സബ്സിഡി മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വൈദ്യുതി നിരക്ക് വ൪ധിപ്പിക്കാൻ റഗുലേറ്ററി കമീഷൻ തീരുമാനിച്ച സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് സബ്സിഡി നൽകുന്നത് അടുത്തയാഴ്ചത്തെ മന്ത്രിസഭ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വൈദ്യുതിചാ൪ജ് വ൪ധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ഇപ്പോൾ അടയ്ക്കേണ്ട ബില്ലിന് ഇത് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് ആ൪ക്കും പലായനം നടത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷസമുദായക്കാ൪ കേരളത്തിൽനിന്ന് പലായനം ചെയ്യേണ്ട സ്ഥിതിയാണെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് എല്ലാവ൪ക്കും അവകാശപ്പെട്ടതാണ്. എല്ലാവ൪ക്കും പങ്കാളിത്തവുമുണ്ട്. ആ൪ക്കും അവരുടെ ആവശ്യങ്ങളും പരാതികളും വിമ൪ശങ്ങളും ഉന്നയിക്കാം. ഇതെല്ലാം സഹിഷ്ണുതയോടെ സ൪ക്കാ൪ സ്വീകരിക്കും. അവരുടെ നി൪ദേശങ്ങളെ പോസിറ്റീവായാണ് സ൪ക്കാ൪ കാണുന്നത്.
തെറ്റുണ്ടെങ്കിൽ തിരുത്തും. ഇല്ലെങ്കിൽ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കും. ഈ സഹിഷ്ണുതയാണ് യു.ഡി.എഫിനെ മറ്റു ചിലരിൽനിന്ന് വ്യത്യസ്തമാക്കുന്നത്. സഹിഷ്ണുത കൈവിടില്ല. വിമ൪ശിക്കുന്നവരോട് യു.ഡി.എഫിന് അടുപ്പമാണുള്ളത്. അവരുടെ സ്വാതന്ത്ര്യമാണ് ഉപയോഗപ്പെടുത്തുന്നത്. എൻ.എസ്.എസ് ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവരുമായി ച൪ച്ചനടത്താൻ സ൪ക്കാറിന് തുറന്ന സമീപനമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പറമ്പിക്കുളം- ആളിയാ൪ മന്ത്രിതല ച൪ച്ചയിൽ കേരളത്തിന് വീഴ്ചയുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ഇപ്പോൾ വെള്ളം കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഒന്നും കിട്ടാതിരുന്ന അവസ്ഥയിൽനിന്നാണ് ഇത്രയെങ്കിലും കിട്ടുന്നത്. മറ്റുകാര്യങ്ങളെക്കുറിച്ച് പിന്നീട് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്ത൪സംസ്ഥാന നദീജല കരാറുകളുമായി ബന്ധപ്പെട്ട ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ല. മറിച്ചുള്ള വാ൪ത്തകൾ അടിസ്ഥാനരഹിതമാണ്. അന്യസംസ്ഥാനങ്ങളിൽ പോകുന്ന മന്ത്രിമാ൪ക്ക് സൗകര്യമൊരുക്കുന്നത് അതത് സംസ്ഥാന സ൪ക്കാറുകളാണ്. ടിക്കറ്റ് എടുത്തുനൽകുന്നത് കേരള സ൪ക്കാറും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
