ള സാധ്യത ഇല്ലാതാക്കാം. സമാന മുൻകരുതലുകൾ ഉപഗ്രഹത്തിൻെറ ആയുസ്സ് അവസാനിക്കുന്ന സമയത്തും സ്വീകരിക്കേണ്ടതാണ്.
എല്ലാതരത്തിലുമുള്ള ഉപഗ്രഹവേധ ആയുധങ്ങളുടെ പരീക്ഷണങ്ങൾ നിരോധിക്കുകയും വേണം. ഉപഗ്രഹങ്ങളുടെ കാലാവധി തീരുമ്പോൾ അവയെ ഭ്രമണപഥത്തിൽനിന്ന് തിരിച്ചെടുക്കണം. വളരെയധികം ഇന്ധനം വേണ്ടിവരുന്നതിനാൽ ചെറു ഉപഗ്രഹങ്ങളുടെ കാര്യത്തിൽ ഇത് സാധ്യമായേക്കില്ല. എന്നാൽ, വലിയ ഉപഗ്രഹങ്ങൾ റോക്കറ്റ് എൻജിൻ ഘടിപ്പിച്ച് അന്തരീക്ഷത്തിലേക്ക് തിരിച്ചെടുക്കാനാകും. അന്തരീക്ഷത്തിലേക്കുള്ള പുന$പ്രവേശ സമയത്ത് അമിത ചൂട് മൂലം മിക്ക ഭാഗങ്ങളും കത്തിത്തീരും. മറ്റൊരുമാ൪ഗം ഉപഗ്രഹങ്ങളെ 2000 കി. മീറ്റ൪ പരിധിക്കപ്പുറത്തേക്ക് ഉയ൪ത്തുകയെന്നതാണ്. ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതല്ല ഈ ഭാഗം. ഭൂസ്ഥിര ഭ്രമണപഥത്തിൽ പ്രശ്നം കൂടുതൽ ഗൗരവമുള്ളതാണ്. ഈ ഭൂമധ്യരേഖാ പ്രദേശത്ത് ഉപഗ്രഹങ്ങളുടെ എണ്ണം പരിമിതമാണ്. ഉപയോഗിച്ച ഒരു ഉപഗ്രഹം കൂട്ടിയിടി ഒഴിവാക്കുന്നതിന് 200 കി. മീറ്റ൪ ഉയരത്തിലുള്ള മറ്റൊരു ഭാഗത്തേക്ക് മാറ്റുകയെന്നത് അംഗീകരിക്കപ്പെട്ട കീഴ്വഴക്കമാണ്.
ഇത്തരം വെല്ലുവിളികൾ നേരിടുന്നതിന് ആകാശം ശുചീകരിക്കുകയെന്നതാണ് ഭാവിയിലേക്കുള്ള പരിഹാരം. വലിയ വലകൾ ഘടിപ്പിച്ച ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് ചെറു വസ്തുക്കൾ ശേഖരിച്ച് ഭൂമിയിലേക്ക് ചുഴറ്റിയെറിയുന്നു. അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ അവയെല്ലാം കത്തി ത്തീരും. ഇത് ഇന്ന് ഒരു ആശയം മാത്രമാണ്. ഇത് യാഥാ൪ഥ്യമാക്കാൻ പുതിയ സാങ്കേതിക വിദ്യകൾ ഇനിയും ആവിഷ്കരിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
